Thursday, December 31, 2015

2015 പടിയിറങ്ങുമ്പോള്‍

2015 അടുത്ത വര്‍ഷത്തിനു വേണ്ടി വഴി മാറുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ തീരുമാനങ്ങള്‍ എടുത്തതും,
അവയില്‍ അബദ്ധമായവയും,
തിരിച്ചു പണി കിട്ടിയവയും ആയി ഏറെ!

കഴിഞ്ഞ വര്‍ഷത്തില്‍ ബിസിനസ്  അത്ര നല്ലതല്ല എന്ന കാരണം പറഞ്ഞു
കമ്പനി വക ചെലവു ചുരുക്കല്‍ സൂത്രവാക്യങ്ങള്‍.

കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അവധി ദിനങ്ങള്‍ അറിയിച്ചപ്പോ തന്നെ
ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ആക്രാന്തം കാണിച്ചു.
പിന്നെ നോക്കിയപ്പോ അവധി കഴിഞ്ഞു വരവ് ഓണ സമയം തന്നെ.
ഒന്നാലോചിച്ചാല്‍ ഗള്‍ഫില്‍ തെണ്ടാന്‍ തുടങ്ങിയതിനു ശേഷം
നാട്ടിലെ ഓണം ടീ വീ യില്‍ മാത്രം കണ്ടു ശീലിച്ചു.
എണ്ണി നോക്കിയപ്പോ ഇരുപതു കൊല്ലം ഓണം പ്രവാസത്തില്‍!
അങ്ങനെ ടിക്കറ്റ്‌ ഒന്ന് കൂടി മാറ്റി, കമ്പനിയിലെ സെക്രടറിക്ക് നന്ദി.
പക്ഷെ അത് പീ ആര്‍ ഓ അറിഞ്ഞതോടെ കോലാഹലം.  

ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ബന്ധുവിനെ കയറ്റിയതിനു മുതലാളിയുടെ വക സാരോപദേശം.
ആ ബന്ധുവിന്റെ വിക്രിയകള്‍ കൊണ്ടു വയ്യാവേലി പോലെ വന്നപ്പോ
പീ ആര്‍ ഓ ഇടപെട്ടു അവനെ നാട് കടത്തിയത് കഴിഞ്ഞ വര്‍ഷം.
ഈ വര്‍ഷാദ്യം കേട്ട വിവരം ടി ബന്ധുവിന്റെ അപകടവും
അതിനെ തുടര്‍ന്നു ദയനീയമായ മരണവും.  
- പരേതന്റെ ആത്മ ശാന്തിക്ക്  പ്രാര്‍ത്ഥന ഒപ്പം രണ്ടു  തുള്ളി കണ്ണുനീര്‍.

ഈ വര്‍ഷത്തിലെ അവധി മുപ്പത്തഞ്ചു ദിവസം.
പീ ആര്‍ ഓ യുടെ ചീത്ത കേട്ടാലും സാരമില്ല.

പഠിച്ചിരുന്ന സ്കൂളില്‍ പോകാന്‍ സാധിച്ചു (നോസ്ടാല്‍ജിയ).
അവധിക്കു വരുന്ന കാര്യം സംസാരിക്കുമ്പോള്‍ തന്നെ
ഇത് അച്ഛനോട്  സൂചിപ്പിച്ചിരുന്നു.
സ്കൂളിന്റെ ഹെഡ് മിസ്ട്രസിന്  സന്തോഷം ആയിരുന്നു.
പൂര്‍വ കാല വിദ്യാര്‍ഥികളെ സ്കൂളിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍
പ്രേരിപ്പിക്കുകയും ചെയ്തു.
അങ്ങനെ ചെറിയ രീതിയില്‍ ഒരു തിരച്ചില്‍ നടത്തി.
സഹപാഠികള്‍ ചിലര്‍ ഉദാരമായി സംഭാവനകള്‍ നല്‍കി.
രണ്ടു കമ്പ്യൂട്ടര്‍ സെറ്റ് സ്കൂളിലേക്ക് നല്‍കാന്‍ സാധിച്ചു.

അത് പോലെ തന്നെ മറ്റൊരു സംഭവം,
മാതാ പിതാക്കളുടെ തറവാട്ട് സ്ഥലത്തിനടുത്ത്
ഒരു  അനാഥ മന്ദിരം സന്ദര്‍ശിക്കാനും കഴിഞ്ഞു.
ഞങ്ങളുടെ കുട്ടികളെ കൂടെ കൂട്ടിയിരുന്നു.
സ്വാതന്ത്ര്യ ദിനം ആയിരുന്നു അന്ന്.
കുറെ മിട്ടായി വാങ്ങിയിരുന്നത്
അവിടത്തെ അന്തെവാസ്സികള്‍ക്കായി നല്‍കി.
ചെന്നത് ഉച്ച സമയത്തായിരുന്നത് കൊണ്ടു
അവിടത്തെ ആളുകള്‍ക്ക്  ഭക്ഷണം നല്‍കുന്നതിലും പങ്കു ചേര്‍ന്നു.
അന്ന ദാന ത്തിനു ഒരു ചെറിയ തുക ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതിനു ശേഷം ആയിരുന്നു അത്തം.
പൂക്കളം ഉണ്ടാക്കിയില്ലെങ്കിലും
ഓണ ത്തപ്പനെയും ത്രിക്കാക്കരയപ്പനെയും
കളിമണ്ണില്‍ ഉണ്ടാക്കി.
കാലങ്ങള്‍ മുന്‍പ് ചെയ്തിരുന്ന ഓര്‍മ പുതുക്കി.
ഉത്രാടം വാമഭാഗത്തിന്റെ വീട്ടിലും,
ഓണം തറവാട്ടിലും ആയി ആഘോഷം.
അടുത്ത ദിവസം തരിച്ചു പ്രവാസത്തില്‍ ഭൂമിയിലേക്കും.
 
ചെലവു ചുരുക്കലിന്റെ ഭാഗമായി
പെട്രോള്‍ ഉപഭോഗം കുറച്ചു  ആവാം എന്ന് ഒരു ആലോചന.
കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല.
മൂന്നര ലിറ്റര്‍ എസ്‌ യൂ വി - സോള്‍ഡ് !!!!
മാറ്റം ചെറിയ ഒരു മാതിരി വണ്ടിയിലേക്ക്.
പക്ഷെ പേര്  (ഏക്കോ സ്പോര്‍ട്ട് ) അടി പൊളി !

വരകളുടെ ലോകം ഡിജിറ്റല്‍ ആയതു
സംസംഗ് നോട്ട് - ത്രീ  വന്നപ്പോള്‍.
വരഞ്ഞു വരഞ്ഞു അതിനു പ്രാന്തായി.
ടച് സ്ക്രീന്‍ മൊത്തം ബ്ലാങ്ക് !
റിപ്പയര്‍ ചെയാന്‍ നോക്കിയപ്പോ
വാറണ്ടി തീര്‍ന്നിരിക്കുന്നു.
എന്നാലും ഒന്നന്വേഷിക്കൂ എന്ന് മൊബൈല്‍ കടയിലെ  ബങ്കാളി യോട്.  
 അവന്‍ അന്വേഷിച്ചു പിടിച്ചു അഞ്ഞൂറ് ദിര്‍ഹം ആവും എന്ന് ,
എന്നാല്‍ അത്  റിപയര്‍ ചെയ്തിട്ട് ആര്‍ക്കേലും കൊടുക്കാം എന്നൊരു സഹായം കൂടി.
അങ്ങനെ മൊബൈല്‍ മേടിക്കാന്‍ ചെലവായതും "ഗോവിന്ദാ"
റിപ്പയറും വില്പനയും എല്ലാം കൂടി നീ എടുത്തോ എന്ന് കേട്ടപ്പോ
ബങ്കാളിക്ക് തന്തോയം !

അങ്ങനെ വര വീണ്ടും പെന്‍സില്‍ കൊണ്ടു തുടര്‍ന്നു.
ഫേസ് ബുക്കിലെ ആല്‍ബം (വരകള്‍ മാത്രം) രണ്ടാമതും  ആയിരം  കടന്നു!.
സന്തോഷം!

കിട്ടിയതിനെല്ലാം നന്ദിയോടെ,
ഇനി പുതിയ വര്‍ഷത്തിലെ
അത്ഭുതങ്ങള്‍ കാത്ത്,
എല്ലാ സുഹൃത്തുക്കള്‍ക്കും
2016 നവ വത്സര ആശംസകളോടെ!
--- :: പ്രതി :: ---Sunday, November 15, 2015

എന്റെ "മതം"

എന്റെ "മതം"  എന്റെ അഭിപ്രായം  ആണ്.  അതു പറയുമ്പോൾ അസഹിഷ്ണരാവുന്ന സമൂഹത്തിന്റെ മതം ഞാൻ എന്തിന് ശ്രദ്ധിക്കണം?

Sunday, October 4, 2015

സൂര്യനുദിക്കുന്നത് എവിടെ ?

അച്ഛാ അച്ഛാ ... സൂര്യനുദിക്കുന്നത്  എവിടെയാന്നറിയാവോ ?ഇല്ലാ ..

From 2014-12-24


വല്ല്യെചീടെ വീടിന്റെ ബാല്‍ക്കണീല് !

Sunday, September 13, 2015

സ്കൂളില്‍ നിന്നും കോളെജിലേക്ക് - ബസില്‍ ..


സ്കൂളില്‍ നിന്നും കോളെജിലേക്ക് - ബസില്‍.

സ്കൂൾ പഠനം തീരുന്ന പത്താം ക്ലാസ് പരീക്ഷ ഒരു പീഡനം ആയിരുന്ന കാലം.
എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഒരു പരിഭ്രമം പരീക്ഷ എഴുതുമ്പോള്‍ ഉണ്ടായിരുന്നു.  വല്യ മോശമല്ലാത്ത പരീക്ഷാഫലം വരുകയും ചെയ്തു. അത് കൊണ്ടു തന്നെ പട്ടണത്തിലെ സര്‍ക്കാര്‍ വക കലാലയത്തില്‍ പ്രവേശനം ഉറപ്പായിരുന്നു.
സര്‍ക്കാര്‍വകയായത് കൊണ്ടു പഠനത്തിലുപരിയായി കലാ സാംസ്കാരിക മേഖലകളില്‍ പങ്കെടുക്കാന്‍ സാഹചര്യം കിട്ടുമായിരുന്നു എന്നൊരു സന്തോഷം.

പക്ഷെ വീട്ടുകാര്‍ക്ക് (മാതാ പിതാക്കള്‍ക്ക് ) അലോസരം ഉണ്ടാക്കിയത്  വേറൊന്നാണ്.  പട്ടണത്തിലെ സാഹചര്യങ്ങള്‍ കൊണ്ടു സാമൂഹ്യവിരുദ്ധരുടെ വിഹാരം കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയ പല വിവരങ്ങളും നിത്യേന കേള്‍ക്കുന്നത് അതേ കലാശാലയില്‍ നിന്നു തന്നെ !..
അങ്ങനെയുള്ള കോളെജിലേക്ക് ചെക്കനെ അയക്കണ്ടാ....
ക്രൈസ്തവ സഭയുടെ കീഴിലുള്ള മറ്റു കലാലയങ്ങളില്‍ പോകാമല്ലോ ...
പ്രവേശന അപേക്ഷ വാങ്ങി വരാന്‍ അയലത്തെ പയ്യനോട് പറഞ്ഞിട്ടുണ്ട്...
ഉപദേശങ്ങളുടെ ഘോഷയാത്ര !

സ്കൂള്‍ പരീക്ഷ എഴുതിയ സുഹൃത്തുക്കള്‍ ഒന്ന് രണ്ടു പേരുമായി ചേര്‍ന്ന്  പട്ടണത്തിലെ കോളെജിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.  അപേക്ഷ വാങ്ങി വരാം എന്ന്  പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്‌.  അങ്ങനെ നാലഞ്ചു പയ്യന്മാര്‍ ഒന്നിച്ചു ബസ്  സ്റ്റോപ്പില്‍ തന്നെഒത്തു കൂടി.  കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിന്റെ ചേട്ടന്‍ ഇതേ കോളേജില്‍ ബിരുദാനന്തര പഠനത്തില്‍ ചേര്‍ന്നിരുന്നു.  ഞങ്ങളുടെ സ്കൂളിനടുത്ത് ബസുകള്‍ നിര്‍ത്തി പട്ടണത്തിലേക്ക് തിരികെ പോകുന്നുണ്ട്.  അത് കൊണ്ടു എല്ലാ ബസുകളിലും ഇഷ്ടം പോലെ സീറ്റുകള്‍ ഉണ്ടാവും.  ഞങ്ങള്‍ അഞ്ചു പേരും കൂടി ഏറ്റവും പിന്നിലെ സീറ്റില്‍ തന്നെ ഇരിപ്പ് പിടിച്ചു.  കണ്ടക്ടര്‍ ഒരു വശത്ത് നിന്നും  ടിക്കറ്റ്‌ നല്‍കാന്‍ തുടങ്ങി.  കോളേജിന്റെ പേര് ചോദിച്ചപ്പോ തന്നെ കൊടുക്കേണ്ട ചില്ലറ എടുത്തു പിടിച്ചിരുന്നു.  കൂടുതല്‍ ചോദ്യങ്ങള്‍  ഒന്നുമില്ലാതെ കണ്ടക്ടര്‍ അദ്ദേഹം ടിക്കറ്റ്‌ നല്‍കി.  "എസ്. ടി." ആനുകൂല്യം ആദ്യമായി ലഭിച്ച ബസ് യാത്ര!...

ഓരോ സ്റ്റോപ്പ്‌ കഴിയുമ്പോഴും യാത്രക്കാരുടെ തിരക്ക് കൂടി വന്നു. ചിലര്‍ അവരുടെ കയ്യിലെ ബാഗുകള്‍ പിടിക്കാമോ എന്ന് ചോദിച്ചു.  സീറ്റില്‍ ഇരിക്കുന്നതു കൊണ്ടു കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നിയില്ല.  അവരില്‍ ചിലര്‍ പട്ടണത്തിലെ പ്രധാന സ്ഥലമായ കപ്പല്‍ നിര്‍മ്മാണ ശാലയുടെ സ്റ്റോപ്പ്‌ ആയപ്പോള്‍ തന്നെ ഇറങ്ങി.  മറ്റു ചിലര്‍ അതിനു ശേഷമുള്ള സ്റൊപ്പിലും.
ഇനിയുള്ള സ്റൊപ്പ് ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ച കോളേജില്‍ പോകാനുള്ളതാണ്.  ഞങ്ങളെ പോലെ ഒരുപാട് കുട്ടികള്‍ അപേക്ഷ വാങ്ങാന്‍ എത്തിയിട്ടുണ്ട്.  എല്ലാ വര്‍ഷവും സ്ഥിരമായ കാര്യമായത് കൊണ്ടു തന്നെ കോളേജില്‍ പ്രത്യേകിച്ചൊന്നും അന്വേഷിക്കേണ്ടി വന്നില്ല.  അപേക്ഷാ ഫോം ലഭിക്കുന്ന  ആഫീസിലെ ക്യൂ-വിനു പിന്നില്‍ ഞങ്ങള്‍ നിന്നു.  ഏതാണ്ട് പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൌണ്ടര്‍ -നു മുന്നിലായി.  അഞ്ചു പേരും അപേക്ഷാ ഫോമും പ്രോസ്പെക്ടസും വാങ്ങി.  അത് പൂരിപ്പിച്ചു തിരികെ കൊടുക്കേണ്ട ദിവസം എല്ലാം നോക്കി വച്ചു.  
 ഈ കലാലയത്തില്‍ പഠിച്ചിട്ടുള്ള ഒരുപാടു പ്രമുഖരുടെ പേരുകള്‍ മനസ്സില്‍ ഓടിയെത്തി.  ഞങ്ങളുടെ സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ ഉള്‍പ്പെടെ ഒത്തിരി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പഠിച്ചിറങ്ങിയ പ്രശസ്തി ഈ കോളെജിനു ഉണ്ട് എന്നതൊരു അഭിമാനം.  ഇവിടെ പ്രവേശനം ലഭിചെചങ്കില്‍ എന്ന് മനസ്സില്‍ ശരിക്കും പ്രാര്‍ത്‌ഥിച്ചു.

ഇനി അടുത്ത കൊളെജിലെക്കും പോവാം എന്ന് കൂട്ടത്തിലൊരുവന്‍.  എന്നാല്‍ പോയേക്കാം എന്ന് ബാക്കി എല്ലാരും.  അവിടന്നു നടപ്പ് തുടങ്ങി.  രണ്ടു കിലോമീറ്ററോളം നടന്നപ്പോ രണ്ടാമത്തെ കൊളെജിനടുത്ത്  എത്തി.  അവിടന്നും ഇതേ പോലെ തന്നെ ക്യൂ നിന്ന് അപേക്ഷ വാങ്ങി.  പിന്നെയുള്ളോരു കൊളേജിലേക്ക് നടപ്പ് ഇത്തിരി കൂടുതലാണ്.  അത് കൊണ്ടു ബസില്‍ കയറാം എന്ന് തീരുമാനിച്ചു.   ചുവന്ന ബസുകള്‍ (സിറ്റി സര്‍വീസ്) ഒരുപാടു ഉണ്ട്.  കോളേജിന്റെ സ്റ്റോപ്പില്‍ എല്ലാം നിര്‍ത്തുന്നുമുണ്ട്.  ഇറങ്ങേണ്ട സ്റ്റോപ്പ്‌ ഒന്നും പറയാതെ ചില്ലറ കൊടുത്തപ്പോ തന്നെ ടിക്കറ്റ്‌ കീറി തന്ന നല്ല കണ്ടക്ടര്‍!  ബസില്‍ കുറച്ചു സീറ്റുകള്‍ കാലിയായിരുന്നെങ്കിലും ഇരിക്കാതെ കമ്പിയില്‍ തൂങ്ങി നിന്നു.  ബസിന്റെ ക്ലീനര്‍ (പിന്‍ വാതിലില്‍ നില്‍ക്കുന്ന കിളി)  വിളിച്ചു സീറ്റിലിരിക്കാന്‍ പറഞ്ഞു.  ആദ്യമായി പട്ടണം കാണുന്നതിന്റെ സന്തോഷം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.  രണ്ടാമത്തെ കോളേജ് ആയപ്പോ ക്ലീനര്‍ വിളിച്ചു.  ഞങ്ങള്‍ അവിടെ ഇറങ്ങി കോളെജിലേക്ക്  നടന്നു.  ആ കോളേജില്‍ ആഫീസിന് മുന്നിലെ വരാന്തയില്‍ കൂടെ ഒരു പള്ളീലച്ചന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.  അങ്ങേരെ ഭയന്നിട്ടാവണം ആ വരാന്തയിലോ സമീപത്തോ വിദ്യാര്‍ഥികളെ എങ്ങും കണ്ടില്ല.  ഞങ്ങള്‍  ചെറിയൊരു പേടിയോടെ അദ്ദേഹത്തിന്  മുന്നിലൂടെ അപേക്ഷ ഫോം നല്‍കുന്ന ഓഫീസിനു മുന്നിലെ കൌന്ടരിലേക്ക് നീങ്ങി. അത് കണ്ടിട്ടാവണം അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. 
"നിങ്ങള്‍ഏതു സ്കൂളില്‍ നിന്നും വരുന്നു ? " ഘനമുള്ള ശബ്ദത്തില്‍ ഒരു ചോദ്യം.
 സ്കൂളിന്റെ പേര് പറഞ്ഞപ്പോ അദ്ദേഹം ചിരിച്ചു,  അപേക്ഷ നല്‍കുന്ന കൌണ്ടര്‍ ചൂണ്ടി കാണിച്ചു "അവിടന്നു ഫോം വാങ്ങിച്ചോളൂ " എന്ന് പറഞ്ഞു.

അപേക്ഷാ ഫോം ഒക്കെ കിട്ടി കഴിഞ്ഞപ്പോ ഏതാണ്ട് ഒരു മണി ആയി.  വിശപ്പ്‌ കയറി ത്തുടങ്ങി.  ചോറ്റുപാത്രം എടുക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ ഇത്രയും കരുതിയില്ല. 
എല്ലാവരും കയ്യിലൊരു ബുക്ക് മാത്രമേ എടുത്തിട്ടുള്ളൂ.  ഇനിയെന്തായാലും തിരിച്ചു പോകാം എന്ന് തീരുമാനിച്ചു.  വീണ്ടും വേറൊരു ബസില്‍ കേറി പട്ടണത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിനടുത്ത് ഇറങ്ങി.  രാവിലെ വന്ന ബസു തന്നെ അതിന്റെ അടുത്ത ട്രിപ്പ്‌ കഴിഞ്ഞു തിരികെ പോകുന്നത് ഞങ്ങള്‍ ആദ്യം ഇറങ്ങിയ സര്‍കാര്‍ കലാലയത്തിന്റെ മുന്നില്‍ കൂടി വന്നു ഇതേ വ്യാപാര കേന്ദ്രത്തിനു മുന്നിലൂടെ ആണ്.  റോഡ്‌ ക്രോസ് ചെയ്തു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ഒരു ബസു പോയി കഴിഞ്ഞിരുന്നു.  കുറച്ചു നേരം നിന്നപ്പോ ഞങ്ങള്‍ രാവിലെ കയറിയ ബസും എത്തി.  എല്ലാറം കൂടി ബസില്‍ കയറി.  ഉച്ച സമയം ആയതു കൊണ്ടു ബസില്‍ തിരക്ക് കുറവാണ്.  ഞങ്ങള്‍ അഞ്ചു പേരും ബസിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിപ്പ് പിടിച്ചു.  ഏതാണ്ട് ഒരു മണിക്കൂര്‍ ആവുമ്പോഴേക്കും ഞങ്ങളുടെ ഗ്രാമം അടുക്കാറായി.  ബസിലുള്ള യാത്രക്കാര്‍ ഒക്കെ ഇറങ്ങി.  ഇനി ഞങ്ങള്‍ അഞ്ചു കുട്ടികള്‍ മാത്രം.  ബസ് വീണ്ടും യാത്ര തുടര്‍ന്നു.  പത്തു മിനിട്ടുകള്‍ കൂടി കഴിഞ്ഞപ്പോ ഞങ്ങളുടെ സ്കൂളിനടുത്ത സ്റ്റോപ്പില്‍ ബസു നിര്‍ത്തി.  ഇനി അടുത്ത കവലയില്‍ പോയി തിരിച്ചു സ്റൊപ്പിലേക്ക് വരുകയാണ് സാധാരണ പതിവ്. 

ഞാനും എന്റെ വീട്ടിനടുത്തുള്ള ചങ്ങാതിയും പതുക്കെ ക്ലീനര്‍ ചെട്ടനോടു ചോദിച്ചു,
"ചേട്ടാ, ഞങ്ങള്‍ ബസ് തിരിക്കുന്ന കവലയില്‍ ഇറങ്ങിക്കോട്ടേ ? " ഒരു ചിരിയോടെ ക്ലീനര്‍ വീണ്ടും ഡബിള്‍ ബെല്‍ അടിച്ചു.  ബസ് തിരിച്ചു പോരുന്ന സമയം ഞങ്ങള്‍ക്ക് ഇറങ്ങാന്‍ കുറച്ചു നേരം നിര്‍ത്തി തന്നു. ഞങ്ങള്‍  രണ്ടാളും ചാടിയിറങ്ങി.
കയ്യില്‍ നിറയെ അപേക്ഷാ ഫോമുമായി വീട്ടിലേക്കു.
   
വീട്ടിനടുത്ത് എത്താറായപ്പഴെ ഞാന്‍ ഗേറ്റിനരുകില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.  വിചാരിച്ചത് പോലെ തന്നെ അമ്മ വഴിയിലേക്ക് നോക്കി തന്നെ നില്കുന്നുണ്ടായിരുന്നു. 
"എന്തെ ഇത്രേം വൈകും എന്ന് പറയാഞ്ഞേ ? ചോറ് തന്നു വിടുമാരുന്നല്ലോ"
ഊണ് വിളമ്പി വയ്ക്കാന്‍ അകത്തേയ്ക്ക് പോകുമ്പോ അമ്മ പറയുന്നുണ്ടായിരുന്നു.


 

Sunday, July 12, 2015

ശാകുന്തളം

ശകുന്തള  അന്നേ മോഡേണ്‍ ആയിരിക്കണമല്ലോ.  അല്ലെങ്കിൽ  എങ്ങാണ്ട് നിന്നും  വന്ന ദുഷ്യന്ത രാജാവിനെ മോഹിപ്പിക്കുമോ.

വയ്യാവേലി  തലേൽ കേറിയ  സമയം കാലിൽ കുത്തിയ മുള്ള് എടുത്തു കളയാൻ  രാശാവ്  വന്നില്ലാ. തല കുനിയാതെ  തന്നെ ദർഭ മുന എടുക്കാൻ  ഇങ്ങനേ പറ്റൂ. 😒

(ഞാൻ ഓടി ഈ പഞ്ചായത്ത്, അല്ല ഈ രാജ്യം വിട്ടു...)

Sunday, June 7, 2015

Fatherhood

fatherhood -
a pat on the shoulder on the success,
act & lead with light to future,
taking pain to see the heir enjoy happiness,
tribute to all fathers around the world!...
(pic seen on fb)..

Tuesday, May 26, 2015

മഴക്കൂട്ട്

മഴക്കൂട്ട് .

മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു.
വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കുടയെടുക്കാതിരുന്നത് അബദ്ധമായി എന്ന് തോന്നി.
വിതരണത്തിനുള്ള സാധനങ്ങൾ കൈപ്പറ്റാൻ വന്ന ആൾക്കാരുടെ തിരക്ക് കൂടുകയും ചെയ്തു.
ക്യൂവിൽ നിൽക്കാനുള്ള മടി കൊണ്ട് മാറി നിന്ന നേരം ആർത്തിരമ്പി വന്ന മഴ.
ഒരു ഉത്സവത്തിനുള്ള ആൾക്കൂട്ടം അതിലേറെ ഇരവം.
ഒരു പ്രകാരം ചീട്ട് എഴുതി സാധനങ്ങളുടെ കണക്കു നോക്കി തെറ്റുകൾ ഇല്ലാ എന്ന് ഉറപ്പു വരുത്തി.
ഇനി മഴ തീരുന്നത് വരെ എന്ത് എന്നാലോചിക്കുമ്പോൾ,
വരുന്നോ എന്ന് ചൊദിച്ച് പരിചയക്കാരൻ ഒരാൾ വിളിച്ചു. 
അയാളുടെ കുടയിൽ ചേർന്ന് നടന്നാൽ ഒരുപാടു നനയാതെ വണ്ടിയുടെ അടുത്ത് ചെല്ലാം.
പിന്നെ കൂടുതൽ ആലോചിക്കാതെ എഴുനേറ്റു.

ഓർമ ചിതലെടുത്ത് തുടങ്ങിയോ എന്ന് തോന്നിയത് സ്വന്തം വണ്ടിയുടെ ഡ്രൈവർ കുടയുമായി ഓടിക്കയറി വരുന്നത് കണ്ട നിമിഷം മാത്രം!
ഇന്ന് രാവിലെ ഡ്രൈവർ കൊണ്ടു വന്നു വിട്ടത് മറന്നതിനേക്കാൾ  ജാള്യത വിളിച്ച പരിചയക്കാരന്റെ ചിരിച്ച മുഖത്ത് നോക്കാൻ..

"എന്നാ സാർ വിളികാതിരുന്നത് ? വാ,  നമ്മക്ക് പോകാം" ചോദിക്കാതെ തന്നെ ചാക്കുകെട്ട് തലയിലെടുക്കുന്നതിനിടെ ഡ്രൈവർ.

"സാധാരണ ഇങ്ങനെ പറ്റുന്നതല്ല, എന്നാലും എങ്ങനെ? "
സംശയം തീരാതെ നടക്കുമ്പോഴേക്കും മഴയും മാറി.
വീണ്ടും ചാക്രിക ക്രിയകളിലേക്ക് .
എന്തരോ എന്തോ....

Tuesday, May 5, 2015

Bag of dreams

നാട്ടീന്നു വിമാനം കേറുമ്പോ എല്ലാവർക്കും ഉണ്ടായിരുന്ന സ്വപ്നം. ഒരു ചെറിയ കൂര, സ്ഥിരമായ വരുമാനം, ഇത്തിരി സമ്പാദ്യം ഭാവിക്ക് വേണ്ടി; എല്ലാം കണക്കു  കൂട്ടി  ആ ചാക്കിലാക്കി ഇന്നും തെണ്ടി നടക്കുന്ന  പ്രവാസി.

Thursday, March 19, 2015

പ്രവാസി.
വാർത്തയിൽ വന്ന വിവരം [ചിത്രത്തിനു കടപ്പാട് വാട്ട്സാപ്  സുഹൃത്ത് ]ചുമ്മാ തമാശ  പറയല്ലേ.  പത്തു കൊല്ലമായി  തിരിച്ചു പോവാൻ  ആഗ്രഹമുണ്ടല്ലോ.  പക്ഷെ  നാട്ടിൽ നോട്ടു പറിച്ചെടുക്കണ മരം ഇല്ലാത്തതു  നമ്മുടെ  തന്നെ  കൊഴപ്പം  അല്ലെ?

നാട്ടിൽ ചെന്നാൽ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാ...

അല്ലെങ്കിൽ ധൈര്യമായി ആലോചിക്കാമായിരുന്നു !.

Friday, March 6, 2015

ഇന്ത്യയുടെ മകൾ

ഇന്ത്യയുടെ  മകൾ ?
ഇതര  ജീവികളിൽ  നിന്നും  വ്യത്യസ്തമായി  വിവേകം  എന്നൊരു  ഗുണം  ലഭിച്ചവർ  എന്ന്  അഹങ്കരിക്കാൻ  ഇനി  സാധ്യമല്ല  എന്നു തോന്നുന്നു.
പ്രബുദ്ധ ഭാരതത്തിലെ  യുവ  തലമുറയിൽ  ചിലർ വികലമായ മനോവിചാരങ്ങൾക്ക്  അടിമകളാണോ? 
കാമവും  മദിരയും മയക്കുന്ന  മനസിനെ  നിയന്ത്രണവിധേയമാക്കാൻ  ഇനിയും  കഴിയാത്തതു  കഷ്ടം  !
ഡൽഹി സംഭവത്തിന്റെ  ബി.ബി.സി ഡോകുമെന്ററിയിൽ   പ്രതികൾ നൽകുന്ന അഭിമുഖത്തിൽ നിന്നും  വ്യക്തമാകുന്നത് അവരുടെ മനസിന്റെ  വൈകല്യങ്ങളെ  തന്നെയാണ്. 
എന്തിന്റെയൊക്കെയോ അഭിനിവേശങ്ങളിൽ  മൃഗങ്ങൾ പോലും നാണിക്കുന്ന വൈകൃതങ്ങൾ നടത്തി ഇരയെ നിഷ്ടൂരമായി കൊല ചെയ്ത നരാധമർ.  അഭിഭാഷകരുടെ ഉപദേശമോ കൂടെ ഉള്ളവരുടെ സഹയോഗമോ കൊണ്ടു തങ്ങൾ ചെയ്തത് അപരാധമെന്നു തെല്ലു  പോലും ധാരണ ഇല്ലാതെ  സർക്കാർ ചെലവിൽ  ജീവിതം  തുടരുന്ന  പ്രതികൾ ഒരു ഭാഗത്ത്.  സമൂഹം മുഴുവൻ തെറ്റുകാരും  ഭരണകൂടം നിറയെ (നല്ലൊരു ഭാഗം) ഇങ്ങനെ തെറ്റുകൾ ആരോപിതമായി പിന്നീട് നിയമ യുദ്ധത്തിലൂടെ വിശുദ്ധന്മാരായ വ്യക്തികളും ഉള്ളപ്പോൾ  തങ്ങൾക്കു അതെ പോലെ ജീവിച്ചാൽ എന്ത് എന്ന ചിന്ത നല്കിയ അതി ധൈര്യം!..
പ്രതികളുടെ  ശിക്ഷ നീട്ടി  കൊണ്ടു പോകാൻ നിക്ഷിപ്ത  താല്പര്യം ഉണ്ടോ എന്ന് സംശയിക്കാവുന്ന സാഹചര്യം ഈ അഭിമുഖം സൃഷ്ടിച്ചിരിക്കുന്നു. 
ഭാരത തലസ്ഥാനത്ത്  തടവിൽ കഴിയുന്ന പ്രതികൾ അന്തർ ദേശീയ ദൃശ്യ മാധ്യമത്തിനു മുന്നിൽ വന്ന  ഇതേ സമയം  കിഴക്കേ  ഇന്ത്യയിൽ നിന്നും വിരുദ്ധമായ ജന പ്രതികരണം  വന്നിരിക്കുന്നു.
സമാനമായ സംഭവത്തിൽ നിയമപാലകർ പിടി  കൂടിയ  പ്രതിയെ  പ്രക്ഷുബ്ധരായ ജനക്കൂട്ടം അക്രമിച്ചു കൊലപ്പെടുത്തി!
നിയമത്തിലും നിയമപാലകരിലും കോടതികളിലും ജനങ്ങളുടെ  വിശ്വാസം നഷ്ടമായോ?
മാതൃകാപരമായ ശിക്ഷാ നടപടികലുടെ അഭാവം ഇങ്ങനെ നിയമം കയ്യ്യിലെടുക്കാൻ  സമൂഹത്തിനെ നിർബന്ധിതരാക്കും. 
ഇന്ത്യയുടെ മകൾ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുമോ?