Monday, March 4, 2024

Read - Reading

 


കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ;

വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും. എങ്ങനെയായാലും വികൃതികൾ കുറയരുത്. 🧞🧞‍♂️🧜🏃🏃🏃

Wednesday, February 7, 2024

Daily Sketches | ദിനവരകൾ

Daily Sketches | ദിനവരകൾ 

കിളി പറന്നുവോ?

ചെവിയിൽ ചെമ്പരത്തിയോ?

വളയവും കൊളുത്തുകളും തികയാതെയോ?
ചിന്ത്യമിനിയുമിനിയും















നടക്കാനൊരു കാരണം
അലയാനൊരു വാരിധി
ഇതൊന്നുമില്ലെങ്കിലും
ചിന്തകൾക്കൊരു പഞ്ഞവുമില്ല.












എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടൊക്കെ പ്രശ്നങ്ങൾ സങ്കീർണ്ണം,
ചുമടിന്റെ ഭാരമുണ്ടോ കുറയുന്നൂ,
നടന്നിട്ടും തീരാത്ത ദൂരമിനിയും ബാക്കി!




















വയ്യാവേലി വഴിയേ വന്നു കെറും
എന്നറിയാമായിരുന്നെങ്കിൽ
പാദരക്ഷകളെടുക്കേണ്ടതായിരുന്നൂ,
ഇനിയിതൊക്കെ ചവിട്ടാതെങ്ങനെ ?


















Monday, September 25, 2023

Ghosting! ~ പ്രേതരൂപികൾ | പ്രവാസത്തിലെ അദ്ധ്യായം

 Ghosting! അഥവാ ഒഴിവാക്കൽ. 

മനുഷ്യന് ആവശ്യങ്ങൾ നിവർത്തിക്കാൻ ആരുടെ മുന്നിലും  കൈ നീട്ടുന്ന ശീലം ആദികാലം മുതലേ ഉണ്ടായിരിക്കണം.  

പരിണാമ ഗുപ്തിയിൽ മൃഗങ്ങളെ മെരുക്കി സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിക്കുവാൻ  ശീലിച്ചത് മേൽ പറഞ്ഞ കാര്യത്തിൽ സഹായമായിട്ടുണ്ടാവണം.  

സമ്പാദിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടം പലർക്കും പല രീതിയിൽ ഗുണ ദോഷ സമ്മിശ്രമായി വന്നിട്ടുണ്ട്.  ആർജിത സമ്പത്ത് പരിരക്ഷിക്കാൻ മിടുക്കുണ്ടായിരുന്നവർ തുലോം കുറച്ചു മാത്രം അദ്ധ്വാനിച്ചു സന്തോഷം കണ്ടെത്തി.  എന്നാൽ മദ്ധ്യവർഗ ജീവികൾ (സമൂഹത്തിലെ ഉന്നത കുല ജാതരോ, സാമ്പത്തിക പരാധീനരോ അല്ലാത്ത ഒരു കൂട്ടം) ആർജിത സമ്പത്ത് ഇല്ലാത്തത് കൊണ്ടും, സമ്പാദ്യമില്ലാതെ ചെലവുകൾ ഏറുന്നത് കൊണ്ടും അന്യദേശങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായ കൂട്ടത്തിലാണ്.  അങ്ങനെയൊരു മദ്ധ്യവർഗ കുടുംബത്തിൽ നിന്നും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയവരിൽ ഒരാളാണ് "പ്രതി".

വിദ്യാലയ-കലാലയ കാലത്തു പോലും ദിവസേന വീട്ടിലെത്തിയ ശേഷം മാത്രം ഉറങ്ങിയിരുന്നവൻ ഗൾഫിലെത്തിയ ശേഷം ആകെ മാറിപ്പോയെന്നാണ് നാട്ടുകാരുടെ സംസാരം.  

വാരാന്ത്യ ദിവസങ്ങളിലടക്കം മണലാരണ്യത്തിലെ ചൂടും പൊടിക്കാറ്റും കാര്യമാക്കാതെ ജോലിചെയ്യുന്നതിനിടെ പലതും മറക്കാനും ചിലതൊന്നും ഓർക്കാതിരിക്കാനും കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്.  ആകെയുണ്ടായിരുന്ന ഒരു ആനന്ദകരമായ വിനോദം അടുക്കളയിൽ ചെയ്യുന്ന യുദ്ധസമാനമായ മേളമാണ്.  പലതരം പരീക്ഷണങ്ങളും വിജയകരമായി നടത്തിയ സംതൃപ്തി കൂടെ താമസിച്ചിരുന്ന മറ്റു അവിവാഹിതരായ ചെറുപ്പക്കാരുടെ മുഖത്തും കാണാമായിരുന്നു.

നാടുവിട്ട് ബോംബെയിലേക്ക് തീവണ്ടി കയറുമ്പോൾ മനസ്സിലുറപ്പിച്ച പദ്ധതികൾക്ക്  വേണ്ട സാമ്പത്തികം സ്വരൂപിക്കുന്ന തിരക്കിനിടെ ആഴ്ചകളും മാസങ്ങളും പോയതറിഞ്ഞില്ല.  മാസാവസാനത്തെ വാരാന്ത്യത്തിൽ വീട്ടിലേക്കുള്ള ഫോൺ വിളി, അതും ചില്ലറയിട്ട് കറക്കി വിളിക്കുന്ന ഫോണിലൂടെ.  ഓരോ തവണ ഫോൺ വിളി കഴിയുന്ന മുറയ്ക് വീട്ടിലേയ്ക് പൈസ അയച്ചു കഴിയുന്നതോടെ കഷ്ടി ചെലവിനു മാത്രം ഇത്തിരി കാശു ബാക്കിവരുന്ന ദയനീയ അവസ്ഥ.   ആർത്തിയെന്നും ദൈന്യതയെന്നും തോന്നുന്ന വിധം ജോലിചെയ്യുന്നതു കണ്ട പല മേലുദ്യോഗസ്ഥരും അത്ഭുതപ്പെടുന്നത് സഹപ്രവര്‍ത്തകരുടെ അസൂയയ്കും കാരണമാവുന്നത് സ്ഥിരം സംഭവമായി.

വർഷാവസാനം അവധിക്കാലമായപ്പോൾ കൂടെ താമസിച്ചിരുന്നവർക്കാണ് കൂടുതൽ ഉൽസാഹം.  കാരണം പലരുടേയും കത്തുകളും സമ്മാനപ്പൊതികളും വീടുകളിലെത്തിക്കുന്നതും തിരികേ വരുമ്പോൾ കത്തുകളുടെ മറുപടികളും വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും കൊണ്ടുവന്ന് നൽകുന്ന ചുമതല പറയാതെ തന്നെ ഏറ്റെടുക്കുന്നത് അവധിക്ക് പോകുന്നയാളാണ്.

ആദ്യ അവധി ആയതു കൊണ്ടു പ്രത്യേക പരിഗണന ഒന്നും ഇല്ല,  പെട്ടി കെട്ടി മുപ്പത്തിരണ്ട് കിലോ കൃത്യമാക്കിയ സഹമുറിയൻമാർ.   വിമാനത്തിൽ കയറുന്നതു വരെ തിരികേ വരുന്ന കാര്യം സംശയമാണ് എന്നു പറഞ്ഞിട്ടില്ല. 

 എങ്കിലും നാട്ടിലെ എയർപോർട്ടിൽ കാത്തിരുന്ന വീട്ടുകാരെ കണ്ടപ്പോൾ തോന്നിയിരുന്ന സന്തോഷം രണ്ടു ദിവസം കൊണ്ട് തീരുമെന്ന് ഒട്ടും കരുതിയില്ല.

"എത്ര ദിവസം അവധി?"

"എന്നാ തിരികെ പോകുന്നത്?"

"ആ സ്ഥലത്തിന് അഡ്വാൻസ് കൊടുക്കണം,"

"നീ വരുമ്പോൾ കരാർ എഴുതാം എന്ന് പറഞ്ഞതാണ്."

ഇതെല്ലാം കേട്ടപ്പോൾ ഏതോ വാരിക്കുഴിയിൽ വീണ അവസ്ഥ!

ആദ്യ വർഷത്തെ അവധി കഴിഞ്ഞ മടക്കം ഇത്തിരി മാനസിക വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീടുള്ള ഓരോ വർഷങ്ങളിലും ഉണ്ടാക്കിയ ആവർത്തനം ഒരു ശീലമായി.

പിന്നീടുണ്ടായ തിരിച്ചറിവ് അപാരം.

അതായത്, 

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ പെട്ടിയിൽ നിറച്ചും നിധി ആണ്!

അത് മുഴുവനും നാട്ടിൽ ചെലവാകുന്നതുമാണ്,  അരുത് എന്ന് പറയുന്നവൻ പ്രവാസിയല്ല!

പ്രവാസിയുടെ പണം ചെലവാക്കുന്നതിന് ആരുടെയും [പ്രവാസിയുടെ പോലും] അനുവാദം വേണ്ട!  കാരണം പ്രവാസിക്ക് "ഗൃഹാതുരത്വം" മാത്രമല്ല ഹരിതാഭയും ചാറ്റൽ മഴയുമൊക്കെ മതി!

ചില സന്ദർഭങ്ങളിൽ കൂടെ നില്‍ക്കുന്ന ചില ആൾക്കാരുടെ പ്രകടനങ്ങൾ കാണുമ്പോൾ നമ്മൾ ആ പ്രദേശത്തെങ്ങുമില്ല എന്നു തോന്നും.  

അതു കൊണ്ട്,

ഇപ്പോഴത്തെ പ്രവാസിയ്ക്ക് പുതിയൊരു വൈദഗ്ധ്യം കിട്ടിയിട്ടുണ്ട്.  അപ്രത്യക്ഷനാവാനുള്ള അപാരമായ ശക്തി.  

എന്നു വച്ചാൽ,  ആര് എന്തഭിപ്രായം ചോദിച്ചാലും പ്രതികരിക്കാതിരിക്കുക.  വിലകൂടിയ മൊബൈലാണെങ്കിലും ഇന്റർനെറ്റ് ഇല്ലാത്ത സിം ആയിരിക്കണം.  ഏതെങ്കിലും "പേ" ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്ന സൂത്രം!

ചളി തമാശകളിൽ ആവശ്യത്തിലേറെ ചിരിക്കുക,  അല്ലാത്തപ്പോ ഭീകര ഗൗരവം വേണം.

പിരിവുകാരു വന്നാൽ ഘോരഘോരം പ്രഭാഷണം നടത്തുക,  അവരു വന്ന വഴി തിരികെ ഓടുന്നത് വരെ.

ഇങ്ങനെയല്ല വേണ്ടത്  എന്ന ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക,  കാരണം ഓരോ അശ്രദ്ധയും കൂടുതൽ ബാധ്യത വരുത്തുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ,  പ്രവാസിയുടെ സാന്നിധ്യം ചുറ്റുമുള്ളവർക്ക് സംശയമാത്രമായിരിക്കണം.  ദേഹത്തോടൊപ്പം ദേഹിയില്ലാത്ത അവസ്ഥ!  യഥാര്‍ത്ഥത്തിലെ പ്രേതാവസ്ഥ!

ഇംഗ്ളീഷിൽ "Ghosting!" എന്ന് പറഞ്ഞാൽ ശരിയാവുമോ?

Friday, May 19, 2023

ഒരു വർഷം കൂടി കടന്നു പോകുന്നു - 20 മെയ് 2023

 20 May 1972 ~ 20 May 2023 

ഒരു വർഷം കൂടി കടന്നു പോകുന്നു.  

അത്യധികം സംഭവങ്ങളൊന്നുമില്ലെങ്കിലും പ്രതീക്ഷിക്കാതെ പല നല്ല കാര്യങ്ങളും സാധിച്ചതും 

കൂടെ നിലക്കുന്നവരുടെ യഥാർത്ഥരൂപമേതെന്ന്  തിരിച്ചറിയാൻ കഴിഞ്ഞതും ഈ കാലത്താണ്.  


ദുബായ് - Gitex -ൽ ഒരു ദിവസം. 
 


അരവിന്ദ് ദുബായ് ലൈസൻസ് നേടി, വണ്ടി ഓടിച്ച വർഷം.

വീട്ടിലെ തെക്കേ വശത്ത് ഗ്യാലറി മേൽക്കൂര ഓടിട്ടു മേഞ്ഞു.   

ഷാർജ യിൽ മഴ - റോഡില് നിറയെ വെള്ളം. 
[ചെറിയൊരു പേടിയോടെ യാണെങ്കിലും വണ്ടി ഓടിച്ചു ] 


ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയർ സന്ദർശിച്ചു.  കുറെ കാലങ്ങള്ക്ക് ശേഷം കുറച്ചു പുസ്തകങ്ങൾ വാങ്ങി. 

ജെർമനിയിലേക്കൊരു  ഔദ്യോഗിക സന്ദർശനം.  

അജി ചേട്ടനും സീമ ചേച്ചിയും ഒപ്പം അബൂദാബി യിലെ ഹിന്ദു ക്ഷേത്ര നിർമ്മാണ സ്ഥലം സന്ദർശിച്ചു.   

ജോലി ചെയ്യുന്ന കമ്പനിയെ പ്രതിനിധാനം ചെയ്യാൻ ഒരു അവസരം - ദുബായിൽ.  
 

കൽബ കണ്ടൽ  കാടുകൾ - സന്ദർശനം 


ഔദ്യോഗിക രേഖകളിൽ ഒരു വയസ്സു കൂടി,  

മനസിൽ ഇപ്പോഴും പക്വതയില്ലാത്ത ആ കുട്ടി തന്നെ ??  

വിദ്യാലയങ്ങളിലും കലാശാലകളിലും പഠിക്കാൻ സാധിക്കാതിരുന്ന പല അറിവുകളും നേടാൻ  സഹായിച്ച എല്ലാവരോടും നന്ദിയോടെ, 

വരകളെ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാർക്കും ഒത്തിരി സ്നേഹത്തോടെ,

പ്രദീപ് ~ aka ~ PrAThI = പ്രതി 

Monday, May 8, 2023

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

അദ്ധ്യായം ഒന്ന്.

ആഴ്ച പതിപ്പിലെ ഫലിത ബിന്ദുക്കൾ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആയ പദ പ്രശ്നങ്ങൾ നോക്കി തുടങ്ങിയപ്പോളേക്കും ഒരു വിളി കേട്ടു.  "ഡാ,  ഇന്ന് നീ പാലിന്റെ പൈസ വാങ്ങിച്ചാരുന്നോ?"

സാധാരണ സ്കൂളിൽ നിന്നും വരുന്ന വഴി പാല് കൊടുക്കുന്ന പാത്രവും അന്നത്തെ പാലിന്റെ പൈസയും വാങ്ങിയാണ്  വരാറുള്ളത്.  ഇന്ന് ആഴ്ചപ്പതിപ്പ് വന്നത് രാവിലെ പത്രങ്ങളുടെ കൂടെ തന്നെ കണ്ടത് ഓർത്തു ഓടി വരികയായിരുന്നു.  കടയിൽ നിന്നും പാൽ പാത്രവും പൈസയും വാങ്ങാൻ മറന്നു.
"ഇപ്പൊ മേടിച്ചോണ്ടു വരാം" എന്നു പറഞ്ഞു ഒറ്റ ഓട്ടം.  ഗേറ്റു കടന്നു മണ്  റോഡ് വഴി കയറ്റം കയറി ബസ് സ്റ്റോപ്പിനടുത്ത ചായക്കടയിൽ എത്തി.
കണ്ടയുടനെ അവിടെ ചായ അടിച്ചു കൊണ്ടിരുന്ന ചേട്ടൻ ചോദിച്ചു.
"ഇന്നെന്തു പറ്റി ?  സാധാരണ നീ മറക്കുന്നതല്ലല്ലോ ?"

ഒന്ന് പല്ലിളിച്ചു കാണിച്ച്‌, പാലിന്റെ പൈസയും പാത്രവും വാങ്ങി തിരികെ വീട്ടിലേക്കു ഓടി.  വീട്ടിലെത്തി പാത്രം അടുക്കളവശത്തു അരകല്ലിൻതറയിൽ വച്ച് പൈസ അമ്മയെ ഏൽപിച്ചു.  വൈകുന്നേര പലഹാരവുമെടുത്ത് ഉമ്മറത്തേക്ക് ചെന്നു.  ടീപ്പോയിൽ പത്രം കിടപ്പുണ്ടായിരുന്നു.  പത്രത്തിലെ കാർട്ടൂണൊക്കെ നോക്കി.  ആഴ്ചപ്പതിപ്പ് കണ്ടില്ല.  അകത്തെ മുറിയിൽ പോയി നോക്കിയപ്പോൾ കട്ടിലിനടുത്ത വട്ട മേശമേൽ അത് നടുവേ മടക്കി ഇട്ടിരിക്കുന്നതു കണ്ടു.  രാവിലെ മുതൽ ചികഞ്ഞാലോചിച്ചിട്ടും സംശയം മാറാതിരുന്ന ചോദ്യത്തിനുത്തരം ആഴ്ചപതിപ്പിലുണ്ടാവും. 
താളുകൾ പെട്ടന്നു മറിച്ചു നോക്കി.  കഴിഞ്ഞ ആഴ്ചയിലെ പദപ്രശ്ന മൽസരത്തിന്റെ ഉത്തരങ്ങൾ കൊടുത്തിട്ടുണ്ട്.  സംശയം തോന്നിയിരുന്ന ചോദ്യത്തിന്റെ അതിൽ കൊടുത്തിരിക്കുന്ന  ഉത്തരവും എഴുതി അയച്ചിരുന്ന ഉത്തരവും ഒന്നു തന്നെയെന്നു കണ്ടപ്പോൾ വളരെ സന്തോഷം.  ബാക്കി ഉത്തരങ്ങളും ശരിയായിരുന്നു, പക്ഷെ മൽസര വിജയികളുടെ പേരുകളെല്ലാം വേറെ ആൾക്കാരുടെത്. ഇതിനു മുമ്പൊക്കെ ഏതെങ്കിലും ഒന്നോ രണ്ടോ ഉത്തരങ്ങൾ തെറ്റിയതു കൊണ്ട് വിജയിച്ചില്ല എന്ന് സമാശ്വസിച്ചിരുന്നു.  ആരൊക്കെയാണ് വിജയികൾ എന്ന് വിശദമായിത്തന്നെ നോക്കി.  ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ആൾക്കാരുടെ പേരും മേൽവിലാസവുമടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സമ്മാനങ്ങൾ അവരുടെ മേൽവിലാസങ്ങളിൽ അയച്ചിട്ടുണ്ട് എന്നും വായിച്ചു.  ഇവിടെയും കിട്ടേണ്ട സമ്മാനങ്ങൾ നേടിയ ഭാഗ്യവാൻമാരുടെ പേരും വിലാസവും എഴുതി വയ്കുകയും ചെയ്തു.
ഇതിനു മുൻപത്തെ ആഴ്ചയിലെ മൽസരവിജയിയുടെ കത്ത് ആയിരുന്നു പിന്നെ കണ്ണിലുടക്കിയത്.  ആഴ്ച പതിപ്പില്‍ നിന്നും മറുപടി കിട്ടിയതും സമ്മാനം കൈപ്പറ്റിയതും ഒക്കെ ഒരു ചെറിയ ചതുരത്തിനുള്ളില്‍ കൊടുത്തിട്ടുണ്ട്.  ഓരോ ആഴ്ചയും സമ്മാനാര്‍ഹരുടെ  പേരും മുന്നാഴ്ച്ചകളിലെതില്‍ നിന്നും വ്യത്യസ്തമായിരുന്നു.  അതായത് ഒരു തവണ വിജയിച്ചവരുടെ പേരുകള്‍ പിന്നീട് വരാറില്ല.   പ്രസാധകർ  മനപൂര്‍വം ചെയ്യുന്നതായിരിക്കും. എന്തായാലും ഉത്തരങ്ങള്‍ എല്ലാം ശരിയായിട്ടും സമ്മാനം കിട്ടാത്തതില്‍ ചെറിയൊരു വിഷമം തോന്നി.  
അങ്ങനെ ഇരിക്കുമ്പോള്‍ ഈ സമ്മാനര്‍ഹര്‍ക്ക് ഒരു അനുമോദന കത്ത് എഴുതിയാലോ എന്ന് ഒരു വെളിപാട്.  പിന്നെ അകത്തു പോയി "ഇന്‍ലന്‍റ് " ഉണ്ടോ എന്ന് നോക്കി.  സാധാരണ അച്ഛന്‍ "ഇന്‍ലന്റ് " ഒരു  കെട്ട് ആയി വാങ്ങിച്ചു വയ്കുകയാണ്  പതിവ്.  അതില്‍ എത്ര എണ്ണം ഉണ്ട് എന്ന് പോലും ഇത് വരെ നോക്കിയിട്ടില്ല.  വല്ലപ്പോഴും അമ്മ വീട്ടിലേക്കു എഴുതുന്ന കൂട്ടത്തില്‍ ഒന്നോ രണ്ടോ വരികള്‍ എഴുതും  എന്നല്ലാതെ നമ്മള്‍ക്ക് അങ്ങനത്തെ ശീലങ്ങള്‍ ഒന്നും ഇല്ലാ.  അച്ഛന്റെ ഇന്‍ലന്‍റ്   കെട്ടില്‍ നിന്നും ഒരെണ്ണം എടുത്ത് വീണ്ടും  ഇറയത്തേക്ക്  പോയി.  "മൽസരിച്ചതിൽ ഒപ്പമെത്തിയെങ്കിലും  സമ്മാനത്തിളക്കമില്ലാതെ പോയത്തിലെ അസാധാരണത്വം"  കത്തിലെ വരികളിൽ ചേർന്നു.  കത്തിന് മറുപടി കിട്ടുമോ എന്നു നിശ്ചയമില്ലായിരുന്നു എങ്കിലും ഇന്‍ലണ്ടിന് പിൻവശം റോഡരുകിലെ ചായക്കടയുടെ വിലാസം  
എഴുതി ചേർത്തു.  അടുത്ത ദിവസം സ്കൂളില് പോകുന്ന വഴി പോസ്റ്റ് ഓഫീസ് ബോക്സില് അത് ഇടുകയും ചെയ്തു. 
പിന്നെയും സ്ഥിരം പരിപാടികൾ, പദ പ്രശ്നങ്ങള് പൂരിപ്പിക്കലും കിട്ടു മുയലിന് വഴി കാണിക്കുകയും കുത്തുകൾ യോജിപ്പിക്കലും ഒക്കെയായി ആഴ്ചകൾ കടന്നുപോയി.



Monday, February 6, 2023

വാല്മീകമാകുന്ന ഒറ്റപ്പെടൽ.

Anilkumar CP ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്.

അതേ, ഇതൊരു മുന്നറിയിപ്പാണ്

https://www.facebook.com/photo?fbid=5757044674351460&set=a.1016283788427596


🙏മുറിവ് കൊണ്ട് വേദനിച്ചതു ഹൃദയത്തിലാണ്. സ്നേഹിക്കപ്പെടേണ്ടവരൊക്കെ തൊട്ടടുത്തുണ്ടെങ്കിലും കൂടുതൽ ഇഷ്ടമുള്ളവരെ കാത്തു കാത്തു വിമ്മിഷ്ടപ്പെടുന്ന വാർദ്ധക്യം ~ ആഗ്രഹങ്ങൾക്കുമപ്പുറം വിയർപ്പും സ്നേഹവും ചേർത്ത് നിർമ്മിച്ച രമ്യ ഹർമ്യങ്ങളെല്ലാം വെറും വാല്മീകമാകുന്ന ഒറ്റപ്പെടൽ. ❤️‍🔥

Thursday, January 5, 2023

കൊടുക്കുന്നതിലെ സന്തോഷം.

പ്രകൃതി നമ്മളെ ഒരു ദാതാവായി സൃഷ്ടിച്ചിട്ടുള്ളതു കൊണ്ടല്ലേ നമ്മുടെ കൈകൾ തുറന്നിരിക്കുന്നത്. അതുപോലെ നമ്മുടെ ഹൃദയവും;  പലപ്പോഴും നമ്മുടെ കൈകൾ ശൂന്യമായ സമയങ്ങളുണ്ടാകാമെങ്കിലും കിട്ടുന്നത് കൊണ്ട് നമ്മൾ ജീവിക്കും.  നമ്മൾ കൊടുക്കുന്നത് കൊണ്ട് നമ്മൾ ജീവിതം ഉണ്ടാക്കുന്നു.  കൊടുക്കുന്നതിലെ സന്തോഷം, അർത്ഥവത്തായതുപോലെ മനോഹരവും ആണ്.  സ്നേഹം നിലനിൽക്കട്ടെ. ❤ ഈ കൂട്ടായ്മയുടെ നാഥൻമാരായ നിങ്ങളെല്ലാവർക്കും അഭിനന്ദനങ്ങൾ!