Sunday, April 16, 2017

Have A Very Blessed Easter!...

Sacrifice, 
attitude of giving 
always leads to 
resurrection, 
the HOPE....
Have A Very Blessed Easter!...

Thursday, April 13, 2017

ഏട്ടണയും യീറാ ഗ്ലാസും - ഓര്‍മ്മയിലെ ഒരു വിഷു.

ഓര്‍മ്മയിലെ ഒരു വിഷു.

ആശാന്‍ കളരിയിലെ അഭ്യാസം കഴിഞ്ഞു സ്കൂളില്‍ ചേര്‍ക്കുന്ന കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുന്ന സമയം.

വിഷു കഴിഞ്ഞു സ്കൂളുകള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടുപ്പുമിട്ട്‌ ആദ്യമായിട്ട് സ്കൂളിലേക്ക് പോകുവാന്‍ തയാറായി ഇരിക്കുന്ന ഞാന്‍. വിഷുക്കാലം കഴിയട്ടെ, ഇപ്പഴേ തിരക്ക് കൂട്ടണോ എന്ന് അമ്മ.

വിഷുവിനു സന്തോഷം പടക്കം പൊട്ടിക്കുന്നത് (കാണുക  മാത്രം!),
വിഷുക്കണി കാണുക, വിഷു ദിവസം ഉച്ചയ്ക്ക് മൃഷ്ടാന്ന ഭോജനം എന്നിങ്ങനെ ആണെങ്കിലും "വിഷു കൈനീട്ടം" ആണ് ഏറ്റവും പ്രിയം. 

പിള്ളേര്‍ക്ക് കിട്ടുന്ന വലിയ കൈനീട്ടം ആണ് ഒരു "എട്ടണ"  തുട്ട് *
ഓരോ വിഷുവിനും കൈനീട്ടം കിട്ടുന്ന പൈസ കൂട്ടി വച്ച് ചെയ്യാനുള്ള വിക്രിയകളുടെ എണ്ണം ഒരുപാടുണ്ടായിരുന്നു.  അമ്മാവന്മാരും വലിയച്ചന്മാരും കൊച്ചച്ചന്മാരും ആളാം വീതം കൈനീട്ടം തരുന്ന കാര്യങ്ങളൊക്കെ ചേട്ടന്മാര്‍ [അമ്മാവന്മാരുടെ മക്കള്‍]  പറഞ്ഞു കേട്ടിരുന്നു.

കഴിഞ്ഞ വിഷുവിനു ആശാന്‍ കളരിയില്‍ വിഷുക്കണി തയാറാക്കിയിരുന്നു.
അന്നാണ് ആദ്യമായിട്ട് കണി തയ്യാറാക്കുന്നത് നേരില്‍ കാണുന്നത്.
വീട്ടില്‍ വിഷുക്കണി ഒരുക്കുന്നത് അമ്മയുടെ "മാജിക്" ആയിരുന്നു.  ഉറക്കമിളച്ച് അമ്മയെ ചുറ്റിപ്പറ്റി നടന്നാല്‍ പോലും സൂത്രത്തില്‍ ഞങ്ങളെ ഉറക്കാന്‍ കിടത്തി, ഞങ്ങള്‍ എല്ലാവരും ഉറങ്ങി എന്ന്  ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അമ്മ വിഷുക്കണി വയ്ക്കാനുള്ള ഉരുളി അന്വേഷിക്കുക.

ഏതായാലും ഇത്തവണ വിഷുക്കണി ഒരുക്കുന്നത് കാണാന്‍ തന്നെ  ഉറപ്പിച്ചു ഞാന്‍ ഇരുന്നു.  അമ്മയോട് പറയുകയും ചെയ്തു.  പതിവിനു വിപരീതമായി അമ്മ അത് സമ്മതിച്ചു.  പക്ഷേ അനിയത്തി ഉറങ്ങിയതിനു ശേഷം ആവണം എന്നൊരു ഉപദേശം.

അത്താഴം കഴിഞ്ഞു ഞങ്ങൾക്ക് കിടക്കാൻ സമയമായി.  എന്നത്തേയും പോലെ അനിയത്തിയും  ഞാനും ഉറങ്ങാനുള്ള പുറപ്പാട്.  പുതപ്പു കൊണ്ട് തല വഴി മൂടിയാണ് ഞാൻ കിടന്നത്.  കുറച്ചു നേരം കഴിഞ്ഞു ഇറയത്തെ വെളിച്ചം അണഞ്ഞപ്പോ തന്നെ എനിക്ക് സംശയം തോന്നി, ഇനി ചിലപ്പോ അമ്മ കണി ഒരുക്കാൻ തുടങ്ങിയോ ?  ശബ്ദമുണ്ടാക്കാതെ  പുതപ്പിനിള്ളിൽ നിന്നും പുറത്തോട്ടിറങ്ങി.  പൂച്ച നടക്കുന്ന പോലെ പതുക്കെ പൂജാ മുറിയുടെ മുന്നിൽ എത്തി.  'അമ്മയുടെ "മാജിക്" തുടങ്ങാൻ  പോകുന്നതേയുള്ളു !

ഓരോ സാധനങ്ങൾ നിരത്തി വച്ചിട്ടുണ്ടായിരുന്നു.
  • ഓട്ടുരുളി 
  • നിലവിളക്ക് 
  • കൃഷ്ണന്റെ പ്രതിമ (പൂജ മുറിയിൽ നിന്നും എടുത്ത് വച്ചത് )
  • ഒരു നാഴിയിൽ അരി 
  • കണി വെള്ളരിക്ക 
  • കൊന്നപ്പൂവ് 
  • ഒരു മുക്കണ്ണന്‍ തേങ്ങയും തേങ്ങാ ഉടച്ചതിന്റെ രണ്ടു മുറിയും  
  • വെള്ള മുണ്ട്, നേര്യത് [കസവുള്ളത് ],  
  • വെള്ളി നാണയങ്ങൾ [അച്ഛനും അമ്മയും കൈനീട്ടം തരുന്നത്] 
  • അമ്മയുടെ ഒരു സ്വർണ്ണ മാലയും സ്വർണ മോതിരവും.
  • ഒരു കുട്ടയിൽ കുറച്ചു പഴങ്ങളും അവിൽ, മലർ ഒക്കെ.
  • നന്നായി തുടച്ചു മിനുക്കിയ കണ്ണാടി 
  • ഒട്ടു കിണ്ടിയിൽ വെള്ളം നിറച്ചു വച്ചിരുന്നു.  
പൂജാ മുറി അടിച്ചു തൂത്ത് വാരിയ ശേഷം ഒരു സ്റ്റൂളിൽ വെള്ള മുണ്ടു വിരിച്ചു.
ഓട്ടുരുളി സ്റ്റൂളിൽ വച്ച് അതിൽ ഒരു ചെറിയ മുണ്ട് കൂടി വിരിച്ചു.
നാഴിയിൽ നിന്ന് അരി ഉരുളിയിലേക്കു നിറച്ചു.
സ്വർണ നിറമുള്ള വെള്ളരി വച്ചു.  
കണ്ണാടി ഉരുളിയുടെ ഉള്ളിൽ കുത്തനെ നിർത്തി.  
മുക്കണ്ണൻ നാളികേരം (ഉടക്കാത്ത തേങ്ങ ) ഉരുളിയിൽ വച്ചു  
മടക്കിയ വെള്ള മുണ്ട് ചരിച്ചു അതിന്റെ കസവു കര കാണുന്ന വിധം  വച്ചു.
ഒരു ലോട്ടയിൽ (അതും ഓടിൽ നിർമ്മിച്ചതായിരുന്നു) അവിൽ,
മറ്റൊരു ചെറിയ പാത്രത്തിൽ മലർ, 
വെള്ളരിക്കയുടെയും കണ്ണാടിയുടെയും ഇടയിലൂടെ കൊന്നപ്പൂവ് വിതറി .
കൊന്നപ്പൂവിന്റെ ചെറിയ കമ്പുകളും  ഇലകളും  ഉരുളിയുടെ വക്കിൽ,
പഴങ്ങളും വച്ചത്തിന് ശേഷം സ്വർണ മാലയും മോതിരവും തേങ്ങയുടെ മുകളിൽ വച്ചു .
നിലവിളക്കു എണ്ണയൊഴിച്ചു  തിരികൾ തയ്യാറാക്കി വച്ചു .
കൃഷ്ണന്റെ പ്രതിമ ഉരുളിയ്ക്കു തൊട്ടടുത്തു തന്നെ ചേർത്ത് നിർത്തി.
വിഷുക്കണി ഏതാണ്ട് തയ്യാറായി.  ഇനി രാവിലെ എണീറ്റ് വിലക്ക് കൊളുത്തിയാൽ മാത്രം മതി.
അങ്ങനെ മാജിക് പഠിച്ച സന്തോഷത്തിൽ ഞാനും ഉറങ്ങാൻ പോയി. 

പിറ്റേന്ന് രാവിലെ അമ്മ വിളിച്ചു ഉണർത്തിയിട്ട് മറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ പൊത്തി കൊണ്ട് എഴുന്നേറ്റോ എന്ന് അമ്മ പറയുന്നുണ്ടായിരുന്നു.
കട്ടിലിൽ നിന്നും ഇറങ്ങിയപ്പോ അമ്മ പിന്നിൽ നിന്നും വന്നു 
പതിയെ എന്റെ തോളിൽ പിടിച്ചു ഉന്തി പൂജ മുറിയുടെ മുന്നിൽ എത്തിച്ചു.
ഇനി കണ്ണ് തുറന്നു തൊഴുത്തോളൂ.
തലേന്ന് രാത്രി കണ്ട എല്ലാ വസ്തുക്കളും നിലവിളക്കിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ഭംഗിയായി തോന്നി.  രാത്രി വൈകി ആയിരിക്കണം അച്ഛന്‍ വന്നത്.  ഞങ്ങള്‍ ഉറങ്ങാന്‍ പോയപ്പോഴും അച്ഛന്‍ ജോലി കഴിഞ്ഞു എത്തിയിട്ടില്ലായിരുന്നു.  പൂജാ മുറിയുടെ അരികില്‍ നിന്നിരുന്ന അച്ഛനെ കണ്ട്  ഞാന്‍ ഒരു വശത്തേക്ക് മാറി നിന്നപ്പോഴേക്കും അനിയത്തിയുടെയെയും കണ്ണുകള്‍ പൊത്തി പിടിച്ചു കൊണ്ട് അമ്മ വന്നു.
രണ്ടാള്‍ക്കും  അച്ഛന്റെ വക "എട്ടണ" കൈനീട്ടവും കിട്ടി.

പിന്നെ ദിനചര്യകളിലേക്കും തുടര്‍ന്നു കളികള്‍ ഒക്കെയായി.
അമ്മ അടുക്കളയില്‍ ഘോര യുദ്ധം പോലെ എന്തൊക്കെയോ ചെയ്യുന്നു.  സഹായത്തിനു അയാള്‍ വീട്ടിലെ ഒരു സ്ത്രീയും.
ഏതാണ്ട് പതിനൊന്നു മണിയായപോഴേക്കും  ഗേറ്റില്‍ ആരോ വന്നു നില്‍ക്കുന്നത് കണ്ടു.
ഞങ്ങള്‍ കുട്ടികളില്‍ ഒരാള്‍ "അമ്മെ ആരോ വരുന്നുണ്ട് " എന്ന് കൂവിക്കൊണ്ട് അടുക്കള ഭാഗത്തേക്കും  മറ്റെയാള്‍ ഗേറ്റിനടുത്തേക്കും ഓടി.  ഞങ്ങളുടെ ഒരു വലിയച്ചന്‍ ആയിരുന്നു വന്നത്.  അതിഥി ആരാണെന്നു നോക്കികൊണ്ട്‌ ഇറയത്ത്‌ നിന്നും അച്ഛന്‍ മുറ്റത്തേക്കിറങ്ങി വന്നു.
വലിയച്ചന്‍ ഇറയത്തേക്ക് കയറാനുള്ള ചവിട്ടു പടിയോടു ചേര്‍ന്ന പൈപ്പ് തുറന്നു കാലുകൾ കഴുകുമ്പോഴേക്കും അമ്മയും അവിടെ എത്തി.
"ഇരിക്കൂ ട്ടോ ഞാന്‍ കുടിക്കാന്‍ എടുക്കാം"  എന്ന് പറഞ്ഞു അമ്മ അകത്തേക്ക് പോയി.
അച്ഛനും വലിയച്ചനും സംസാരിച്ചിരിക്കുന്നതിനിടെ  നടുവിലെ മുറിയിലേക്ക് എത്തി നോക്കി.

വിഷുക്കണി പ്രൌഢഗംഭീരമായി ഇരിക്കുന്നുണ്ട്.  വലിയച്ചന്‍ അതിനടുത്തേക്ക് ചെന്നു.

ചെറുതായി ഒന്ന് ചിരിച്ചു കൊണ്ടു അച്ഛനോട് ചോദിച്ചു,
"കൊന്നപ്പൂവ്‌ എവിടുന്നാ സംഘടിപ്പിച്ചത്? ഞാന്‍ കുറെ അന്വേഷിച്ചു നടന്നു.  കുറച്ചു ഒന്നോ രണ്ടോ പൂക്കളുമായി കുറച്ചു കമ്പുകള്‍ മാത്രമാ കിട്ടിയത്. "

"ഒന്ന് പറഞ്ഞാല്‍ പോരായിരുന്നോ, നമ്മുടെ തോട്ടിറമ്പിലെ കൊന്നമരം നിറച്ചും ഉണ്ടായിരുന്നല്ലോ.  ഇവിടെ എടുത്തിട്ടും പിന്നെ കുറെ ഉണ്ടായിരുന്നത് കാവിലെക്കും കൊണ്ടു പോയി." എന്ന് അച്ഛന്റെ മറുപടി.

എന്നെ അടുത്തേക്ക് വിളിച്ചിട്ട് വലിയച്ചന്‍ ചോദിച്ചു. "മക്കള്‍ക്ക്‌ കൈനീട്ടം കിട്ടിയോ?"
തല കുലുക്കിയ എന്റെ വലം കയ്യിലേക്ക്  വലിയച്ഛന്‍ തന്റെ ചുരുട്ടിയ മുഷ്ടി കമഴ്ത്തി പിടിച്ചു കൊണ്ടു എന്റെ നേരേ നോക്കി.  "എന്തായിരിക്കും എന്ന് പറയൂ " പുരികം ചെറുതായി വളച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
ഒട്ടും സംശയിക്കേണ്ടി വന്നില്ല, "എട്ടണ"  എന്ന് അനിയത്തി പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.
"അല്ലാ, അല്ലാ ... സൂക്ഷിച്ചു നോക്കിക്ക..." എന്ന്  വലിയച്ചന്‍.
കൈ നിവര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ഇത്തിരി വലിപ്പം കൂടിയ "വെള്ളി തുട്ട് " ആയിരുന്നു.
ഒരു രൂപാ നാണയം
 
ഞങ്ങളെക്കാള്‍ അദ്ഭുതം അച്ഛനും അമ്മയ്ക്കും.  
"പിള്ളേര്‍ക്ക് കൊളടിച്ചല്ലോ"  എന്ന് അമ്മ പറയുന്നുണ്ടായിരുന്നു.
ആദ്യമായിട്ടാണ് ഇത്രേം വലിയ നാണയം കാണുന്നത് തന്നെ.  അത് കൊണ്ടു തന്നെ ഞാന്‍ അതിനെ ഒരുപാടു തവണ തിരിച്ചും മറിച്ചും നോക്കി.
"മക്കള്‍ എന്നതാണെന്ന് വച്ചാല്‍ മേടിച്ചോട്ടെ" എന്ന് വലിയച്ചന്‍.

പിന്നീട് സദ്യയുടെ കാര്യങ്ങളിക്ക് കടന്നു.  അടുക്കളയില്‍ വലിയൊരു ഉരുളിയില്‍ പായസം തയ്യാറായികൊണ്ടിരുന്നു.  ഇടക്ക് വലിയച്ചനും ചട്ടുകം എടുത്ത് പായസം ഇളക്കാന്‍ കൂടി.
"എന്നാല്‍ ഇനി വിളക്കത്ത് ഒരു ഇലയിട്ടു വിളമ്പാന്‍ തുടങ്ങാം, ല്ലേ" എന്ന് അച്ഛന്‍ ചോദിച്ചു.
"ഇത്തിരി നേരത്തെ ആണ്, എന്നാലും  ആവാം." എന്ന് വലിയച്ചനും.

വീട്ടിലെ നടുമുറിയില്‍ ഭിത്തിയുടെ അരികു ചേര്‍ത്ത് പായ മടക്കി വിരിച്ചു.  
ഓരോരുത്തര്‍ക്കായി ഇലകള്‍, തുടര്‍ന്നു ഉപ്പേരി, അച്ചാറുകള്‍, തൊടു കറികള്‍, കുത്തരി  ചോറ്, നെയ്യ്, പരിപ്പ്, പപ്പടം അങ്ങനെ ഓരോന്ന്. 
ഊണിനു ശേഷം പ്രഥമന്‍ കൂടിയായപ്പോള്‍ ഗംഭീരന്‍ സദ്യ

ഊണ് കഴിഞ്ഞു അച്ഛനും വലിയച്ചനും പൂമുഖത്തെ അരഭിത്തികലുടെ ഇരുവശങ്ങളിലുമായി ഇരുന്നു ഓരോ കാര്യങ്ങള്‍ ചര്‍ച്ച.  

ഞാന്‍ കൈനീട്ടമായി കിട്ടിയ നാണയങ്ങള്‍ രണ്ടും തമ്മില്‍ താരതമ്യം ചെയ്തു നോക്കി. ചേട്ടന്മാര്‍ക്ക് പോലും ഏട്ടനയില്‍ കൂടിയ നാണയങ്ങള്‍ കിട്ടിയിട്ടില്ല.
ഇനി ഈ തുട്ടു കൊണ്ടു എന്താണ് വാങ്ങിക്കെണ്ടത്  എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല.
അന്ന് വൈകുന്നേരം എല്ലാവരും പോയ ശേഷം പതുക്കെ അമ്മയുടെ പിന്നാലെ ചെന്നു.
എന്നെ കണ്ട ഉടനെ അമ്മയ്ക്ക് ഏതാണ്ട് കാര്യം പിടി കിട്ടിയ പോലെ തോന്നി.
"എന്താടാ, മുട്ടായി മേടിക്കാനാണോ ?"  എന്ന് കണ്ണുരുട്ടി കൊണ്ടു ചോദിച്ചു.
"വേണ്ട വേണ്ട, മുട്ടായി ഒക്കെ തിന്നു പല്ല് മുഴുവന്‍ പുഴുപ്പല്ല് ആവും ട്ടോ." എന്ന് പേടിപ്പിച്ചു.

അപ്പൊ പിന്നെ എന്നതാ വാങ്ങിക്കുക?
നാളെ നമുക്ക് ടൌണില്‍ പോകുമ്പോള്‍ നോക്കാം എന്ന് അമ്മ സമ്മതിച്ചു.

പിറ്റെ ദിവസം രാവിലെ തന്നെ അമ്മയോട് എപ്പഴാ പോകുന്നെ, ബസിനാണോ പോകുന്നത് എന്നൊക്കെ ചോദിച്ചു കൊണ്ടു നടന്നു. പ്രാതല്‍ കഴിഞ്ഞ ശേഷം അമ്മ സാരി മാറി ഉടുക്കുനത് കണ്ടപ്പോള്‍ ഇത്തിരി സന്തോഷം.  ഞാനും അനിയത്തിയും ഒപ്പം കൂടി.  ഞങ്ങലുറെയും ഉടുപ്പൊക്കെ മാറ്റിയിട്ടു അമ്മ പുറത്തേക്കു നടന്നു.  വാതില്‍ അടച്ചു പൂട്ടി താക്കോല്‍ ബാഗില്‍ വച്ചിട്ട് ഞങ്ങളുടെ കൈകള്‍ പിടിച്ചു കൊണ്ടു അമ്മ ബസ്‌ സ്റൊപ്പിലെക്ക് നടന്നു.
ആദ്യം വന്ന ബസില്‍ തിരക്കധികം ഇല്ലായിരുന്നത് കൊണ്ടു യാത്ര എളുപ്പമായി.
ടൌണില്‍ ഇറങ്ങി സ്ഥിരം പലവ്യഞ്ഞനങ്ങള്‍ എടുക്കുന്ന കടയില്‍ കയറി ലിസ്റ്റ് കൊടുത്തു. അങ്ങനെ ലിസ്റ്റ് കൊടുത്താല്‍ അതില്‍ എഴുതിയിട്ടുള്ള  സാധങ്ങള്‍ എല്ലാം അന്ന് വൈകുന്നേരത്തിനു മുന്‍പ് തന്നെ വീട്ടില്‍ എത്തിച്ചു തരുമായിരുന്നു.

അതിനടുത്ത പുതിയ കടയില്‍ ചില്ല് പാത്രങ്ങള്‍ ഒക്കെയായി ഒരുപാടു സാധനങ്ങള്‍ കണ്ടു.
"ടീ സെറ്റ് ഉണ്ടോ" എന്ന് അമ്മ ചോദിച്ചപ്പോള്‍ കുറെ തരങ്ങള്‍ എടുത്ത് കാണിച്ചു. അതില്‍ നിന്നും അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് എടുത്തു.
"അപ്പോ ഞങ്ങള്‍ക്കോ ?"  എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല, കടക്കാരന്‍ "യീറ" ഗ്ലാസ്സുകള്‍ ഉണ്ട് എടുക്കുന്നോ എന്ന് ചോദിച്ചു.  "എട്ടണയെ ഉള്ളു" അന്ന് കൂടി അയാള്‍ പറഞ്ഞു.

എടുത്ത് കാണിച്ച ഗ്ലാസ്സ് കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി.
"എന്നാല്‍ നമുക്ക് രണ്ടു ഗ്ലാസ്സുകള്‍ മേടിക്കാം അല്ലെ, ഒന്ന് നിനക്കും ഒന്ന് അവള്‍ക്കും" എന്ന് അമ്മ.  തല കുലുക്കി സമ്മതിച്ചു.
Yera Glass
രണ്ടു ഗ്ലാസ്സുകളും അമ്മയുടെ ടീ സെറ്റും ഭദ്രമായി ചൈന പേപ്പറില്‍ ഒക്കെ പൊതിഞ്ഞു ഞങ്ങള്‍ തിരികെ വീട്ടിലേക്കു പോയി.
വൈകുന്നേരം ചേട്ടന്മാര്‍ വന്നപ്പോള്‍ അവരെയെല്ലാം യീറ ഗ്ലാസ്സ് കാണിച്ചു.  
അവര്‍ക്ക് കിട്ടിയ കൈനീട്ടം "എട്ടണ".  എന്റെ കയ്യിലെ യീറ ഗ്ലാസും  ഏട്ടണയുടെതു തന്നെ.

പിന്നീട് കുറെ നാളത്തേക്ക്  പച്ച വെള്ളം കുടിക്കുന്നത് പോലും യീറ ഗ്ലാസില്‍ ആയിരുന്നു.
ഗ്ലാസ്‌ പോട്ടിപ്പോയെങ്കിലും ഓര്‍മ്മകള്‍ ഇന്നും മധുരം.

വീണ്ടും ഒരു വിഷു നാള്‍.
ശുഭപ്രതീക്ഷകളുടെ, സമ്പൽ സമൃദ്ധിയുടെ,
സന്തോഷത്തിന്റെ നാളുകൾക്കു തുടക്കമായി
മേടപ്പുലരിയിൽ, നിലവിളക്കിന്റെ വെളിച്ചത്തിൽ
കൊന്നപ്പൂക്കളും വെള്ളരിയും  മിനുക്കമുള്ള കണ്ണാടിയിലെ
കൃഷ്ണന്റെ പ്രതിബിംബവും ഒരു തരി പൊന്നും
കണി കണ്ട് ഉണരുമ്പോൾ
ഒത്തിരി സന്തോഷവും ....
എല്ലാവർക്കും വിഷു ആശംസകൾ! 


________________________________________________________________________
തുട്ട് * = coin 
ഏട്ടണ = അമ്പത് പൈസ