Ghosting! അഥവാ ഒഴിവാക്കൽ.
മനുഷ്യന് ആവശ്യങ്ങൾ നിവർത്തിക്കാൻ ആരുടെ മുന്നിലും കൈ നീട്ടുന്ന ശീലം ആദികാലം മുതലേ ഉണ്ടായിരിക്കണം.
പരിണാമ ഗുപ്തിയിൽ മൃഗങ്ങളെ മെരുക്കി സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിക്കുവാൻ ശീലിച്ചത് മേൽ പറഞ്ഞ കാര്യത്തിൽ സഹായമായിട്ടുണ്ടാവണം.
സമ്പാദിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടം പലർക്കും പല രീതിയിൽ ഗുണ ദോഷ സമ്മിശ്രമായി വന്നിട്ടുണ്ട്. ആർജിത സമ്പത്ത് പരിരക്ഷിക്കാൻ മിടുക്കുണ്ടായിരുന്നവർ തുലോം കുറച്ചു മാത്രം അദ്ധ്വാനിച്ചു സന്തോഷം കണ്ടെത്തി. എന്നാൽ മദ്ധ്യവർഗ ജീവികൾ (സമൂഹത്തിലെ ഉന്നത കുല ജാതരോ, സാമ്പത്തിക പരാധീനരോ അല്ലാത്ത ഒരു കൂട്ടം) ആർജിത സമ്പത്ത് ഇല്ലാത്തത് കൊണ്ടും, സമ്പാദ്യമില്ലാതെ ചെലവുകൾ ഏറുന്നത് കൊണ്ടും അന്യദേശങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായ കൂട്ടത്തിലാണ്. അങ്ങനെയൊരു മദ്ധ്യവർഗ കുടുംബത്തിൽ നിന്നും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയവരിൽ ഒരാളാണ് "പ്രതി".
വിദ്യാലയ-കലാലയ കാലത്തു പോലും ദിവസേന വീട്ടിലെത്തിയ ശേഷം മാത്രം ഉറങ്ങിയിരുന്നവൻ ഗൾഫിലെത്തിയ ശേഷം ആകെ മാറിപ്പോയെന്നാണ് നാട്ടുകാരുടെ സംസാരം.
വാരാന്ത്യ ദിവസങ്ങളിലടക്കം മണലാരണ്യത്തിലെ ചൂടും പൊടിക്കാറ്റും കാര്യമാക്കാതെ ജോലിചെയ്യുന്നതിനിടെ പലതും മറക്കാനും ചിലതൊന്നും ഓർക്കാതിരിക്കാനും കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. ആകെയുണ്ടായിരുന്ന ഒരു ആനന്ദകരമായ വിനോദം അടുക്കളയിൽ ചെയ്യുന്ന യുദ്ധസമാനമായ മേളമാണ്. പലതരം പരീക്ഷണങ്ങളും വിജയകരമായി നടത്തിയ സംതൃപ്തി കൂടെ താമസിച്ചിരുന്ന മറ്റു അവിവാഹിതരായ ചെറുപ്പക്കാരുടെ മുഖത്തും കാണാമായിരുന്നു.
നാടുവിട്ട് ബോംബെയിലേക്ക് തീവണ്ടി കയറുമ്പോൾ മനസ്സിലുറപ്പിച്ച പദ്ധതികൾക്ക് വേണ്ട സാമ്പത്തികം സ്വരൂപിക്കുന്ന തിരക്കിനിടെ ആഴ്ചകളും മാസങ്ങളും പോയതറിഞ്ഞില്ല. മാസാവസാനത്തെ വാരാന്ത്യത്തിൽ വീട്ടിലേക്കുള്ള ഫോൺ വിളി, അതും ചില്ലറയിട്ട് കറക്കി വിളിക്കുന്ന ഫോണിലൂടെ. ഓരോ തവണ ഫോൺ വിളി കഴിയുന്ന മുറയ്ക് വീട്ടിലേയ്ക് പൈസ അയച്ചു കഴിയുന്നതോടെ കഷ്ടി ചെലവിനു മാത്രം ഇത്തിരി കാശു ബാക്കിവരുന്ന ദയനീയ അവസ്ഥ. ആർത്തിയെന്നും ദൈന്യതയെന്നും തോന്നുന്ന വിധം ജോലിചെയ്യുന്നതു കണ്ട പല മേലുദ്യോഗസ്ഥരും അത്ഭുതപ്പെടുന്നത് സഹപ്രവര്‍ത്തകരുടെ അസൂയയ്കും കാരണമാവുന്നത് സ്ഥിരം സംഭവമായി.
വർഷാവസാനം അവധിക്കാലമായപ്പോൾ കൂടെ താമസിച്ചിരുന്നവർക്കാണ് കൂടുതൽ ഉൽസാഹം. കാരണം പലരുടേയും കത്തുകളും സമ്മാനപ്പൊതികളും വീടുകളിലെത്തിക്കുന്നതും തിരികേ വരുമ്പോൾ കത്തുകളുടെ മറുപടികളും വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും കൊണ്ടുവന്ന് നൽകുന്ന ചുമതല പറയാതെ തന്നെ ഏറ്റെടുക്കുന്നത് അവധിക്ക് പോകുന്നയാളാണ്.
ആദ്യ അവധി ആയതു കൊണ്ടു പ്രത്യേക പരിഗണന ഒന്നും ഇല്ല, പെട്ടി കെട്ടി മുപ്പത്തിരണ്ട് കിലോ കൃത്യമാക്കിയ സഹമുറിയൻമാർ. വിമാനത്തിൽ കയറുന്നതു വരെ തിരികേ വരുന്ന കാര്യം സംശയമാണ് എന്നു പറഞ്ഞിട്ടില്ല.
എങ്കിലും നാട്ടിലെ എയർപോർട്ടിൽ കാത്തിരുന്ന വീട്ടുകാരെ കണ്ടപ്പോൾ തോന്നിയിരുന്ന സന്തോഷം രണ്ടു ദിവസം കൊണ്ട് തീരുമെന്ന് ഒട്ടും കരുതിയില്ല.
"എത്ര ദിവസം അവധി?"
"എന്നാ തിരികെ പോകുന്നത്?"
"ആ സ്ഥലത്തിന് അഡ്വാൻസ് കൊടുക്കണം,"
"നീ വരുമ്പോൾ കരാർ എഴുതാം എന്ന് പറഞ്ഞതാണ്."
ഇതെല്ലാം കേട്ടപ്പോൾ ഏതോ വാരിക്കുഴിയിൽ വീണ അവസ്ഥ!
ആദ്യ വർഷത്തെ അവധി കഴിഞ്ഞ മടക്കം ഇത്തിരി മാനസിക വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീടുള്ള ഓരോ വർഷങ്ങളിലും ഉണ്ടാക്കിയ ആവർത്തനം ഒരു ശീലമായി.
പിന്നീടുണ്ടായ തിരിച്ചറിവ് അപാരം.
അതായത്,
അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ പെട്ടിയിൽ നിറച്ചും നിധി ആണ്!
അത് മുഴുവനും നാട്ടിൽ ചെലവാകുന്നതുമാണ്, അരുത് എന്ന് പറയുന്നവൻ പ്രവാസിയല്ല!
പ്രവാസിയുടെ പണം ചെലവാക്കുന്നതിന് ആരുടെയും [പ്രവാസിയുടെ പോലും] അനുവാദം വേണ്ട! കാരണം പ്രവാസിക്ക് "ഗൃഹാതുരത്വം" മാത്രമല്ല ഹരിതാഭയും ചാറ്റൽ മഴയുമൊക്കെ മതി!
ചില സന്ദർഭങ്ങളിൽ കൂടെ നില്‍ക്കുന്ന ചില ആൾക്കാരുടെ പ്രകടനങ്ങൾ കാണുമ്പോൾ നമ്മൾ ആ പ്രദേശത്തെങ്ങുമില്ല എന്നു തോന്നും.
അതു കൊണ്ട്,
ഇപ്പോഴത്തെ പ്രവാസിയ്ക്ക് പുതിയൊരു വൈദഗ്ധ്യം കിട്ടിയിട്ടുണ്ട്. അപ്രത്യക്ഷനാവാനുള്ള അപാരമായ ശക്തി.
എന്നു വച്ചാൽ, ആര് എന്തഭിപ്രായം ചോദിച്ചാലും പ്രതികരിക്കാതിരിക്കുക. വിലകൂടിയ മൊബൈലാണെങ്കിലും ഇന്റർനെറ്റ് ഇല്ലാത്ത സിം ആയിരിക്കണം. ഏതെങ്കിലും "പേ" ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്ന സൂത്രം!
ചളി തമാശകളിൽ ആവശ്യത്തിലേറെ ചിരിക്കുക, അല്ലാത്തപ്പോ ഭീകര ഗൗരവം വേണം.
പിരിവുകാരു വന്നാൽ ഘോരഘോരം പ്രഭാഷണം നടത്തുക, അവരു വന്ന വഴി തിരികെ ഓടുന്നത് വരെ.
ഇങ്ങനെയല്ല വേണ്ടത് എന്ന ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക, കാരണം ഓരോ അശ്രദ്ധയും കൂടുതൽ ബാധ്യത വരുത്തുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ, പ്രവാസിയുടെ സാന്നിധ്യം ചുറ്റുമുള്ളവർക്ക് സംശയമാത്രമായിരിക്കണം. ദേഹത്തോടൊപ്പം ദേഹിയില്ലാത്ത അവസ്ഥ! യഥാര്‍ത്ഥത്തിലെ പ്രേതാവസ്ഥ!
ഇംഗ്ളീഷിൽ "Ghosting!" എന്ന് പറഞ്ഞാൽ ശരിയാവുമോ?