Thursday, June 25, 2020

തീവണ്ടി യാത്രകൾ : ഖാണ്ഡ്വാ (ഖാൻഡ് വാ ~ അഥവാ ~ ഖാണ്ട് വാ) യിലേക്ക്


"ഖാണ്ഡ്വാ (ഖാൻഡ് വാ ~  അഥവാ ~ ഖാണ്ട് വാ) യിലേക്ക് പോകാൻ തയ്യാറായിക്കോ"  എന്ന് സീനിയർ പറഞ്ഞത് രാത്രി അത്താഴം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്.  സാധാരണ ജോലികൾ കഴിഞ്ഞു ആഹാരമുണ്ടാക്കുന്നതിനു ശേഷം ഒന്നോ രണ്ടോ റൌണ്ട് "കാരംസ് " കളിക്കാറുണ്ട്.  അന്നേരം ഇങ്ങനത്തെ തമാശകൾ കേൾക്കാറുണ്ടെങ്കിലും ഇപ്പൊ പറഞ്ഞത് വളരെ സീരിയസ് ആയിട്ടാണല്ലോ എന്നോർത്തു.  മധ്യ പ്രദേശിലെ പുതിയ പ്രോജെക്ടിൻറെ ഭൂമി പൂജ എന്ന് പറഞ്ഞു മുതലാളി കഴിഞ്ഞ ആഴ്ച അവിടേക്കു പോയതേയുള്ളു.  ഇനി കുറച്ചു ദിവസം ആർമാദിക്കാമല്ലോ  എന്ന സന്തോഷമാണ് ഇത്തിരി മുന്നേ കെട്ടണഞ്ഞത്.
നാലഞ്ചു പേരെ വേണമല്ലോ എന്ന് പറഞ്ഞു അങ്ങേരു ഫോൺ താഴെ  വയ്ക്കാതെ  ആരെയൊക്കെയോ വിളിക്കുന്നതു കണ്ടു.   ഒന്നൊന്നര മണിക്കൊരു കഴിഞ്ഞപ്പോ പോകാനുള്ള ആളുകളുടെ ലിസ്റ്റ് ഒക്കെ ആയി.
മില്ലിലെ തമിഴന്റെ അനന്തിരവനും, ബോട്ട് ക്ലബിലെ സ്വീപ്പറുടെ മകനും, പിന്നെ ജോലി അന്വേഷിച്ചു കഴിഞ്ഞ ആഴ്ച റെയിൽവേ സ്റ്റേഷനിൽ വച്ച് പിന്നാലെ കൂടിയ  പയ്യനും, പുതിയൊരു ആളുംപിന്നെ ഞാനും കൂട്ടിയാൽ നമ്മുടെ "ക്രൂ" തയാറായി എന്നാണു സീനിയർ പറഞ്ഞത്.   അപ്പൊ തന്നെ മുതലാളിയെയും വിളിക്കുന്നത് കണ്ടു.  അവരുടെ സംസാരത്തിൽ നിന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുന്നു തിരിക്കണം എന്ന് ഉറപ്പായി.  ആഴ്ച അവസാനം വീട്ടിലൊക്കെ ഒന്ന് പോയി അത്യാവശ്യം കാര്യങ്ങൾ നടപ്പാക്കി വരാനുണ്ട് എന്ന് പറഞ്ഞു തലയൂരാൻ ഞാൻ ഒരു ശ്രമം നടത്തി.  പക്ഷെ ബുദ്ധി രാക്ഷസനായ സീനിയർ അപ്പൊ തന്നെ എന്റെ വീട്ടിലേക്കു ഫോൺ വിളിച്ചു പറഞ്ഞു എന്റെ പദ്ധതി കുളമാക്കി.
അത് കൊണ്ട് പിറ്റേ ദിവസം വൈകുന്നേരം തന്നെ പോകാനുള്ള ആസൂത്രണങ്ങൾ നടന്നു.  സീനിയറും കൂടെ വരുന്നത് കൊണ്ട് പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമൊന്നുമില്ല എന്ന് എനിക്കും തോന്നി.   ആറു പേർക്കുള്ള ടിക്കറ്റു ഒക്കെ എടുത്തു സീനിയർ ബാക്കി പരിപാടികളിലേക്ക് നീങ്ങി.  കുറെ ടൂൾസ് ഒക്കെ പാക്ക് ചെയ്യാനുണ്ട്.  ലവന്മാരെയൊക്കെ വിളിച്ചു വരുത്തി പെട്ടികളൊക്കെ കെട്ടി തയ്യാറാക്കി.  സീനിയറിന്റെ മോട്ടോർ സൈക്കിൾ (യെസ്‌ഡി - ഡീലക്സ് ) നന്നായി പാക്ക് ചെയ്തു  തീവണ്ടിയുടെ ബ്രേക്ക് വാനിൽ കൊടുത്തു.  കമ്പനിയുടെ അവിടത്തെ ഓഫീസിൽ നിന്നും ആൾകാർ പോയി എടുത്തോളും എന്നായിരിക്കണം അറേഞ്ച് മെൻറ്.  മൂന്നു ദിവസത്തെ  യാത്ര എന്നൊക്കെ പറഞ്ഞു.  ഇടയ്ക്കു ഏതാണ്ടോരു സ്റ്റേഷനിൽ ഇറങ്ങി തീവണ്ടി മാറി കേറണം എന്നും യാത്ര ടിക്കറ്റ് ഒന്നിച്ചാണ് എന്നും പറഞ്ഞിരുന്നു.
"എല്ലാം സാറിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ, ഇറങ്ങി കയറേണ്ട സ്റ്റേഷൻ ആവുമ്പോൾ പറഞ്ഞാൽ മതി നമ്മൾ സാധനങ്ങളുമായി പിന്നാലെ വരാം" എന്ന് ഞാൻ സീനിയറിനോട് പറഞ്ഞു.

ആദ്യമായിട്ടുള്ള തീവണ്ടി യാത്രയാണ്, സീനിയറിനെ ഒഴികെ കൂടെ വരുന്നവരെയൊക്കെ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളു.  എല്ലാവരും അവരവരുടെ ഭാണ്ഡങ്ങളുമായി (എല്ലാം സൂട്ട് കേസുകൾ തന്നെ, ടൂൾസ് ബാഗ് ഒഴികെ ) തീവണ്ടിയിൽ കയറാൻ തയ്യാറായി എത്തി.  ചില ടൂൾസ് പൊതിഞ്ഞിരിക്കുന്നതു കണ്ടാൽ   തോക്കുകൾ പോലെ തോന്നുമായിരുന്നു.   തീവണ്ടിയുടെ ബോഗി നമ്പർ ഒക്കെ നോക്കി ഉറപ്പു വരുത്തി എല്ലാ സാധനങ്ങളും  കയറ്റി  ടിക്കറ്റിൽ കാണിച്ച സീറ്റുകൾ കണ്ട് പിടിച്ചു.  ആറു പേരുടെയും സീറ്റുകൾ ഒക്കെ അടുത്തടുത്തു തന്നെ ആയിരുന്നു.  ലഗ്ഗെജു സീറ്റുകളുടെ അടിയിൽ ഒതുക്കി വച്ചപ്പോഴേക്കും തീവണ്ടി നീങ്ങാൻ തുടങ്ങിയിരുന്നു.  സീനിയറിനെ കൂടാതെ പുതിയൊരാളിനെ കൂടെ കണ്ടത് അപ്പോഴാണ്.  അയാൾ കുറെ കാലമേ മുന്നേ മുതലാളിയുടെ കൂടെ ജോലികളൊക്കെ ചെയ്തിരുന്നതാണെന്നും പി ന്നീടെപ്പോഴോ  ബ്രൂണെ - യിൽ പോയി ഇടക്കാലത്തു നാട്ടിലെത്തിയതാണെന്നും ഒക്കെ സംസാരിച്ചറിഞ്ഞു. 

തീവണ്ടിയിലെ യാത്ര റ്റിക്കറ്റും ശാപ്പാടും ഒക്കെ സീനിയർ കാശു കൊടുത്ത് കൊണ്ട് പ്രത്യേകിച്ചൊരു ബുദ്ധിമുട്ടും തോന്നിയില്ല.  ഇടക്കെപ്പോഴോ തീവണ്ടിയിലെ  ടീ ടീ (ടിക്കറ്റ് എക്‌സാമിനർ)  വന്നു ടിക്കറ്റ് പരിശോധിച്ചു.  പാഠങ്ങളും തോടുകളും ഒക്കെ വേഗത്തിൽ പിന്നോട്ടു കടന്നു പോകുന്നു.  ആദ്യ സംസ്ഥാന അതിർത്തി കടക്കുന്ന സമയത്തു   കുറെ നേരം വണ്ടി നിന്നിരുന്നു.  ലോക്കോ പൈലറ്റ് മാറുന്നതോ മറ്റോ ആയിരിക്കണം.  പിന്നീട് വണ്ടി വീണ്ടും യാത്ര തുടർന്നു.  ഇടക്ക് തീവണ്ടിയിലെ ഭക്ഷണം (അത്താഴം / പ്രാതൽ ) ഒക്കെ കൃത്യമായി വന്നു കൊണ്ടിരുന്നു.
സീനിയർ ഇടക്ക് പേഴ്സ് ഒക്കെ തുറന്നു നോക്കുന്നത് കണ്ടപ്പോൾ ചെറിയൊരു സംശയം.  "ഈ തീവണ്ടിയിൽ തിന്നാൻ തന്നെ പൈസ മുഴുവൻ തീർക്കുമോ"  കയ്യിലാണെങ്കിൽ നയാ പൈസ ഇല്ല.  മാസം തീരാത്ത കൊണ്ട് ശമ്പളവും കിട്ടിയിട്ടില്ലാരുന്നു.  എന്റെ നോട്ടം കണ്ടപ്പോര് സീനിയർ ഒന്ന് കണ്ണുരുട്ടി.  വരുന്നതാകട്ടെ അന്നേരം നോക്കാം എന്ന മട്ടിൽ പുറത്തേക്കു നോക്കിയിരുന്നു.
അങ്ങനെ തീവണ്ടി രണ്ടാമത്തെ സംസ്ഥാനവും കടന്നു.  ഇടക്കെപ്പോഴോ ഡീസൽ എൻജിൻ മാറ്റി ഇലക്ട്രിക് എൻജിൻ പിടിപ്പിക്കുന്നതും കണ്ടിരുന്നു.  സമയം ഏതാണ്ട്  രാത്രി ഏഴു മണി ആയിരുന്നു.   വേറൊരു ടീ ടീ വന്നു വീണ്ടും ഒരു ടിക്കറ്റ് പരിശോധന.  അപ്പോൾ അദ്ദേഹം പറഞ്ഞു, "രണ്ട് മണിക്കൂർ കൂടി കഴിയുമ്പോ നിങ്ങള്ക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആവും, "ഇറ്റാർസി" എന്നാണ് സ്റ്റേഷന്റെ പേര്".
പ്ലാറ്റ് ഫോം വലതു വശത്തു ആയിരിക്കും എന്നും പറയുന്നത് കേട്ടിരുന്നു.  ഉടനെ തന്നെ കൂടെയുള്ളവരെ ഒക്കെ വിളിച്ചു കൂട്ടി പെട്ടികളൊക്കെ ഇറക്കാൻ തയ്യാറാക്കി വച്ചു.  തീവണ്ടി സ്റ്റേഷനിൽ എത്തി.  വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ പെട്ടികളൊക്കെ ഇറക്കാൻ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.  പക്ഷെ അവിടെ ഇറങ്ങിയപ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ആയതു.  അടുത്ത തീവണ്ടി പോകാൻ പതിനഞ്ചു മിനിറ്റു മാത്രമേ ഉണ്ടായിരുന്നുള്ളു. സീനിയറിനു ഇത്തിരി പരിഭ്രമമായി.  എന്നാലും അങ്ങേരു അത് പുറത്തു കാണിക്കാതെ മേൽപ്പാലത്തിലൂടെ അടുത്ത പ്ലാറ്റ് ഫോമിലേക്ക് നടന്നു.  കൂടെ ഞങ്ങളും പെട്ടികളും ഭാണ്ഡങ്ങളുമെടുത്തു  പരിവാരമായി  പിന്നാലെ  ഓടി.  അടുത്തത പ്ലാറ്റ് ഫോമിൽ കിടന്ന തീവണ്ടിയിലേക്ക് സീനിയർ കയറി.  തീവണ്ടി ബോഗിയിലെ നമ്പരൊക്കെ വായിച്ചു നോക്കുന്നത് കണ്ടപ്പോൾ ഏതാണ്ട് ഉറപ്പായ പോലെ തോന്നി.

"ഇത് തന്നെയല്ലേ" എന്ന എന്റെ ചോദ്യത്തിന് തലയാട്ടുന്നതു കണ്ടപ്പോൾ തന്നെ ഞങ്ങൾ  പെട്ടികളെല്ലാം എടുത്തു തീവണ്ടിക്കകത്തു  കയറ്റി.   ലഗേജ് കയറ്റി തീരുമ്പോഴേക്കും തീവണ്ടി പോകാനുള്ള ചൂളം വിളി കേട്ടു.  കിട്ടിയ സീറ്റിൽ ഇരുന്ന് പെട്ടികളൊക്കെ അവിടവിടെയായി വച്ച് കഴിഞ്ഞു പുറത്തേക്കു നോക്കിയപ്പോൾ നല്ല ഇരുട്ട്.  കൂടെയുള്ളവർ നാലും ഉറക്കം തുടങ്ങിയിരുന്നു.  അറ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒരു ടി ടി വന്നു.  ഹിന്ദിക്കാരൻ  ആണ്.  ചോദിച്ചപ്പോ തന്നെ ടിക്കറ്റ് എടുത്തു കൊടുത്ത സീനിയറിനെ ടി.ടി. സൂക്ഷിച്ചു നോക്കി.  എന്തോ പന്തികേട് തോന്നി.

"ആപ് ലോഗ്  ഗലത്  ഗാഡി  മേം ഹേ " എന്ന് പറഞ്ഞപ്പോ സീനിയർ എന്റെ നേരെ നോക്കി.
" ഹം", "തും"  എന്നൊക്കെയല്ലാതെ കൂടുതൽ ഹിന്ദി ഒന്നും സീനിയറിനു വശമില്ലാരുന്നു എന്ന് അപ്പോഴാണ് മനസിലായത്.  (പാവം ഏതോ ഇംഗ്ലീഷ് മീഡിയം കോൺവെന്റിലും മദ്രാസിലെ ഏതോ വല്യ എഞ്ചിനീയറിംഗ് കോളേജിലും ഒക്കെ പഠിച്ചു എങ്കിലും "ഹിന്ദി നഹി മാലൂം").

ടി . ടി. പറഞ്ഞതിൽ നിന്നും മനസിലായ കാര്യങ്ങൾ അങ്ങേർക്കു വിശദീകരിച്ചു കൊടുത്തു.
ഇറ്റാർസി - യിൽ നിന്നും "ഖാണ്ട് വാ" യിലേക്ക് പോകേണ്ടതിനു പകരം നമ്മൾ "കാണ് പൂര് " പോയിക്കൊണ്ടിരിക്കുകയാണ് എന്ന് ....
ടി. ടി. ഒരു സൗജന്യം ചെയ്‌തു തന്നു.  ഞങ്ങളെ  ഫൈനൊന്നും അടിക്കാതെ അടുത്ത സ്റ്റേഷനിൽ ഇറക്കാം എന്ന് പറഞ്ഞു.  പക്ഷെ അവിടുന്നു ഇറ്റാർസിയിലേക്കു ആറ് പേർക്കും വേറേ ടിക്കറ്റ് എടുക്കണം,  ഇറ്റാർസിയിൽ നിന്നും "ഖാണ്ട് വാ" യിലേക്ക് നിങ്ങളുടെ കയ്യിലെ ടിക്കറ്റ് മതിയാകും എന്നും.

അയാളോട് ഇനി കയറേണ്ട തീവണ്ടിയുടെ നമ്പറും, പ്ലാറ്റുഫോം നമ്പറും ഒക്കെ ചോദിച്ചു മനസിലാക്കാൻ സീനിയർ പറഞ്ഞു.  ആ ടി.ടി. യൂടെ  ദയ കൊണ്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങി. ഇനി വരുന്ന തീവണ്ടി ഏതാണ് എന്ന് നോക്കിയപ്പോ "ഖാണ്ട് വാ"യിലേക്കുള്ളത് തന്നെയാണ് എന്ന് പറഞ്ഞത് ഓർത്തു.  കുഴപ്പം ടിക്കറ്റ് എടുക്കുന്നതാണ്.
സീനിയർ നമ്മളോട് ചോദിച്ചു.
"ഒരു മണിക്കൂറിനകം ഇറ്റാർസി എത്തുമല്ലോ, അത് വരെ ഒരു പ്ലാൻ ഉണ്ട്" 
ടിക്കറ്റ് എടുക്കാൻ പൈസ ഇല്ല എന്ന കാര്യം മറച്ചു വയ്ക്കുകയായിരുന്നു ആ വചനത്തിന്റെ പിന്നിൽ.

നമുക്ക് പിന്നെ പേടി ഇല്ലല്ലോ.  എനിക്ക് ഒഴികെ ആർക്കും ഹിന്ദി അറിയുകയുമില്ല.  അത് കൊണ്ട് തന്നെ ഞാൻ വായ് തുറക്കാതിരുന്നാൽ വരുന്ന ടി.ടി മാർ ഹിന്ദി സംസാരിച്ചു വശം  കെടുമായിരിക്കും.
തീവണ്ടി അടുത്തു വന്നപ്പോൾ ചെറിയൊരു ചങ്കിടിപ്പ് ഉണ്ടായിരുന്നു എങ്കിലും കൂടെ ഉണ്ടായിരുന്നവരുടെ ഉത്സാഹം കൊണ്ട്  പെട്ടികളെല്ലാം ഓരേ സ്ഥലത്തു  വ ച്ചു  ഞങ്ങൾ പല ഭാഗങ്ങളിലായി ചിതറി.  ടി. ടി. യുടെ വരവും പോക്കും ഏതാണ്ട് മനസിലായപ്പോൾ അതിനനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറി കൊണ്ടിരുന്നു.  ചെലപ്പോ ടോയ്‌ലെറ്റിൽ, ചിലപ്പോ രണ്ട് ബോഗികൾ യോജിപ്പിക്കുന്ന ഭാഗത്തെ പടുതയുടെ ഇടയ്ക്കും, മറ്റു ചിലപ്പോ ബെർത്തിൽ പുതപ്പു കൊണ്ട് മൂടിയും ഒക്കെ തിരിഞ്ഞു കളിച്ചു.  എന്തായാലും ടി. ടി. ക്കു മുഖം കൊടുക്കാതെ ഇറ്റാർസി വരെ എത്തി.  അവിടെ കുറച്ചു നേരം വണ്ടി കിടക്കുന്നുണ്ട് അന്ന് അടുത്തുണ്ടായിരുന്ന യാത്രക്കാർ പറയുന്നത് കേട്ടിരുന്നു.  അത് കൊണ്ട് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി.   സീനിയറിന്റെ മുഖത്ത് ഇത്തിരിയെങ്കിലും രക്ത പ്രസാദം കണ്ടത് അപ്പോഴാണ്.

"ഇവിടുന്നങ്ങോട്ടുള്ള ടിക്കറ്റ് നമ്മുടെ കയ്യിലുണ്ടല്ലോ  ?" എന്ന എന്റെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു മറുപടി.
"നിനക്കെന്തായാലും കാര്യം മനസിലായിരുന്നു  ല്ലേ " - സിനിയറിനൊപ്പം ഞാനും  ചിരിച്ചു.

ലവന്മാരൊക്കെ ഉറക്കം നിന്നതിന്റെ ക്ഷീണത്തിലാവും.  ഞാനും ഒന്ന് ഇരിക്കട്ടെ എന്ന് വിചാരിച്ചു തീവണ്ടിയ്ക്കുള്ളിലേക്കു പോയി.  അവിടന്നങ്ങോട്ട്  ടി. ടി. യോ വേറെ ആരുമോ വന്നു കണ്ടില്ല.  "ഖാണ്ട് വാ" എത്തിയപ്പോഴേക്കും ഏതാണ്ട് 11 മണിയായിരുന്നു.   എല്ലാവരും ഇറങ്ങി സാധനഗ്നളെല്ലാം ഉണ്ടോ എന്ന് ഉറപ്പു വരുത്തി.  സ്റ്റേഷന് പുറത്തു പോകാനുള്ള വഴികൾ നോക്കി വച്ചു.  നമ്മളെ കൊണ്ട് പോവാൻ ജീപ്പുമായി ആളുണ്ടാവും എന്നൊക്കെയായിരുന്നു പദ്ധതി.

എന്തായാലും ഓഫീസിലേക്ക് വിളിച്ചു ചോദിക്കണം.  ഫോൺ അന്വേഷിച്ചു നടക്കാൻ തുടങ്ങി.  സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു  ചെന്ന് വിവരങ്ങൾ പറഞ്ഞു.  ദ്വിഭാഷിയുടെ റോളായിരുന്നു എനിക്ക്.  ഞങ്ങൾ വരേണ്ടിയിരുന്ന തീവണ്ടി രണ്ട് മണിക്കൂർ നേരത്തെയായിരുന്നു എന്നും ഇപ്പൊ വന്നത് വേറെ വണ്ടിയിലാണെന്നും ഒക്കെ പറഞ്ഞപ്പോ "പെട്ടികളോക്കെ ക്ളോക്ക് റൂമിൽ വച്ച് നിങ്ങളുടെ  ഓഫീസിൽ നിന്നും ആരെങ്കിലും വരുന്നത് വരെ ഇവിടെ വെയ്റ്റ് ചെയ്യൂ" എന്ന് ആ നല്ല മനുഷ്യൻ ഉപദേശിച്ചു.   അവിടത്തെ കമ്പനിയുടെ ഓഫീസിലേക്ക് ഫോൺ ചെയ്തു നോക്കാൻ പറ്റുമോ എന്ന് സീനിയർ ചോദിച്ചു.  ഇത്തിരി കണ്ണുരുട്ടിയെങ്കിലും ദൈന്യതയും പരവേശവും  ഉറക്കച്ചടവും ഒക്കെ കണ്ടിട്ടാവണം അദ്ദേഹം ഫോണെടുത്തു കറക്കി.  ഓഫീസിലെ ഫോണിൽ കിട്ടിയത് അവിടത്തെ അകൗണ്ടന്റിനെ  ആയിരുന്നു.  നമ്മുടെ മുതലാളി രാവിലെ മൂതൽ അവിടെ തന്നെ ഉണ്ടായിരുന്നു.  തീവണ്ടി എത്തുന്ന സമയം കണക്കു കൂട്ടിയാണ് അങ്ങേര് ഇരുന്നത് എന്ന് തോന്നി.  സീനിയർ മുതലാളിയുടെ സംസാരിച്ചു  ഡ്രൈവറെ വീണ്ടു പറഞ്ഞു വിടണമെന്ന് ഏർപ്പാട് ചെയ്തു ഫോൺ വെച്ചു.   സ്റ്റേഷൻ മാസ്റ്ററോട് നന്ദി പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.  പത്തു പതിനഞ്ചു മിനിറ്റിനകം ഡ്രൈവർ ജീപ്പുമായി എത്തി.

പെട്ടികളെല്ലാം കയറ്റി ഞങ്ങൾ മലയാളി മാഫിയ "ഖാണ്ട് വാ" നഗരത്തിലേക്ക്.

No comments: