Tuesday, May 18, 2021

കേരളത്തിലെ വനിതാ മന്ത്രിമാർ

 ഇതിനു മുൻപ് "സുശീല ഗോപാലൻ" (ഒമ്പതാം നിയമ സഭയിലും പത്താം നിയമ സഭയിലും ) ഉണ്ടായിരുന്നില്ലേ? 

ശ്രീമതി ടീച്ചർ ഇല്ലായിരുന്നോ (പന്ത്രണ്ടാമത്തെ  നിയമ സഭയിൽ ) ?

ഇക്കഴിഞ്ഞ നിയമസഭയിൽ മേഴ്‌സി കുട്ടിയമ്മ ഇല്ലായിരുന്നോ (ശൈലജ ടീച്ചറെ കൂടാതെ ) ?

ഒരു പാട് കാലം ഭരിച്ച കോൺഗ്രസിന് എത്ര വനിതാ മന്ത്രിമാർ ഉണ്ടായിരുന്നു?

കുസുമം ജോസഫ് (ഒരു കാലത്തു  തൊടുപുഴയിലെ അനിഷേധ്യ നേതാവ് ) പോലും മന്ത്രി ആയില്ല.  

ഏഴാം നിയമ സഭയിൽ എം കമലം മാത്രം 

ഒമ്പതാം നിയമ സഭയിൽ എം ടി പത്മ മാത്രം.

പതിനൊന്നാം നിയമസഭയിൽ കെ ആർ ഗൗരിയമ്മയെ (ഒഴിവാക്കാൻ പറ്റാത്ത രാഷ്ട്രീയ സാഹചര്യം കൊണ്ട് മാത്രം) മന്ത്രിയാക്കി.

പതിമൂന്നാം നിയമ സഭയിൽ  പി കെ ജയലക്ഷ്മിയെ മന്ത്രിയാക്കി. 

പുതിയ മന്ത്രി സഭയില് രണ്ടു വനിതാ മന്ത്രിമാർ.  

അഭിനന്ദനങ്ങൾ !  അഭിവാദ്യങ്ങൾ !

മാറ്റം എന്നും ആവശ്യം തന്നെ. ആശയ ദാരിദ്ര്യം കൊണ്ട് നമ്മൾ കണ്ണുകൾ അടച്ചു ഇരുട്ട് ആക്കാതെ ഇരുന്നാൽ മതി.

Monday, May 17, 2021

ഒരു വാരാന്ത്യ കൃത്യങ്ങൾ ~ ഭൂതകാലം ആവർത്തനമോ ?

ഭൂതകാലത്തെ ഒരു വാരാന്ത്യ കൃത്യങ്ങൾ. 

ഒരു വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ്സ് തീർന്നു   ഇറങ്ങുമ്പോൾ,  

"സ്റ്റാഫ് റൂമിലേക്ക് വിളിക്കുന്നു" എന്നു എബ്രഹാം (ലാസ്റ്റ് ഗ്രേഡ് സർവന്റ്) വന്നു പറഞ്ഞു.   

ഏത് അദ്ധ്യാപകനായിരിക്കും എന്നു ആലോചിച്ചു അവിടേക്കു നടന്നു.   

"ഈ ആഴ്ച ഒരു ക്രാഷ് കോഴ്സ് ഉണ്ട്, തനിക്ക് എന്നെ ഓണ് സഹായിക്കാമോ?" എന്നു ചോദിച്ചു കൊണ്ട് "Continuing Education Cell" ന്റെ "HOD" (മേധാവി). 

"അതിനെന്താ" എന്നു പറയുമ്പോൾ  ചെറിയൊരു സന്തോഷം,  ഇത്തിരി നേരം കൂടുതൽ  കമ്പ്യൂട്ടറുകളുമായി   ഇടപഴകാം എന്നോർത്ത്  അല്പം ആവേശവും. 

"എന്നാൽ ശരി, നാളെ രാവിലെ എട്ട് മണിക്ക് തന്നെ തുടങ്ങാം.  അതിനനുസരിച്ച് തയ്യാറായിരുന്നോളൂ.  ഏതാണ്ട്  ഇരുപതു പേര് ഇതിനകം റെജിസ്റ്റര് ചെയ്തിട്ടുണ്ട്" എന്നുപദേശിച്ച്   HOD അദ്ദേഹത്തിന്റെ സ്കൂട്ടർ വച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു.  

"തന്നെ ഹോസ്റ്റലിൽ  ഡ്രോപ്പ് ചെയ്യണോ?"  എന്ന ചോദ്യത്തിന് "വേണ്ട" എന്നു തലയാട്ടി ആംഗ്യം  നല്കി. 

പിറ്റേന്ന് രാവിലെ തന്നെ ക്ലാസ്സുകൾ തുടങ്ങി വച്ചതിന് ശേഷം HOD പുറത്തേക്ക് പോയി.  "മൊഡ്യൂൾ 2 -ന്റെ പരിശീലനമാണ്, ഒന്ന് നോക്കിക്കോളൂ .." എന്നു പറയുകയും ചെയ്തു.  ചില  വികൃതികളായ  വിദ്യാർത്ഥികൾ   അവസരം മുതലാക്കി ഇ ന്റർ നെറ്റ്  ഉപയോഗിക്കാന് ശ്രമിക്കുന്നു.  അവർക്ക് ചില സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടിയാണെന്ന വിശദീകരണവും.   ആ സംശയങ്ങൾക്കു വിശദീകരണം  ഇന്റർ നെറ്റ് ഇല്ലാതെയും നല്കാം സാധിക്കും എന്നത് വലിയൊരു അദ്ഭുതം പോലെ!  തന്നെയുമല്ല കമ്പ്യൂട്ടർ ലാബിലേക്ക് ഇന്റർ നെറ്റ് കണക്ഷൻ നല്കിയിട്ടുമില്ല.  മറ്റ് ചില അവസരങ്ങളിൽ HOD തന്നെ "ഇന്റർ നെറ്റ് ഗെയ്റ്റ് വേ / സെർവർ" ഒക്കെ വെള്ളിയാഴ്ച തന്നെ ഓഫ് ആക്കി വയ്കാറുമുണ്ട്.   

ആദ്യത്തെ ബാച്ചിന്റെ ലാബിലെ ക്ലാസ്സ് തീരത്ത് രണ്ടാമത്തെ ബാച്ചിന്നുള്ള ക്ലാസ്സ് തുടങ്ങുന്നതിനു മുന്നെയുള്ള പത്തു മിനിറ്റ് ഇടവേള.  താഴെയുള്ള സ്ഥിരം ചായക്കടയിലേക്ക് ചെന്നു.  അവിടെ വച്ച് തൊട്ടടുത്ത ബാങ്കിലെ ഉദ്യോഗസ്ഥനെ കണ്ടു.  ചിരപരിചിതരായത് കൊണ്ട്  സാധാരണ "ഹായ്" മാത്രമേ പ്രതീക്ഷിച്ചുള്ളൂ.  

പക്ഷേ അദ്ദേഹത്തിന്റെ പരിഭ്രമം കണ്ടു "എന്താ കാര്യം ?" എന്നു ചോദിച്ചു.  

ബ്രാഞ്ച് മാനേജർ നല്ലൊരു "ഏണി" അദ്ദേഹത്തിന്  ചാരി വച്ചിട്ട്  സ്ഥലം വിട്ടു.  ബാങ്ക് മാനേജര് ആഴ്ച അവസാനമായത് കൊണ്ട് ഹാഫ് ഡേ ആവും മുൻപെ   തന്നെ സ്വദേശത്തേക്കു തീവണ്ടി കയറി.  ഒരു കമ്പനി (വില്ലിങ്ടൺ ഐലന്റിലെ) ഏതോ ടെണ്ടറിന് ഗ്യാരണ്ടി ആവശ്യപ്പെട്ടിരുന്നത് തയ്യാറാക്കി ഏല്പിച്ചിട്ടാണ് പോയിരിക്കുന്നത്.  തിങ്കളാഴ്ചത്തെ ടെണ്ടറിനാണ്, പക്ഷേ ഇത് കമ്പനിയിൽ  എത്തിച്ചു കൊടുക്കാൻ ആരും ഇല്ല.  മിക്കവാറും മെസഞ്ചർമാരും പ്യൂൺമാരുമൊക്കെ തന്നെ പല വഴിക്ക് പോയിരിക്കുന്നു.  ഞായറാഴ്ച അവധിയുമാണ്.  ഇതെങ്ങനെ ഐലന്റിലെ ഓഫീസിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം.    

"കൊറിയർ കമ്പനികളെ വിളിച്ചില്ലേ" എന്നു ചോദിച്ചപ്പോൾ, "അവർക്ക് ഇനി നാളെയേ (ശനിയാഴ്ച) കളക്ഷൻ ഏർപ്പാട് ചെയ്യാൻ പറ്റുകയുള്ളൂ", അത് കൊണ്ട് ആ പ്ലാൻ നടക്കില്ല.  

ദയനീയ മുഖത്തോടെ ആ മനുഷ്യൻ ചോദിച്ചു.   "തനിക്ക് ഇതൊന്നു ആ കമ്പനിയിലെത്തിക്കാമോ?  കൊറിയറിന് കൊടുക്കുന്ന പണം ഞാന് തനിക്ക് തരാം."

അടുത്ത ലാബ് ക്ലാസ്സ് കഴിയുന്നതോടെ പ്രത്യേകിച്ച് പണികളൊന്നുമില്ലാത്തിനാൽ ഈ കാര്യം സമ്മതിച്ചു.  

"എത്തിക്കേണ്ട സ്ഥലത്തേക്കു ഒന്ന്  വിളിച്ചു പറഞ്ഞേക്കൂ, പിന്നെ കൊടുക്കേണ്ട ആപ്പീസിന്റെ വിലാസവും അവിടത്തെ ആളുടെ പേരും  ഒക്കെ പറഞ്ഞു തന്നേക്ക്.  ഒരു മണിക്കൂർ കഴിയുമ്പോലെക്ക് ഞാൻ  വരാം."  എന്നു പറഞ്ഞു അടുത്ത ക്ലാസ്സിന്റെ തയ്യാറെടുപ്പിന് പോയി. 

ആദ്യത്തെ സെഷൻ തന്നെ ഒന്ന്  കൂടി അവതരിപ്പിക്കുകയായിരുന്നത് കൊണ്ട് പ്രതേകമായി ഒന്നും ചെയ്യേണ്ടി വന്നില്ല.  ഒന്നോ രണ്ടോ സംശയരോഗികളായ വിദ്യാർത്ഥികളൊഴികെ എല്ലാവരും തന്നെ നല്ല രീതിയിൽ  പ്രാക്ടീസ് ചെയ്തു.  സംശയങ്ങൾ ചോദിച്ചവർക്ക് ബോർഡില് എഴുതിയും വരച്ചും    നോട്ടുകൾ ഉണ്ടാക്കി  കൊടുത്തു.  സെഷൻ തീർന്നപ്പോൾ  ലാബ് പൂട്ടി താക്കോൽ HOD - യുടെ മുറിയില് എത്തിച്ചു.  സ്റ്റാഫ് റൂമിൽ   ചെന്നു സീനിയർ ക്ലാർക്കിനോട്  വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈമാറി  പുറത്തേക്കിറങ്ങി.   ഇനി ബാങ്കിൽ പോകണം. 

നേരത്തെ കണ്ട ഉദ്യോഗസ്ഥൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.  ഒരു കവറില് എല്ലാം ഭദ്രമാക്കി പേരും വിലാസവും എല്ലാം എഴുതി തിരിച്ചു വാങ്ങുവാനുള്ള രശീതും ഉൾപ്പെടെയാണ് തരുന്നത്.  

"ഇത് അവിടെ എത്തിച്ചിട്ടു നീ എന്റെ ഓഫീസിലേക്ക് ഒന്ന് വിളിക്കണം.  ഈ എഴുതിയിരിക്കുന്ന അയാളുടെ അടുത്ത് പറഞ്ഞാൽ മതി, അയാൾ ഫോൺ ഡയല് ചെയ്തു തരും" ഇങ്ങനെ പറഞ്ഞു കൊണ്ട് ആ ഉദ്യോഗസ്ഥൻ പണം എന്റെ പോക്കറ്റിലേക്ക് വച്ച് തന്നു. 

"ഇനി ഇത് ആ കമ്പനിയിൽ കിട്ടി എന്നറിഞ്ഞിട്ട് വേണം എനിക്കും പോകാൻ ~ കൊല്ലത്തേക്ക്".    തലയും കുലുക്കി അവിടന്ന് നേരെ നടന്നത് എറണാകുളം ബോട്ട് ജെട്ടിയിലേക്കാണ്.  അമ്പതു പൈസ ടിക്കറ്റ് എടുത്ത് "എമ്പാർക്കേഷൻ"  ജെട്ടിയിലേക്കുള്ള ബോട്ടിലേക്ക്  കയറി.   ഓരോ പത്ത് മിനിറ്റിലും ബോട്ട് പോകുന്നത് കൊണ്ടും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരനായത് കൊണ്ടും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായില്ല.  

എമ്പാർക്കേഷൻ ജെട്ടിയിൽ ഇറങ്ങി വിലാസത്തിൽ പറഞ്ഞിരിക്കുന്ന കമ്പനിയുടെ ഓഫീസിലേക്ക്  നടന്നു.  റോഡരുകിൽ  വലിയൊരു ഗേറ്റിന് പുറത്ത് ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ആ ഓഫീസ് കണ്ടു പിടിക്കാൻ എളുപ്പമായിരുന്നു.  

സെക്യൂരിറ്റി ജീവനക്കാരനെ കവറിനു പുറത്തു എഴുതിയ അയാളുടെ പേരും വിവരങ്ങളും പറഞ്ഞപ്പോൾ, ഇന്റർ കോമിലൂടെ അയാൾ  ആരോടൊ സംസാരിച്ചിട്ടു എന്നോടു അകത്തേക്ക് പൊയ്കോളാൻ പറഞ്ഞു.  "ഗോവണി കയറിച്ചെല്ലുമ്പോൾ   ഒന്നാം നിലയിൽ വലതു ഭാഗത്തു രണ്ടാമത്തെ ഓഫീസിലേക്ക് ചെല്ലൂ" എന്നൊരു നിർദ്ദേശവും.   

അവിടെ ഓഫീസിൽ എല്ലാവരും തിരക്കിട്ട് ഓരോന്ന് ചെയ്യുന്നു.   ഈ കവറിലുള്ള  രേഖകൾ  പ്രതീക്ഷിച്ചു കൊണ്ട് തന്നെ അവിടെ ഒരാൾ (ബാങ്ക് ഉദ്യോഗസ്ഥൻ  കവറിൽ എഴുതിയ വിലാസക്കാരൻ)  ഇരിക്കുന്നുണ്ടായിരുന്നു.  വേഗം കവറും വാങ്ങി രസീതിൽ ഒപ്പിട്ടു സീലും വച്ച് തിരികെ തന്നു.   സാറിനെ ഒന്ന് വിളിച്ചു പറയണമായിരുന്നു  എന്നു സൂചിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം തന്റെ മേശയിലെ  ഫോണിൽ നിന്നും കറക്കി വിളിച്ചു സംസാരിച്ചതിന് ശേഷം റിസീവർ  ക യ്യിലേക്ക് തന്നു.   

"അങ്ങേർക്ക് നിങ്ങളോടെന്നതോ പറയാന്നുണ്ടെന്ന്!"

ഫോൺ കയ്യിൽ വാങ്ങി ചെവിയിലേക്ക് വച്ചു.  

"വലിയ ഉപകാരം.  ആ രസീത് ഭദ്രമായി സൂക്ഷിച്ചു തിങ്കളാഴ്ച എനിക്കു തരണേ.. " എന്നായിരുന്നു അങ്ങേത്തലയിൽ  നിന്നും പറഞ്ഞത്.  

വിചാരിച്ചതിനെക്കാൾ വേഗത്തിൽ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷം  അദ്ദേഹത്തിന്റെ  വാക്കുകളിൽ  നിന്നും വ്യക്തമായിരുന്നു.   പുള്ളിക്കാരൻ അപ്പോൾ തന്നെ കൊല്ലത്തേക്കുള്ള  തീവണ്ടി പിടിക്കാൻ ഇറങ്ങിയിരിക്കണം എന്നു തോന്നി, കുടുംബത്തെ കാണാൻ ആ മനുഷ്യന്റെ മനസ് തുള്ളിച്ചാടുന്നുണ്ടാവണം.  

ഇനി തിരികെ ക്ലാസിലേക്ക് ചെല്ലണം.  വന്ന അതേ വഴികളിലൂടെ തന്നെ മടക്ക യാത്ര.  ബസിൽ  കയറിയും യാത്ര ആവാം.  പക്ഷേ ഒരു ഭാഗത്തേക്ക് തന്നെ ഒരു മണിക്കൂറിലേറെ  സമയ നഷ്ടമാണ് എന്നതും കായലിലെ യാത്രയുടെ  ഭംഗിയും സൌന്ദര്യവും  അതിനില്ലാത്തത് കൊണ്ടും ബോട്ടിൽ തന്നെ തിരികെ പോന്നു.  വീണ്ടും ക്ലാസ്സിലേക്ക് ചെന്നപ്പോള് രണ്ടര മൂന്നു മണിയായിക്കാണും. 

 ഹോസ്റ്റലിലെ സഹപാഠികൾ പലരും അവരവരുടെ വീടുകളിലേക്കു പോകുന്ന കാര്യം ചര്ച്ച ചെയ്യുന്നു.  കൂടെ ഉണ്ടായിരുന്ന ജൂനിയെർസിലെ ഒരു കുട്ടി വിമ്മിഷ്ടപ്പെട്ടു നിൽക്കുന്നു.   

"എന്തെഡോ 'ഗമ്മ'ണിരിക്കുന്നേ?" എന്നു ചോദിച്ചു. 

"വീട്ടില് നിന്നും മണി ഓർഡർ വന്നില്ല.  അത് കൊണ്ട് കയ്യിലുള്ള പണം പരീക്ഷ ഫീസ് അടയ്ക്കാൻ മാത്രേ തികയൂ.  പിന്നെ വീട്ടിൽ പോകാൻ പറ്റില്ല.  ഹോസ്റ്റലിൽ തന്നെ ഞാൻ  ഒറ്റയക് ആവും, ബാക്കിയെല്ലാരും ഈ ആഴ്ച അവരവരുടെ വീടുകളില് പോകുവാ." -  കണ്ണുകൾ നിറയുന്നത് മറ്റാരും  കാണാതിരിക്കാൻ ആ കുട്ടി ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. 

കൈകൾ പോക്കറ്റിലേക്ക് നീങ്ങി.  ബാങ്ക് ഉദ്യോഗസ്ഥൻ തന്ന പണം അതേ പടി  ഇരിപ്പുണ്ട്.  

"ഇത് മതിയാവുമോ?" എന്നു ചോദിച്ചു കൊണ്ട് അത് മുഴുവൻ  ആ കുട്ടിയുടെ കയ്യിൽ കൊടുത്തു.  

വിടർന്ന  കണ്ണുകളോടെ അതും വാങ്ങി ഫീസ് അടയകുന്ന കൌണ്ടറിലേക്ക് ഒടുന്നതിനിടെ അവൾ പറയുന്നുണ്ടായിരുന്നു "ചേട്ടാ, ഞാനിപ്പോ വരാം.  ബസ് സ്റ്റാന്റിലേക്ക് ഞാനും വരുന്നുണ്ട് ട്ടോ.. ,". 

കോളേജിലേക്ക് ദിവസേന വീട്ടിൽ നിന്നും വന്നു പോകുന്നവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു സന്തോഷം ആ കുട്ടിയുടെ ഭാവങ്ങളിലുണ്ടായിരുന്നു. 

ക്ലാസില് നിന്നും പുസ്തക സഞ്ചിയും എടുത്തു ബാക്കി കുട്ടികൾ വരാൻ കാത്തു നില്ക്കുമ്പോഴേക്കും തോല് സഞ്ചിയുമായി ആ കുട്ടിയും എത്തി. 

കലപില കൂട്ടമായി ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ പറയുന്ന ഓരോ കാര്യങ്ങളും ചെയ്തു തീർക്കാൻ  വരുന്ന അവധിക്കാലം തികയുമോ എന്ന സംശയം ബാക്കി.