ചുറ്റിക്കറങ്ങലൊക്കെ കഴിഞ്ഞു വൈകിട്ട് ഇരുട്ടി തുടങ്ങിയപ്പോഴാണ് വീട്ടിലെത്തിയത്.
"ചേച്ചിയുടെ അടുത്ത് പോയില്ലേ?,
നീ വരുന്ന വഴിക്കു അവിടെ പണിക്കാര് ഉണ്ടായിരുന്നോ? " അച്ഛൻ ചോദിച്ചു.
എന്റെ മറുപടിക്കു കാത്തു നില്കാതെ തുടർന്നു,
"ഇന്ന് രണ്ട് പേര് പണിക്കുണ്ടായിരുന്നു. ഈ കൂലി അവർക്കൊന്നു കൊണ്ട് കൊടുക്കൂ"
ഞാൻ: എത്രയാണ് കൂലി ?
അച്ഛൻ: ഇതങ്ങു കൊടുത്തേരെ, അവര് വീതിച്ചു എടുത്തോളും. പൊതിഞ്ഞതു എന്റെ നേർക്ക് നീട്ടി.
അതും വാങ്ങി പുറത്തേക്കു നടന്നു.
ചെന്നപ്പോഴേക്കും രണ്ട് പണിക്കാരും കയ്യും കാലും കഴുകി "കയ്യാണിയിൽ" (ചെറു തോട് ) നിന്നും കരയിലേക്ക് കയറുകയാണ്.
എന്നെ കണ്ട് ചിരിച്ച ആദ്യത്തെ പണിക്കാരന്റെ കയ്യിൽ തന്നെ പൊതി കൊടുത്തു. "രണ്ടാളുടെയും കൂടിയുള്ളതാ ട്ടോ" എന്നും പറഞ്ഞു മുന്നോട്ടു നടന്നു.
തോൾ സഞ്ചി വീട്ടിൽ വയ്ക്കാൻ മറന്നു എന്ന് അപ്പോളാണ് ശ്രദ്ധിച്ചത്. എന്തായാലും ഇനി തിരിച്ചു പോവണ്ട. നേരെ കവലയിലേക്കു തന്നെ നടന്നു.
ആദ്യം വന്നു നിന്ന ട്രാൻസ്പോർട്ട് ബസിൽ തന്നെ കയറി. എങ്ങോട്ടുള്ളതാണ് എന്ന് പോലും നോക്കിയില്ല. ഒപ്പം തന്നെ തിരക്ക് കൂ ട്ടി കയറിയവരിൽ ഒരു കപ്പലണ്ടി കച്ചവടക്കാരനെയും കണ്ടിരുന്നു.
ബസിനകത്തു അല്പം മുന്നിലെ നിരയിൽ കണ്ട ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു. തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന കപ്പലണ്ടി കച്ചവടക്കാരനോട് "ഇനി എത്ര ബാക്കിയുണ്ട്" എന്ന് ചോദിച്ചു.
"രണ്ട് മൂന്നു പൊതികൾ കൂടി കാണും, എടുക്കുന്നോ? "എന്ന ചോദ്യത്തിന് തല കുലുക്കി.
അയാൾ തന്ന പൊതികൾ തോൾ സഞ്ചിയ്ക്കുള്ളിൽ വച്ചു.
വണ്ടി പതുക്കെ നീങ്ങി തുടങ്ങി.
പാസ് ഉണ്ടായിരുന്നത് കൊണ്ട് കണ്ടക്ടർ പ്രത്യേകിച്ചൊന്നും ചോദിച്ചില്ല.
വണ്ടിയുടെ വേഗത കൂടിക്കൊണ്ടിരുന്നു. പടുത തുറന്നു കിടന്ന ഭാഗത്തു കൂടെ വരുന്ന തണുത്ത കാറ്റടിച്ച് പതിയെ ഉറക്കം വരുന്ന പോലെ. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉറക്കം വിട്ടുണർന്നു.
തറവാട്ടിനടുത്ത തോട്ടിന്റെ പാലം കാണാമായിരുന്നു.
അടുത്ത സ്റ്റോപ്പിലിറങ്ങി നടന്നു പാലം കടന്നാൽ വീടെത്തി.
സീറ്റിൽ നിന്നും എഴുനേറ്റു ചവിട്ടുപടിയുടെ ഭാഗത്തേക്ക് നടന്നു. ഒരു യാത്രക്കാരൻ ചവിട്ടുപടിയിൽ തന്നെ നിൽക്കുന്നു. "കടവിൽ ഇറങ്ങാനാണോ?, ഞാനും ഇവിടെ ഇറങ്ങാനുണ്ടേ" എന്ന് അയാളോട് പറഞ്ഞു. അയാൾ ബസിന്റെ മണിച്ചരട് വലിച്ചു. ബസ് നിന്നു.
അവിടെ ഇറങ്ങി പാലത്തിന്റെ ഭാഗത്തേക്ക് നടന്നു.
വഴിയോരക്കച്ചവടക്കാർ ആ വഴി ഏതാണ്ട് മുഴുവൻ കയ്യടക്കിയിട്ടുണ്ട്. തോട്ടിൽ നിന്ന് പിടിച്ച മീൻ മുതൽ വീട്ടിലുണ്ടാക്കിയ അച്ചാർ വരെ വാണിഭക്കാർ നിരത്തിയിട്ടുണ്ട്. വഴിയിൽ കച്ചവടത്തിന് വച്ചിരിക്കുന്ന സാധനങ്ങളിൽ പതിക്കാതെ കാലുകൾ ഉയർത്തി ചവിട്ടി ഓരോ വിപണനക്കാരനെയും കടന്നു പാലത്തിനടുത്തെത്തി. ചൂണ്ടലിൽ കിട്ടിയ മീൻ വേണോ എന്ന് ചോദിച്ച ആളോട് വേണ്ട എന്ന് ആംഗ്യം കാട്ടി മുന്നോട്ടു പോയി. പാലം കടന്നു വളവു തിരിഞ്ഞാൽ തറവാട്ടു വീടിന്റെ പടിപ്പുര കാണാം. പടിപ്പുരയിൽ വെട്ടം കണ്ടു. ആൾക്കാർ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു.
പടികൾ കടന്നപ്പോൾ തന്നെ ചേച്ചിയുടെ പുത്രൻ കണ്ണൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. "അമ്മേ, മാമൻ വരുന്നുണ്ട് ."
ഇറയത്തു നിന്നും ഗൃഹനാഥനും തലയുയർത്തി നോക്കി. "എന്താടോ വൈകിയത്?" എന്നൊരു ചോദ്യവും.
അപ്പോഴേക്കും ചേച്ചി ഉമ്മറത്തേക്ക് വന്നു.
തോൾ സഞ്ചിയിൽ നിന്നും ഒരു കപ്പലണ്ടി പൊതി എടുത്ത് കണ്ണന് നേരെ നീട്ടി.
"ഇങ്ങനെ ഓരോന്ന് കൊത്ത് ശീലിപ്പിക്കുകയാണോ നീയ്യ് ?" എന്ന ചേച്ചിയുടെ ചോദ്യത്തിന് മറുപടി വെറുമൊരു ചിരിയിൽ ഒതുക്കി.
"ഇനി ഇന്ന് മടങ്ങേണ്ട, നാളെയാവാം. അകത്തേക്ക് വരൂ" എന്ന് ചേച്ചിയുടെ അമ്മായി അമ്മയും.
തിണ്ണയ്ക്കടുത്ത പൈപ്പു തുറന്നു വെള്ളമൊഴിച്ചു കാലുകൾ കഴുകി ഇറയത്തേക്കു കയറി.
"മാമാ, എന്റെ പുസ്തകം പൊതിഞ്ഞു തരാമോ?" എന്ന് ചോദിച്ചു അവന്റെ സാമ്രാജ്യത്തിലേക്കു എന്നെ വലിച്ചു കൊണ്ട് പോവുന്ന കണ്ണൻ. ഇനി അവൻ രാജാവ് ഞാൻ സേവകനും.
05 സെപ്തംബർ 2021