Wednesday, June 24, 2020

പൂർവ്വാശ്രമത്തിലെ അഭ്യാസം

അവധിയാണോ അതോ പരിച്ഛേദം സ്ഥലം മാറ്റം ലഭിച്ചതാണോ എന്ന് വ്യക്തമല്ല.   പൂർവ വിദ്യാലയത്തിനടുത്ത് തന്നെ തൊഴിൽ ശാലയും അവിടുന്നു അധികം ദൂരെയല്ലാതെ താമസ സ്ഥലവും കിട്ടി.  ജോലികൾ കഴിഞ്ഞു നടന്നു പോകാവുന്നത്ര ദൂരം മാത്രമേ  താമസ സ്ഥലത്തേക്ക്.  പലപ്പോഴും നടന്നു പോകുന്നത് പൂർവ വിദ്യാലയത്തിന്റെ കളിസ്ഥലം മുറിച്ചു കടന്നാണ്.  ചെലപ്പോൾ കുറെ കുട്ടികൾ അവിടെ കളിക്കുന്നത് കാണാം.  മറ്റു ചിലപ്പോൾ ചവിട്ടുപടികളിൽ ഇരുന്നു കലപില ബഹളമയമായിരിക്കും.

അങ്ങിനെ ഒരു ദിവസം നടക്കുമ്പോൾ എതിരെ വരുന്നൊരു പരിചിത മുഖം.  മുൻകാല സഹപാഠി തന്നെ.  നാലഞ്ചു വര്ഷം മുൻപ് കണ്ടതാണ്.  രണ്ടാൾക്കും വലിയ മാറ്റങ്ങൾ ഒന്നുമില്ല.  അങ്ങേരുടെ ജോലിയുടെ കാര്യം വലിയ തിട്ടമില്ല.  ചെലപ്പോ വ്യവസായം നാട്ടിലേക്ക് കൂടി വ്യാപിപ്പിച്ചതിന്റെ ഭാഗമായി വന്നതാവാം.  മുഖാമുഖം കണ്ടപ്പോൾ തന്നെ സ്വതസിദ്ധമായ ചിരി നടപ്പിനെ നിറുത്തി.  പിന്നെ കുശലം പറച്ചിലായി.

സുഖ വിവരങ്ങൾ പറയുന്നതിനിടെ,
"അവർ നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.  കാണാൻ വന്നില്ലേ ?" ഏന്നു   ചോദിച്ചു.

"ഏയ്? ആരാ? എന്ത് ?" എന്ന് ഞാൻ  തിരിച്ചു  ചോദ്യം.
ഒരിക്കലും വേണ്ടി വരില്ല എന്ന് കരുതി മടക്കി വച്ച അധ്യായങ്ങൾ തുറക്കാനാണോ ഇവൻ ശ്രമിക്കുന്നത് എന്നൊരു സംശയം തോന്നാതിരുന്നില്ല.

"ഇന്നലെയും അവിടെ കൂടിയാലോചന ഒക്കെ ഉണ്ടായിരുന്നു.  ഇന്ന് നിന്നെ വന്നു കാണണം എന്നൊക്കെ പറയുന്നത് കേട്ടു."  അവൻ തുടർന്നു.

"ഓ, ഇത് വരെ ആരും വന്നില്ല.  ഇനിയൊട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നുമില്ല"  എന്നു  പറഞ്ഞു   പഴയ സഹപാഠിയെ അവന്റെ വഴിക്കു വിട്ടു ഞാൻ എന്റെ ലാവണത്തിലേക്കു നടപ്പു തുടർന്നു.

അല്പദൂരം നടന്നതേയുള്ളു, ഒരു പിൻവിളി.
ആരോ കൈ കൊട്ടി വിളിക്കുന്നു.  തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ എന്നോട് നിൽക്കാൻ ആംഗ്യം കാണിക്കുന്നുണ്ട്.  ഒപ്പം അയാൾ എന്റെ അടുത്തേക്ക് ഓടി വരികയുമാണ്.
ഇതാരാണ്  എന്ന് ശങ്കിച്ചു ഞാൻ തിരിയുമ്പോഴേക്കും അയാൾ അടുത്തെത്തിക്കഴിഞ്ഞിരുന്നു. 

ഒരു പരിചയവും തോന്നുന്നില്ലാത്ത ഒരു മുഖം.  അയാളെ ഇതിനു മുൻപ് കണ്ടതായി ഓർക്കുന്നേയില്ല.

"അങ്ങേരു പറഞ്ഞ കാര്യത്തെ പറ്റി  ആലോചിച്ചോ?  എപ്പഴാ ഒന്ന് ഇരിക്കാൻ പറ്റുക ?" അയാൾ വളരെ ആവേശത്തോട് കൂടെ ചോദിക്കുകയാണ്.

വയ്യാവേലി വന്നപോലെ!
ഇയാളെ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിക്കുമ്പോൾ തന്നെ വായിൽ മറുപടി വന്നു.

"സുഹൃത്തേ, എനിക്ക് നിങ്ങളെയോ, നിങ്ങൾക്ക് എന്നെയോ ഇത് വരെ പരിചയമില്ലാതെ നിങ്ങൾക്ക് എന്നോടോ, എനിക്ക് നിങ്ങളോടോ എന്തെങ്കിലും സംസാരിക്കാനുണ്ടാവുമെന്നു തോന്നുന്നില്ല.  തൽക്കാലം എനിക്ക് പോകണം."
അയാൾ അത് കേട്ടോ എന്ന് പോലും ശ്രദ്ധിക്കാതെ ഞാൻ എന്റെ ലക്ഷ്യത്തിലേക്കു നടന്നു.     

അടുത്ത മരച്ചില്ലകളിൽ നിന്നും കിളികൾ ചിലക്കുന്നുണ്ടായിരുന്നു.  ഒപ്പം ചിലതു പറന്ന്  പോകുകയും ചെയ്യുന്നു.

പൂർവ്വാശ്രമത്തിനേക്കാൾ ഇപ്പോഴത്തെ ആശ്രമത്തിനു തന്നെയാണ് ഇപ്പോഴും പ്രാധാന്യം എന്ന് തന്നെയല്ലേ.

[ പ്രദീപ് - 2020 ]





No comments: