ശകട നിലയം [1993 ~ time EKM to TVM ]
[5 february 1994]
പപ്പനാവന്റെ നടയിൽ തൊഴുതുതിരിച്ചു വരുന്നതിനു മുന്നേ
പഴവങ്ങാടി ഗണപതി കോവിലിൽ
വിഘ്‌നങ്ങളെല്ലാം അകറ്റാനായി
നാളികേരമോന്നെറിഞ്ഞുടച്ച്
ശകട നിലയത്തിലേക്ക്.
തലസ്ഥാന നാഗരിയിലേക്കുള്ള ഓരോ യാത്രയിലും ഇങ്ങനെയുള്ള നിമിഷങ്ങൾ സാധാരണയാണ്.
അന്നൊരു ദിവസ്സം തിരക്കുകൾ കൊണ്ട് കാര്യങ്ങൾ സമയ ക്ലിപ്തതയില്ലാതെയാണ് നീങ്ങിയത്.
തലസ്ഥാനത്തു പ്രവേശന പരീക്ഷ എഴുതാൻ ബന്ധുവിന്റെ മക്കളെ കൊണ്ട് പോകാമെന്നു അച്ഛൻ പറഞ്ഞപ്പോൾ അമ്മ ഇടപെട്ടു അതൊരു കുടുംബ യാത്ര ആക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പുറപ്പെട്ടു തിരുവനന്തപുരത്തുള്ള അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ എത്താനാണ് പരിപാടി. യാത്രയ്ക്കായി വാടക വണ്ടിയെല്ലാം ഏർപ്പാടാക്കി. എന്നോട് ഉച്ചയാകുമ്പോഴേക്കും വീട്ടിലെത്തണമെന്നു നിഷ്കർഷിച്ചു.
തലസ്ഥാനത്തേക്ക് യാത്ര പോകുന്നു, പാതി ദിവസം അവധി തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ഥാപന ഉടമ ഒരു കൂട്ടം അത്യാവശ്യ ജോലികൾ ഏല്പിച്ചിട്ടു "അവ തീർത്തിട്ട് നേരത്തെ പോയ്‌കൊള്ളൂ" എന്ന് പറഞ്ഞു.
ലീവ് തരില്ല എന്ന് നല്ല മുതലാളിമാർ പറയാറില്ലല്ലോ.
ഒരു മുൻകരുതലായി വീട്ടിലേക്കു ഫോൺ വിളിച്ചു പറഞ്ഞു. അവർ നേരെ പൊയ്ക്കോ, ഞാൻ എറണാകുളത്തു നിന്നും തിരുവനന്തപുറത്തേക്കുള്ള വണ്ടിയിൽ വന്നോളാം എന്ന്.
ശനിയാഴ്ച ആയതു കൊണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും എറണാകുളത്തു ലോഡ്ജിന്റെ മറ്റോ താമസിച്ചു ഓഫീസിൽ വന്നു ജോലി ചെയ്യുന്ന ഒന്ന് രണ്ടു സഹ പ്രവർത്തകരും നേരത്തെ പോകുന്നതിന്റെ കശപിശയും നടക്കുന്നുണ്ട്. അവരുടെയൊക്കെ ആഴ്ച ചെലവുകൾ ഒത്തു നോക്കി കരാർ ജോലികളില് പുരോഗതിയൊക്കെ അതാത് രേഖകളിൽ ചേർത്ത് തൊഴിലാളികളുടെ കൂലി (ആഴ്ച കണക്കിൽ) കണക്കു കൂട്ടി ഓരോരുത്തർക്കും നൽകേണ്ട തുകകൾ ഒരു കടലാസിൽ എഴുതി വകുപ്പ് മേധാവിയെ ഏല്പിക്കുവാൻ പോകുമ്പോഴാണ് ആലപ്പുഴയ്ക്ക് പോകാനുള്ള ഒരു സഹപ്രവർത്തകൻ ആപ്പീസിൽ നിന്നും പുറത്തേക്കു വരുന്നത് കണ്ടത്.
"എടോ, ഇന്ന് ഞാനും കൂടി വരാം തിരുവനന്തപുരത്തേക്കുള്ള വണ്ടിയിൽ നിങ്ങളോടൊപ്പം" എന്ന് പറഞ്ഞു. ധൃതിയിൽ "ഓടി വന്നാൽ പതിനഞ്ച് മിനിറ്റിനുള്ളിൽ പുറപ്പെടുന്ന വണ്ടിയിൽ പോകാം" എന്ന് അയാൾ മറുപടിയും തന്നു. "ഞാനിപ്പോൾ തന്നെ വൈകി. നിൽക്കാൻ നേരമില്ല പെട്ടെന്ന് വന്നാൽ ഒന്നിച്ചു പോവാം" എന്ന് അയാൾ വീണ്ടും പറഞ്ഞു.
വകുപ്പ് മേധാവി എന്റെ കടലാസുകളെല്ലാം നോക്കി ഒപ്പു വായിച്ചപ്പോളേക്കും പത്തിരുപതു മിനിട്ടു കഴിഞ്ഞിരുന്നു. ഉടനെ തന്നെ രാവിലെ കൊണ്ട് വന്നിരുന്ന തോൾ സഞ്ചിയുമെടുത്തു പുറത്തേക്കു ഇറങ്ങി. സ്ഥാപന ഉടമയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു. അതിന്റെ വാതിൽ പാതി അടഞ്ഞും കിടന്നിരുന്നു എങ്കിലും ആൾ അകത്തു തന്നെ ഉണ്ട് എന്ന് മനസിലായി.
കൂടുതൽ ഒച്ചയനക്കങ്ങളൊന്നുമില്ലാതെ ആപ്പീസ് കെട്ടിടത്തിന് പുറത്തെത്തി. പ്രധാന വഴികളിലേക്ക് കടന്നു നേരെ നടന്നാൽ അഞ്ചു മിനിട്ടു കൊണ്ട് ശകടനിലയത്തിലെത്താം. നടന്നും ഓടിയും അവിടെത്തിയപ്പോഴേക്കും LSFP (അതിവേഗ യാത്ര വാഹനം) യാത്രയായിരുന്നു. നേരത്തെ ഇറങ്ങിയ സഹപ്രവർത്തകൻ അതിൽ കയറിയിരിക്കാം എന്ന് ചിന്തിച്ചു.
വാഹന ആപ്പീസിലെ സാറിനോട് ചോദിച്ചപ്പോൾ അടുത്ത മുപ്പതു മിനിറ്റിൽ വേറൊരു വണ്ടി വരുന്നുണ്ട് എന്ന് പറഞ്ഞു. ജോലി സ്ഥലതു നിന്നും ഓടിച്ചാടി ഇറങ്ങുകയും വഴികൾ മുറിച്ചു കടക്കുന്നതിനിടയിലെ ഓട്ടവും എല്ലാം കൂടി ചെറുതായ ക്ഷീണം തോന്നിച്ചു. അടുത്തു കണ്ട നാലുചക്ര വണ്ടി (ഉന്തു വണ്ടി) യിൽ നിന്ന് ഒരു ഉപ്പു നാരങ്ങ വെള്ളം വാങ്ങി കുടിച്ചു.
തിരിച്ചു വന്നപ്പോളേക്കും വേറൊരു വണ്ടിയിൽ പോകേണ്ട സ്ഥലത്തിന്റെ പേരെഴുതിയ പലക മരിച്ചു വയ്ക്കുന്നത് കണ്ടു. "തിരുവനന്തപുരം"!!!
വണ്ടിയോടിക്കുന്ന കാക്കിയിട്ട സാറിനോട് എപ്പോഴാണ് ആ വാഹനം പോകുന്നത് എന്ന് തിരക്കി.
15 മിനിറ്റു സമയം ഉണ്ട്. ഒരു ചായ കുടിക്കാൻ ഇറങ്ങുന്നതാണ്, ഉടനെ വണ്ടി പോകും എന്ന് പറഞ്ഞു അദ്ദേഹം വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ ആപ്പീസിന്റെ ഭാഗത്തേക്ക് പോയി. പെട്ടെന്ന് തന്നെ ഞാൻ ആ വണ്ടിയിലേക്ക് കയറി. ആദ്യം കയറിപ്പറ്റിയതു കൊണ്ട് ഏറ്റവും മുന്നിൽ തന്നെയുള്ള ഇരിപ്പിടം കിട്ടി.
ഇടതു വശത്തെ കാഴ്ചകളൊക്കെ ശരിക്കു കാണാവുന്ന ജനാലയ്ക്ക
രികിലെ തന്നെ ഇരിപ്പിടം. ഒപ്പം വാഹനം ഓടിക്കുന്നതും ശരിക്കു കാണാം. വണ്ടികൾ എന്നും കൗതുകമായിരുന്നു പോലെ തന്നെ വാഹനം ഓടിക്കുന്നതു കാണുന്നതും ഒരു സന്തോഷം ആയിരുന്നു.
തലസ്ഥാന നഗരിയിലേക്ക് ഇനി ഏതാനും കിലോമീറ്ററുകൾ മാത്രം. സാധാരണ തിരുവനന്തപുരം യാത്രകളിൽ ആരെങ്കിലുമൊക്കെ കൂടെയുണ്ടാവുന്നതു പതിവാണ്. ഈ യാത്രയാണ് ഒറ്റയ്ക്ക് വന്നത്.
No comments:
Post a Comment