Monday, May 18, 2020

Happiness is to be celebrated! (even though its painful)

Happiness is to be celebrated! 

(even though its painful)

 Vehicle seen at PH centre.



നേഴ്സ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് സ്‌കൂളിൽ ചേർക്കുന്നതിന് മുൻപേ "ബീ. സി. ജി" എടുക്കാൻ കൊണ്ട് പോയപ്പോഴത്തെ ബഹളം ആണ്.  എല്ലാ ചേട്ടന്മാരും ചേച്ചിമാരും സ്‌കൂളിൽ പോകുന്നത് കാണുമ്പോൾ ഉള്ള ഉത്സാഹം ഭയങ്കരമായിരുന്നു.  അത് കൊണ്ട് തന്നെ സ്‌കൂളിൽ ചേർക്കാൻ പോകുന്നു എന്ന് അമ്മ പറഞ്ഞപ്പോൾ എന്തൊക്കെയോ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ആവേശം ആയിരുന്നു.
അച്ഛന്റെ കൂടെ അമ്മയും വസ്ത്രങ്ങൾ മാറി തയ്യാറെടുക്കുന്നത് കണ്ടപ്പോൾ പ്രത്യേകിച്ചിരു സംശയവും തോന്നിയില്ല.  ടാക്സി കാർ വരാൻ നോക്കി നിന്ന സമയം സ്‌കൂളിൽ എന്തൊക്കെയായിരിക്കും എന്ന  ആലോചനയായിരുന്നു.

കാറിൽ കയറിയപ്പോഴേക്കും അച്ഛൻ പറഞ്ഞു, "വാക്സിൻ ഇഞ്ചക്ഷൻ എടുത്തതാണോ എന്ന് ചോദിക്കും (ചെലപ്പോ)".
അമ്മയ്ക്ക് എന്തോ ഓർമ്മ വന്ന പോലെ പറഞ്ഞു.  "കഴിഞ്ഞ ആഴ്ച്ച എടുക്കേണ്ടതായിരുന്നു.  എന്തായാലും പോകുന്ന വഴിക്കു തന്നെയല്ലേ ക്ലിനിക്കും, നമുക്ക് ക്ലിനിക്കിൽ കയറിയിട്ട് പോകാം".
സ്‌കൂളിലേക്ക് പോകുന്നതും പ്രതീക്ഷിച്ച് കാറിലിരിക്കുന്ന ഞാൻ  വണ്ടി  നിന്നപ്പോൾ തന്നെ ചോദ്യം തുടങ്ങി.
"ഇവിടെ തന്നെയാണോ സ്‌കൂളും ?"
അച്ഛന്റെ ശബ്ദം കടുത്തതു പോലെ തോന്നി. "ഇവിടെ ഒന്ന് കേറിയിട്ടു സ്‌കൂളിൽ പോകാം".
സ്ഥിരം വരുന്നതായാതു  കൊണ്ട്  കൗണ്ടറിലൊന്നും കൂടുതൽ നിൽക്കേണ്ടി വന്നില്ല.
ഡോക്ടറെ കണ്ട് എന്തൊക്കെയോ എഴുതിപ്പിച്ചു.
"ചെക്കൻ സ്‌കൂളിൽ ചേരാൻ പോകുവാ അല്ലെ ?" എന്ന് എന്നെ നോക്കി ചോദിച്ചു.
പല്ലു കാണിച്ചു ചിരിച്ചതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.
അപ്പോഴേക്കും അമ്മ കയ്യിൽ പിടിച്ചു വലിച്ചു "നഴ്സിംഗ് റൂമിലേക്ക് പോകാം" എന്ന് പറഞ്ഞു.
അന്നത്തെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ്  മരുന്നുമായി ഇഞ്ചക്ഷൻ എടുക്കാൻ തയ്യാറായിരുന്നു.
"ഇതെന്തിനാ ?  സ്‌കൂളിൽ പോകാൻ സൂചി കൊണ്ട് വരുന്നേ ?"
ആ നേഴ്സ് എന്റെ ചോദ്യങ്ങൾക്കൊന്നും ശ്രദ്ധിക്കാതെ അമ്മയുടെ മടിയിലിരുന്ന എന്റെ ഷർട്ടിന്റെ ബട്ടൺ മാറ്റി വലത്തേ കയ്യുടെ തോൾ ഭാഗത്തു പഞ്ഞി കൊണ്ട് തിരുമ്മി.
നല്ല തണുപ്പ്.  "അങ്ങോട്ട് ഒന്ന് നോക്കിയേ" എന്ന് നേഴ്സ് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു. അച്ഛൻ എന്റെ തോളിൽ മുറുകെ പിടിച്ചു, കൈ അനങ്ങാതിരിക്കുവാൻ പിടിച്ച പ്പോൾ ആച്ഛന്റെ കൈ കൊണ്ട് എന്റെ മുഖം മറുവശത്തേക്കു തിരിച്ചതു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് തീരെ മനസിലായില്ല.
ഉറുമ്പ് കടിച്ച പോലെ തോന്നി, പക്ഷെ കുറെ നേരത്തേക്ക് ആ ഉറുമ്പ് കടിച്ചു പിടിച്ചിരുന്നു എന്നാണ് തോന്നിയത്. വേദന കൂടിയപ്പോൾ എന്റെ വായും അതെ പോലെ തന്നെ തുറന്നു വലിയ വായിലെ കരച്ചിലും.
സാരമില്ല എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. വീണ്ടും പഞ്ഞി കൊണ്ട് അമർത്തി തിരുമ്മി, നേഴ്സ് അമ്മയോട് പറഞ്ഞു "കുറച്ചു നേരം പഞ്ഞി കൊണ്ട് അമർത്തി പിടിച്ചോളൂ, എന്നിട്ടു പോകാം." 
കുറെ നേരം കഴിഞ്ഞപ്പോൾ തിരുമ്മി കൊണ്ടിരുന്ന പഞ്ഞി കളഞ്ഞു 'അമ്മ പറഞ്ഞു. "മതി മതി, ഇനി വീട്ടി പോയാ മതി"
അച്ഛൻ പറഞ്ഞു "ടാക്സി വെയിറ്റ് ചെയ്യുകയാണ്.  വാ, നമുക്ക്‌ സ്‌കൂളിലും കൂടി പോയിട്ട് വീട്ടിൽ പോകാം."
"ഈ ചെറുക്കന്റെ നിലവിളി നിർത്തുന്നില്ലല്ലോ." പിറുപിറുത്തു കൊണ്ട് അമ്മ എന്നെയും എടുത്തു പിന്നാലെ നടന്നു.
സ്‌കൂളിൽ ചെന്നപ്പോൾ അവിടെ ഇതേ പോലെതന്നെയുള്ള കുറെ പേരുണ്ടായിരുന്നു.  മിക്കവാറും എല്ലാവരും തന്നെ ഇമ്മാതിരി ഇഞ്ചക്ഷൻ എടുത്തിട്ട് വന്നവരെ പോലെ തോന്നി.  പിള്ളേരെല്ലാവരും തന്നെ കരച്ചിലാണ്.
"ദേ, പുതിയ കൂട്ടുകാരരെ ഒക്കെ കാണണ്ടേ" എന്നെ  നിർത്താൻ നോക്കവേ അമ്മ പറയുകയായിരുന്നു.
അപ്പോഴേക്കും ഞങ്ങളോട് കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട്  അച്ഛൻ സ്‌കൂളിലെ ഓഫീസിലാരെയൊക്കെയോ കണ്ടു കുറെ പേപ്പറുകളിലൊക്കെ എഴുതുന്നത് കണ്ടു.
സ്‌കൂൾ  ക്ലെർക്ക്  ചോദിച്ചു, "കുട്ടിയെ കൊണ്ട് വന്നിട്ടില്ലേ?"
അത് കേട്ടപ്പോൾ തന്നെ അച്ഛൻ  കാറിനടുത്തേക്ക് വന്നു ഞങ്ങളോടും ഒപ്പം വരാൻ പറഞ്ഞു.

സ്‌കൂളിലെ ഹെഡ് മാഷ്  അച്ഛന്റെ സഹപാഠി ആയിരുന്നു എന്ന് തോന്നുന്നു.  അവർ എന്തൊക്കെയോ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.  സ്‌കൂൾ അഡ്മിഷൻ റെജിസ്റ്റ റിൽ  പേര് ചേർക്കേണ്ട പ്രായം" ആയിരുന്നു വിഷയം എന്ന് അമ്മ പിന്നീടൊരിക്കൽ പറഞ്ഞു കേട്ടു.  സ്‌കൂളിൽ ചേർക്കുന്നതിന് വേണ്ടി ഏറ്റവും കുറഞ്ഞ പ്രായം ആക്കാൻ വേണ്ടി എനിക്കൊരു "ജന്മ ദിനം" നൽകിയത് ആ ഹെഡ് മാഷ് ആയിരുന്നു എന്ന്.

അങ്ങനെ സ്‌കൂളിൽ ചേരുവാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹമൊന്നും ഇല്ലാതെ സ്‌കൂളിന്റെ മണ്ണിൽ കാല് കുത്തുക പോലും ചെയ്യാതെ (അമ്മയുടെ തോളിൽ നിന്ന് ഇറങ്ങാതെ)  സൂചി കുത്തലിന്റെ പിന്നാലെ തുടങ്ങിയ നിലവിളി നിർത്തിയത് വീട്ടിൽ തിരിച്ച എത്തിയിയപ്പോഴായിരിക്കണം.

അതിനിടെ സ്‌കൂൾ രെജിസ്റ്ററിൽ കയറിപ്പയറ്റിയ ജന്മദിനമാണ് എന്റെ ഔദ്യോഗിക രേഖകളിൽ ഉള്ളത്.  സർക്കാര് ജോലി കിട്ടുകയാണെങ്കിൽ നേരത്തെ കിട്ടട്ടെ എന്ന സാധാരണ മധ്യ വർഗ കുടുംബനാഥന്മാരുടെ ചിന്ത തന്നെയായിരുന്നിരിക്കണം അച്ഛനും അമ്മയ്ക്കും അന്നത്തെ ഹെഡ് മാസ്റ്റർ പറഞ്ഞു കൊടുത്തത്.

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലിൽ  എല്ലാം ജന്മദിനം ആയി കൊടുത്തിരിക്കുന്നത് മെയ് ഇരുപതു എന്ന തീയതി ആണ് - അത് കൊണ്ട് "ഹാപ്പീ ബെർത്ത് ഡേയ് ടൂ മീ ".
Happiness always must be celebrated! 
(even though it's memoirs are painful)

date: 20th May 2020 

4 comments:

Unknown said...

ജന്മദിനാശംസകൾ 🎂🌹

Unknown said...

Happy birthday..

santy said...

അപ്പൊ നേരത്തേ happy birthday

Pradeep Narayanan Nair said...

thank you all!