Tuesday, March 22, 2022

Religion and Politics ~ A Glorified slavery [മതവും രാഷ്ട്രീയവും ~ ഒരു മഹത്വവത്കരിക്കപ്പെട്ട അടിമത്തം]

മതവും രാഷ്ട്രീയവും ~ ഒരു മഹത്വവത്കരിക്കപ്പെട്ട അടിമത്തം

ആദ്യത്തെ സഞ്ചാരി അയാളുടെ യാത്രകളിൽ  ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചെലവുകുറഞ്ഞ തൊഴിലാളികളെ ലഭിക്കുന്ന കാര്യം നിരീക്ഷിച്ചിരിക്കാം.   അങ്ങനെ ലഭിക്കുന്ന തോളഴിലാളികളെ സ്വന്തം രാജ്യത്തേക്ക് അയാള് കൊണ്ട് പോയിട്ടും ഉണ്ടാവണം.  പക്ഷേ അങ്ങനെ  സൗജന്യ തൊഴിൽ  (തൊഴിലാളികളെയും) ലഭിക്കുന്നതിന്, വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയോ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക എന്നതാണ് സഞ്ചാരികൾ കണ്ട എളുപ്പവഴി. 

ഇങ്ങനെ മിശ്ര സംസ്കാരം ഉടലെടുക്കുകയും പ്രവാസികളുടെ ആവിർഭാവം തുടങ്ങുകയും ചെയ്തിരിക്കണം.  വർഷങ്ങളായി സ്വത്വം നഷ്ടപ്പെട്ടു പലർക്കോ വേണ്ടി ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്ന ജന്മങ്ങൾ.  

"മതങ്ങൾ" എന്നാൽ  "മഹത്വവത്കരിക്കപ്പെട്ട അടിമത്തം" ആണെന്ന് ആരാണ് സമ്മതിക്കുക! 

അങ്ങനെ ഞാൻ  പറഞ്ഞാൽ എന്നെ സമൂഹത്തിൽ നിന്ന് പുറത്താക്കും.

ഏതെങ്കിലും സഞ്ചാരി അയാളുടെ താല്പര്യങ്ങൾക്കു വേണ്ടി പല രീതിയിൽ സ്വാധീനിച്ചു പിന്നോക്ക സമൂഹത്തിനെ തിരിച്ചുപോക്കില്ലാത്ത അവസ്ഥയിലേക്ക് കൊണ്ട് ചെന്നു.   ഇങ്ങനെ സ്വന്തം അഭിപ്രായത്തിലേക്ക് (മതം = അഭിപ്രായം]  ചേർത്തു നിർത്തുവാൻ വൈകാരികമായും ശാക്തീകമായും പലേ രീതികൾ  അവലമ്പിച്ചിരിക്കണം.   ഇതിനെല്ലാം  അടിമപ്പെട്ടു എന്നു മാലോകർ  തിരിച്ചറിയുന്നത് തന്നെ വളരെ വൈകിയത് കൊണ്ട് അവരെല്ലാം  പ്രതികരണ ശേഷി നഷ്ടപ്പെട്ട ആൾക്കൂട്ടം മാത്രം.   

ഒരു തരത്തിൽ ഈ അന്ധതയുടെ വീക്ഷണത്തിൽ നിലവിലെ ഭരണകക്ഷികൾ (സംസ്ഥാനത്തും കേന്ദ്രത്തിലും) ഉന്നത അടിമത്തത്തിന്റെ മറ്റൊരു രൂപമാണ്.

[ഇത് എന്റെ മാത്രം അഭിപ്രായം.  ആരെയും നിർബന്ധിക്കുകയില്ല. ]

Thursday, March 10, 2022

ഇരുപത്തിമൂന്ന് ~ 23 years backward

ഇരുപത്തിമൂന്ന് : 23 = (2+3) = 5 [uni digit number per numerology]


ഒക്ടോബർ മാസം മാറ്റങ്ങളുടേതാണോ ? എന്റെ കാര്യത്തിലെങ്കിലും അത് ശരിയായിരിക്കണം.

സൗദിയിൽ ജോലി ചെയ്യുന്ന സമയം സഹപ്രവർത്തകരായ ചില സൗഹൃദങ്ങൾ (മലയാളികളടക്കം) ജീവിതത്തിലെ വ്യക്തമായ മാറ്റങ്ങൾക്കു കാരണമായി എന്ന് പറയാതെ വയ്യ.  

ഓരോ തൊഴിൽ മാറ്റവും പുതിയ പാഠങ്ങൾ നൽകിയിരുന്നു.  കലാലയ പഠനത്തെ തുടർന്ന് ആദ്യം ലഭിച്ച തൊഴിലിൽ തന്നെ ചുവടുറപ്പിച്ച് അതെ സ്ഥാപനത്തിൽ നിന്ന് തന്നെ വിരമിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.   പക്ഷെ ഉന്നത കുല ജാതനായതിന്റെ കാരണത്താൽ സംവരണങ്ങളുടെ ആധിക്യം സർക്കാർ ജോലി ലഭിക്കുന്നത് വെറുമൊരു സ്വപ്നവും,  ആ സ്വപ്നങ്ങളുടെ അസാധ്യതയെ ചൂഷണം ചെയ്തിരുന്ന സ്വകാര്യ സ്ഥാപനങ്ങളും "തൊഴിൽ"  എന്ന മാന്യ പദത്തിന് "അവസരോചിതമായ വെറുമൊരു കരാർ" എന്ന വിശാലമായ അർഥം മനസിലാക്കാൻ സഹായിച്ചു.  പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ അവസരവാദികളാവുന്നതു ഇങ്ങനെയായിരിക്കാം.

മനുഷ്യ ജീവിതത്തിൽ എല്ലാർക്കും ലഭ്യമായ അവസരങ്ങൾ തിരിച്ചറിയാനോ സംയമനത്തോടെ അവയെ സ്വീകരിക്കാനോ പലപ്പോഴും സാധിക്കാറില്ല.  അങ്ങനെയൊരുള്ള സാഹചര്യങ്ങളിൽ  നമുക്ക് മുന്നിൽ പ്രത്യക്ഷരാവുന്ന ചില നിസ്വാർത്ഥ ജന്മങ്ങൾ ഉണ്ടാവും.  അങ്ങനെയുള്ള ഒരുപാട് പേരുടെ ദയ നമ്മളോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. 

മധുരക്കരിമ്പിലെ അവസാനത്തെ നീർതുള്ളിയും ചതച്ചു പിഴിഞ്ഞ് എടുത്ത ശേഷം വലിച്ചെറിയപ്പെടുന്ന ചണ്ടിയുടെ  അനുഭവങ്ങൾ പല തൊഴിലിടങ്ങളിൽ നിന്നും ഉണ്ടാക്കിയ വിരക്തിയിൽ നിന്നും മോചനത്തിനായി  എട്ടു മണിക്കൂറിന്റെ തുടർച്ചയായുള്ള രണ്ട് ഷിഫ്റ്റുകളിലായി ചിലവഴിച്ചിരുന്നപ്പോൾ പുറം ലോകവുമായി തീർത്തും അകൽച്ചയിലായി.   ഉറക്കവും കിടപ്പു മുറി വൃത്തിയാക്കലും അലക്കു ജോലികളും അടുക്കലപ്പണികളും തീർത്തു ജോലിസ്ഥലത്തേക്കുള്ള യാത്രകളടക്കം എല്ലാം യന്ത്രികമായിരുന്ന രണ്ടരക്കൊല്ലത്തിലേറെ സമയം.  സ്ഥാപനത്തിലെ പല വകുപ്പ് മേധാവികളും ശ്രദ്ധിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത്  വീണ്ടുമൊരു ജോലി മാറ്റത്തിലേക്കു കാരണമാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സ്ഥാപനത്തിലെ ഉപകരണ പരിപാലന വകുപ്പ് മേധാവി വടക്കേ ഇന്ത്യൻ മാർവാഡി ഒരു ദിവസം എന്റെ മേശയ്ക്കരികെ വന്നിരുന്നു.   

"डुबाई जाएगा ?   [ദുബായിലേക്ക് പോകുന്നോ ?] "  എന്ന് ചോദിക്കുന്നു.  

ഒരു കടലാസു കൈയിലേക്ക് നീട്ടി.  

ഇപ്പോൾ ലഭിക്കുന്ന മാസ ശമ്പളത്തിന്റെ ഇരട്ടിയും വാഹന ആനുകൂല്യങ്ങളും.  കൂടുതലൊന്നും ആലോചിക്കാതെ തലയാട്ടി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.  അത്യാസന്ന അവസ്ഥാ സന്ദേശം (സൗദിയിൽ - emergency exit re-entry) fax ലഭിച്ചുവെന്ന് വകുപ്പ് സെക്രട്ടറിയും,  വിമാന യാത്രയ്ക്കുള്ള നിർദേശം നൽകുന്ന നടപടികൾ വേഗത്തിലാക്കുവാൻ സൗദി പൗരനും ഇടപെട്ടു.  താമസ സ്ഥലത്തു നിന്നും സാധനങ്ങൾ  പൊതിഞ്ഞു കെട്ടി  തയ്യാറാക്കുവാൻ നിന്ന പല ഭാഷക്കാരായ സഹപ്രവർത്തകർ.  ചിലർ അവരുടെ ദുബായിലുള്ള ബന്ധുക്കൾക്ക് കൊടുക്കുവാനുള്ള കത്തുകൾ കയ്യിലേൽപിച്ചു,  വിമാനമിറങ്ങുമ്പോൾ  നിന്റെ പേരെഴുതിയ ബോർഡും കൊണ്ട് ആൾക്കാരുണ്ടാവും നേരിട്ട് കൊടുത്താൽ മതി എന്ന് പറഞ്ഞിരുന്നു.  

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നെ യാത്രയാക്കി മടങ്ങിയ ഒരു കൂട്ടം മാലാഖമാർ!

വിമാനത്തിലേക്ക് കയറുന്ന സമയം ഒരുപാട് മലയാളികളുടെ സ്വപ്ന ഭൂവിലേക്കാണ് യാത്ര എന്നതു പോലും തിരിച്ചറിയാനാവാത്ത വിഭ്രമത്തിലായിരുന്നു.  

കഴിഞ്ഞ വർഷം (2021) ഒക്ടോബർ ഇരുപത്തി മൂന്നാം തിയതി  == (23 വർഷങ്ങൾ), പലരുടെയും ജീവിതത്തിൽ ചെറിയൊരു സന്തോഷമെങ്കിലും ഉണ്ടാകുവാൻ ഞാൻ കാരണമായിട്ടെങ്കിൽ അത് മേൽ പറഞ്ഞ മാലാഖമാരുടെയും അനുഗ്രഹം.