ഓണം ...പൂവിളികളുടെയും പൂക്കലങ്ങളുടെയും മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ..
മലയാളിയുടെ മാത്രമായ ഒരു ആഘോഷം, ആഹ്ലാദം, ആവേശം ഒപ്പം ഇത്തിരി അഹങ്കാരം കൂടി ...
...
മനസ് പിന്നോട്ട് പോയത് കുറെ നാളുകള്‍ (വര്‍ഷങ്ങള്‍ ) മുന്പെക്ക്...
സ്കൂള്‍ ഓണാവധിക്ക് അടച്ചപ്പോള്‍ ഉണ്ടാവുന്ന തിമിര്‍പ്പ് ..
പുസ്തക സഞ്ചി വലിച്ചു ഒരേറു കൊടുത്തു പറമ്പിലേക്ക് ഓട്ടം ..
മൂവാണ്ടന്‍ മാവിലേക്ക് കയറിട്ടു ഉണ്ടാക്കിയ ഊഞ്ഞാല്‍ ...
അങ്ങനെ മാവില്‍ കയറി ഇരിക്കുമ്പോളാണ് ശശി ചേട്ടന്‍ അത്ത ചമയത്തിന്റെ കാര്യം പറയുന്നത് ..
നാളെയാണ് തൃപ്പൂണ്ത്തറ അത്തചമയം എന്ന്!
സ്കൂള്‍ അവധി തുടങ്ങിയതിനാല്‍...
ഇനി പഠിക്കാന്‍ ഇത്തിരി വൈകിയാലും വഴക്ക് കേള്‍ക്കണ്ട...
അത് കൊണ്ട് അത്തച്ചമയം കാണാന്‍ പോകാം എന്ന് തന്നെ വിചാരിച്ചു...
അച്ഛനോടും അമ്മയോടും പതുക്കെ കാര്യം അവതരിപ്പിച്ചു..
അവിടന്ന് അനുവാദം കിട്ടിയപ്പോ തന്നെ തുള്ളിച്ചാടി...
നാളെ രാവിലെ തന്നെ പോകണോ അതോ ഇപ്പൊ തന്നെ പോയാലോ എന്ന് വരെ ആലോചിച്ചു ...
അത്തച്ച്ചമയത്തിനു ടാബ്ലോ പോകുന്നുണ്ടെന്ന് അറിഞ്ഞത് അന്ന് വൈകിട്ട് ആണ്. ഉടനെ അങ്ങോട്ട് ഓടി...
രാവിലെ തന്നെ അതാഗോഷം തുടങ്ങുന്നത് കൊണ്ട് തലേന്ന് തന്നെ ടാബ്ലോ ഒക്കെ ഒരുക്കി....
പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും അത്താഘോഷ വേദിയുടെ അടുത്ത് തന്നെ രാത്രിയിലെ തയ്യാറായി നില്‍ക്കാറുണ്ട് ...
ഞങ്ങളുടെ ഗ്രാമത്തിലെ വായനശാല വകയായി അന്ന് "ബാലി സുഗ്രീവ യുദ്ധം " ആയിരുന്നു ടാബ്ലോ യുടെ തീം .
കുറെ നേരം അവിടെ മേക്കപ്പ് ചെയ്യുന്ന മുറിയില്‍ പോയി നോക്കി നിന്നൂ....
ദേഹം മുഴുവന്‍ നീലം മുക്കിയ ഒരു ചേട്ടന്‍ അമ്പും വില്ലും ആയി നില്‍ക്കുന്നുണ്ട് ..
അത് .. ശ്രീരാമന്‍ തയ്യാറായി നില്‍കുകയാണ് .
വേറൊരു ആള്‍ വായില്‍ പപ്പടവും കടലാസും തിരുകി ... കവിള്‍ ഒക്കെ വീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് ..
അപ്പൊ അനില്‍ ചേട്ടന്‍ പറഞ്ഞു.. ആ നില്‍ക്കുന്നത് ബാലി ആണ് എന്ന്...
ബാലി ചേട്ടന്‍ അങ്ങനെ മസിലൊക്കെ പെരുപ്പിച്ചു നില്‍ക്കുമ്പോ
വേറൊരു ചേട്ടന്‍ കാവി മുണ്ടും ഒക്കെ ഉടുത്ത് തലമുടി ഉചിയിലാക്കി കെട്ടി വക്കുന്നു...
അത് ലക്ഷ്മണന്‍ ആയിരിക്കണമല്ലോ ...
ഇനി രണ്ടു പേര്‍ കൂടി ഉണ്ടല്ലോ ..
അതില്‍ ഒരാളെ നമ്മള്‍ ശരിക്ക് അറിയുന്നതാണല്ലോ ....
മരം വെട്ടാന്‍ വരുന്ന കുഞ്ഞേട്ടന്‍ !.. കുഞ്ഞേട്ടന്റെ വേഷം എന്താണാവോ ?
നോക്കി കൊണ്ടിരുന്നപ്പോ തന്നെ കുഞ്ഞേട്ടന്റെ ഭാവം ഒക്കെ മാറി...
വായില്‍ പപ്പടവും കടലാസും ഉള്ളത് കൊണ്ട് ചേട്ടന് മിണ്ടാന്‍ മേലാ !
എന്നാലും കണ്ണുരുട്ടി കാണിക്കുന്നുട്... കുഞ്ഞേട്ടന്റെ മേക്കപ്പ് തീര്‍ന്നു...
വാലും ഒക്കെ ഫിറ്റ് ചെയ്തപ്പോ ശരിക്കും ഒരു ഹനുമാന്‍ തന്നെ!
അല്ലെങ്കിലും വലിയ വ്യത്യാസം ഒന്നും ഇല്ലാരുന്നു !...
പിന്നെയുണ്ടായിരുന്ന ആള്‍ സുഗ്രീവന്റെ വേഷം....
ടാബ്ലോ തയ്യാറായി എല്ലാരും ലോറിയില്‍ കയറാന്‍ തുടങ്ങി ..
കാടും മരങ്ങളും ഒക്കെ പിടിപ്പിച്ചാണ് ലോറിയുടെ ഗെറ്റപ്പ്.
ശ്രീരാമനും, ലക്ഷ്മണനും, ബാലി - സുഗ്രീവ - ഹനുമാന്‍ മാരും ലോറിയുടെ പെട്ടിയിലേക്ക് കേറി.
എല്ലാരുടെയും പുറമേ ടാര്‍പായ കൊണ്ട് മൂടി... ഇല്ലെങ്കില്‍ കഷ്ടകാലത്തിനു മഴ പെയ്താലോ ?
ശ്രീരാമന്റെ നീലം എല്ലാം കലങ്ങി ഒരു വഴിയാകും ...
പിറ്റേന്ന് രാവിലെ ഞാനും അനില്‍ ചേട്ടനും അയലത്തെ മനോജ് ചേട്ടനും ബൈജുവും പിന്നെ ഉടുവും ( ബൈജുവിന്റെ അനിയന്‍ )
കൂടി ഇറങ്ങി...ഞങ്ങള്‍ മൂനും സൈക്കിള്‍ എടുത്തു കൊണ്ടാണ്...
മനോജ് ചേട്ടന്‍ എന്റെ സൈക്കിള്‍ ചവിട്ടാമെന്നും ഞാന്‍ പിന്നില്‍ കേറിയാല്‍ മതീന്നും പറഞ്ഞു...
(അല്ലെങ്കില്‍ ഞാന്‍ കുഴഞ്ഞെനെ ...)..
ഏതാണ്ട് ഏഴു മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അത്താഘോഷം നടക്കുന്ന സ്കൂള്‍ മൈതാനത്ത് എത്തി...
ഉത്ഘാടനം ഒക്കെ കഴിഞ്ഞു ടാബ്ലോകള്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും ഒന്‍പതു മണി കഴിഞ്ഞു...
ഞങ്ങള്‍ അവിടെ റോടരുകിലെ മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കേറി സ്ഥലം പിടിച്ചു ...
എല്ലാരും നോക്കുന്നത് ബാലി - സുഗ്രീവന്‍ സെറ്റപ്പ് എങ്ങനെ ഉണ്ടെന്നു കാണാന്‍ ആണ്..
അങ്ങ് ദൂരെ വളവിലൂടെ ലോറി വരുന്നത് കണ്ടപ്പോഴേക്കും ഞങ്ങള്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി ..
ദൂരം കുറച്ചേ ഉള്ളെങ്കിലും അത്രേം വരുവാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തു ...
അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി...
ഉള്ളില്‍ ഒരു ഞെട്ടല്‍ !..
ശ്രീരാമന്റെ നീലം ... ഹനുമാന്റെ കവിളില്‍ പിടിപ്പിച്ച പപ്പടം ...
എല്ലാം നനഞ്ഞു കുഴയുമല്ലോ ഭഗവാനെ ...
വായനശാലയിലെ ദാസന്‍ ചേട്ടനെ ലോറിയുടെ മുകളില്‍ കണ്ടു...
ദാസന്‍ ചേട്ടന്‍ ആക്രാന്തം കൂടി പടുത്ത വലിച്ചു കെട്ടാന്‍ നോക്കുന്നു !...
അങ്ങനെ ലോറി അനങ്ങി അനങ്ങി ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വന്നപ്പോള്‍ ...
എല്ലാം മൂടി പടുത്ത മാത്രം ഞങ്ങള്‍ക്ക് കാണാം !..
ശീ .. കഷ്ടം !..
അപ്പൊ തന്നെ കെട്ടിടത്തില്‍ നിന്നും ഇറങ്ങി താഴേക്കു ഓടി..
ആ തിരക്കിനിടക്ക് ചെരുപ്പ് എവിടെയോ പോയി...
ആള്‍ക്കൂട്ടം തിക്കി തിരക്കി നില്‍ക്കുന്നത് കൊണ്ട് ..
പലരുടെയും ചീത്ത വിളികള്‍ കേട്ടിട്ടും ഇടിച്ചു കയറി...
വലിയ ആള്‍ക്കാരുടെ ഇടയിലൂടെ ഇഴഞ്ഞും തിരിഞ്ഞും ടാബ്ലോ കാണാവുന്ന അടുത്ത് എത്തി...
അപ്പോഴേക്കും ബാലി - സുഗ്രീവന്‍ ടാബ്ലോ നീങ്ങി അടുത്ത വളവിലെത്തി..
ഒട്ടും വിടാതെ അതിന്റെ പിന്നാലെ തന്നെ ഓടി...
അങ്ങനെ നോക്കുമ്പോഴുണ്ട് ഹനുമാന്‍ ഒരു പഴം തൊലി ഒരിച്ചു തിന്നാന്‍ നോക്കുന്നു..
കുറച്ചു മാറി ലക്ഷ്മണന്‍ ചായ കുടിക്കുന്നു ...
ശ്രീരാമന്‍ എന്തോ കഴിക്കുന്നുണ്ട് ...
പാവം ബാലി മാത്രം ലോറിയുടെ തട്ടില്‍ കിടക്കുകയാണ് ..
മഴ നനയാതെ പടുത വലിച്ചു കെട്ടിയത് കൊണ്ട് നേരെ നോക്കുന്നവര്‍ക്ക് മാത്രമേ ടാബ്ലോ കാണാന്‍ പറ്റൂ....!
..................
എന്തായാലും ബാലി സുഗ്രീവ യുദ്ധം ടാബ്ലോയില്‍ ഉണ്ടായില്ലെങ്കിലും എല്ലാവരുടെയും ചമ്മല്‍ ഉണ്ടായിരുന്നു...
അന്ന് വൈകീട്ട് ലോറി തിരകെ വന്നപ്പോ വായനശാലയില്‍ ഈ വിഷയം ഒരു ചര്‍ച്ച ആയിരുന്നു !...