Sunday, October 4, 2020

ബോധോദയം ~ Enlightenment @ 48

ബോധോദയം: 

"ഗേഹാന്തരേ  ത്രിമൂർത്തികൾ പോലെ 

 ത്രിലോക സമാനേ വർത്തിക്കുമോരോ 

 അംഗങ്ങളും സ്വയം കൃതാനർത്ഥങ്ങളാൽ 

 വിഷാദഭാവേന ജീവിക്കുവാൻ പഠിക്കുന്നു."


നാലതിരുകളിലെ വീടാണെങ്കിലും 
നാല് ചുവരുകൾക്കുള്ളിലെ വാടകമുറിയാണെങ്കിലും 
അതിനകത്തു കഴിഞ്ഞു കൂടുന്ന ജീവനുകളുടെ 
സ്വഭാവങ്ങളും  ചിന്തകളും തമ്മിൽ യാതൊരു 
സാമ്യവും ഉണ്ടാവണമെന്നില്ല.

കുടുംബ നാഥൻ എങ്ങനെ വരുമാനം തികയ്ക്കും എന്ന് ആലോചിക്കും. 

കാണുന്നവർക്കു അതൊരു സാധാരണ കാര്യം 
എങ്കിലും അന്നന്നേയ്‌ക്കുള്ള അന്നവും അതിനുള്ള 
ചിലവും നടത്തുവാൻ പണമായും പ്രവൃത്തിയായും 
എന്തൊക്കെയാവും ചെയ്യേണ്ടത് എന്ന ആശങ്കയിൽ 
ഉറക്കമുണരുന്ന ചിലരെയെങ്കിലും കാണാം.

ഇതൊന്നും തന്റെ ബാധ്യതകളല്ല എന്ന ഭാവത്തിൽ 
ഭക്ഷണവും ഉറക്കവും മാത്രമായി 
കാലം കഴിക്കുന്ന മറ്റൊരു ഭാഗവും ഉണ്ട്. 

പത്തായത്തിലെ സംഭരണം മുടങ്ങാതിരിക്കാൻ 
സ്വയം പട്ടിണി കിടന്നിട്ടാണെങ്കിലും 
അരിഷ്ടിച്ച്  ശേഖരണം നടത്തി 
ആശ്രിതരെയും സേവകരെയും സംരക്ഷിക്കാൻ വേണ്ടി 
സുരക്ഷിത സമാഹാരം നടത്തുന്ന സാധുവും. 

ജനനവും മരണവും മാത്രമാണ് സത്യം എന്നും 
അതിനിടെയിൽ ആരൊക്കെയോ വന്നും പോയും 
അവരെയൊക്കെ സന്തോഷിപ്പിക്കുകയാണ്
ധർമത്തിൽ പ്രധാനമെന്ന കണക്കെ ഓടിത്തീർക്കുന്ന ജീവൻ.

എല്ലാം സൃഷ്ടിയുടെ ദോഷമായി കണ്ട് 
കിട്ടുന്നതിനെയെല്ലാം ശപിച്ചു 
കാണുന്നതിലെല്ലാം കുറവുകൾ അന്വേഷിച്ചു 
സ്വയം ക്രൂശിതനായി ചുറ്റുമുള്ളവർക്കെല്ലാം 
ദുഃഖം പകർന്നു നശിക്കുകയും ചെയ്യുമ്പോൾ 
അവശേഷിപ്പിച്ചു പോകുന്ന 
കാൽപാടുകളിലെ വേദനകളും സത്യവും 
അന്വേഷിക്കാൻ ആർക്കു നേരം.

ഇന്നത്തേയ്ക് വേണ്ടി ഇന്ന് ജീവിക്കുവാൻ 
മിടുക്കുള്ളവർക്കു മാത്രം സാധിക്കുന്ന കലയാണ്.

വരുന്ന തലമുറയ്ക്ക് ഉപകാരമുള്ള 
എന്തെങ്കിലും ബാക്കി വച്ചാൽ 
അതൊരു ഭാഗ്യം, ഒരാൾക്ക് ഒരിക്കലെങ്കിലും 
പുഞ്ചിരി നൽകാൻ സാധിച്ചാൽ,
മറ്റൊരാളുടെ നല്ല  ഓർമകളിൽ ഭാഗമാവാൻ കഴിഞ്ഞാൽ 
അതിനേക്കാൾ ധന്യം  വേറെ എന്ത്?

_____________________________________________
ഇത്രയും ഓർക്കാൻ പ്രത്യേകിച്ചൊന്നുമില്ല, 
നാല്പത്തി എട്ട് (48) വര്ഷം വേണ്ടി വന്നു ഇത്രയും തിരിച്ചറിവിന്.

No comments: