Pooja Holidays:
ഓണ അവധിക്കു ശേഷം സ്കൂളും ട്യൂഷനുമായി ഭയങ്കര തിരക്കില്‍ വിദ്യാലയ കാലം
തുടരുന്നു. പിന്നെ ഒരു സമാധാനം വരുന്നത്
നവരാത്രി സമയം ആവുമ്പോഴാണ്. നവരാത്രി
തുടക്കം മുതലേ ചോറ്റാനിക്കര അമ്പലത്തില്‍ രാവിലെ ഓട്ടന്‍ തുള്ളല്‍ / ശീതങ്കന്‍
തുള്ളല്‍ എന്നിങ്ങനെ ഓരോ പരിപാടികള്‍ രാവിലെയും വൈകുന്നേരങ്ങളില്‍ അരങ്ങേറ്റങ്ങളും ഒക്കെയായി മൊത്തം ആഘോഷം!
നമ്മുടെ സന്തോഷം അമ്പലത്തിലെ വെച്ച്പണി (വച്ച് വാണിഭം) കടകളിലെ കളിപ്പാട്ടങ്ങളും പൂര പറമ്പിലെ കടല
മുട്ടായിയും ഒക്കെയാവും.
പൂജ വയ്പിന്‍റെ ദിവസം അത്യധികം സന്തോഷം.
അന്ന് ട്യൂഷന് പോകണ്ടാ. മിക്കവാറും
അന്നേ ദിവസം തന്നെയായിരിക്കും അമ്മയുടെ തറവാട്ടില്‍ നിന്നും ബന്ധുക്കള്‍
(അമ്മായിമാരും അവരുടെ കുട്ടികളും) ചോറ്റാനിക്കര
ക്ഷേത്ര ദര്‍ശനത്തിനു വരുന്നത്.
അവിടുന്നു സമപ്രായത്തിലുള്ള കുട്ടികളും കൂടെ ആവുമ്പോ തകര്‍ക്കും. പിന്നെ അമ്പലത്തിലേക്ക് പോകുന്ന തിരക്കാവും. വീട്ടില്‍
വന്ന അതിഥികളുടെ കുട്ടികള്‍ക്ക് അമ്പലത്തില്‍ പോകുമ്പോള്‍ അവര്‍
ചോദിക്കുന്നതെല്ലാം വാങ്ങി കൊടുക്കുന്നത് ഞങ്ങളുടെ അമ്മയുടെ പ്രത്യേക സന്തോഷം
ആയിരുന്നു. അതിന്റെ കൂടെ ഞങ്ങള്‍ എന്തെങ്കിലും വേണം എന്ന് പറഞ്ഞാല്‍ ചെറുതായി
കണ്ണുരുട്ടി വിരട്ടുകയും ചെയ്യും. പിന്നെ അവരൊക്കെ
തിരികെ പോയി കഴിയുമ്പോള്‍ (അമ്പലത്തിലെ വെച്ചു പണിക്കാര്‍ അവരുടെ കടകളെല്ലാം
അഴിച്ചു മാറ്റുമ്പോള്‍) മേടിച്ചു തരാം എന്നാവും സ്ഥിരം പല്ലവി! പല തവണയും അങ്ങനെ ചെല്ലുന്ന ദിവസം ഇഷ്ടപ്പെട്ട സാധനങ്ങള്‍
എല്ലാം തീര്‍ന്നിട്ടുണ്ടാകും.
ഇത്തവണ അങ്ങനെ ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വൈകുന്നേരം എല്ലാരുടെയും കൂടെ ഇറങ്ങിയത്. ചോറ്റാനിക്കര അമ്പലത്തിലെ പവിഴമല്ലി തറ ചുറ്റി
ശിവന്റെ മുന്നില്‍ തൊഴുതതിനു ശേഷം മേല്ക്കാവില്‍ അകത്തു കയറി. പ്രദക്ഷിണം വച്ച് പുറത്തിറങ്ങി
കീഴ്ക്കാവിലേക്ക് നടന്നു. ബന്ധുക്കളെല്ലാവരും
വിശേഷങ്ങളൊക്കെ പറഞ്ഞു പതുക്കെയാണ് വരുന്നത്.
ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടെ വേഗത്തില്‍ താഴേക്കു നടന്നു. കാരണം, കീഴ്കാവിലേക്ക് പോകുന്ന നടകളുടെ ഇരുവശങ്ങളിലും താല്‍കാലിക കടകളിലെ
കളിപ്പാടങ്ങളില്‍ ആണ് ഞങ്ങളുടെ ശ്രദ്ധ.
ഓരോ കടകളിലും ഉള്ള വിവിധ തരം സാധനങ്ങള്‍ പലരെയും ആകര്‍ഷിച്ചു. പിള്ളേരുടെ ആക്രാന്തം ശ്രദ്ധിച്ച കടക്കാര്‍ ഓരോ
സാധനങ്ങളായി എടുത്തു നീട്ടുകയും അത് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന
കുഞ്ഞുങ്ങളും. അമ്മമാര്‍ വന്നു ഓരോരുത്തരെയായി
പിടിച്ചു വലിച്ചു കൊണ്ടു കീഴ്കാവിലേക്കു നടന്നു.
കീഴ്കാവില്‍ തൊഴുതു കൊണ്ടു നില്‍ക്കുമ്പോഴും മനസ്സില്‍ മുഴുവനും ആ കളിപ്പാട്ടങ്ങ
ളായിരുന്നു.
തൊഴുതു കഴിഞ്ഞു തിരികെ നടക്കുമ്പോള്‍ അമ്മയുടെ നേരെ നോക്കിയ എന്നോട് നമുക്ക്
നാളെ വരാം എന്ന് അമ്മ പറയുന്നു. എന്നത്തേയും
പോലെ മുഖം വീര്‍പ്പിച്ചു സങ്കടപ്പെട്ടു നടക്കുന്നത് കണ്ട അമ്മായിക്ക് കാര്യം പിടി കിട്ടി. അവര്‍ അമ്മയെയും കൂട്ടി ഒരു കടയിലേക്ക് കയറി. ഓരോ കുട്ടികളും ബലൂണ്‍, കരിവള, സ്പ്രിംഗ് വളകള്‍,
പെണ്‍കുട്ടികളുടെ തലമുടിയില്‍ കുത്തുന്ന സ്ലൈഡ്, കണ്‍ മഷി എന്നിങ്ങനെ സാധനങ്ങള്‍
പെറുക്കി കൂട്ടി. അമ്മ അവര്‍ക്ക് ഇഷ്ടമുള്ളത്
ഒക്കെ എടുത്തു കൊള്ളാന്‍ പറയുന്നുമുണ്ട്. എന്നോടും അവിടേക്ക് വരാന്‍ പറഞ്ഞു. “നിനക്ക് ഈ വാച്ച് (പ്ലാസ്റ്റിക് - കളി വാച്ച്)
മതിയോ” എന്ന് ചോദിച്ചു. ഞാന്‍ ഒരിത്തിരി അങ്കലാപ്പിലായി.
കഴിഞ്ഞ തവണ വാച്ച് മേടിക്കണം എന്ന് പറഞ്ഞപ്പോള്‍
അടുത്ത ദിവസം ആവാം എന്ന് പറഞ്ഞു പിന്നെ വന്നപ്പോഴെക്കും എല്ലാം തീര്‍ന്നു പോയ
അവസ്ഥ! ഇന്ന് ഇപ്പൊ വേറെ എന്തെങ്കിലും
വേണം എന്ന് പറഞ്ഞാല്‍ ചിലപ്പോ കിട്ടിയില്ല എന്ന് വരും വാചെങ്കില്‍ വാച്ച് എന്ന്
ആലോചിച്ചു. അപ്പോഴേക്കും അമ്മായി ഇടപെട്ടു “അവന്റെ നോട്ടം മുഴുവന്‍ ആ ബോട്ടിലാണ് ട്ടോ” എന്ന് അമ്മയോട് പറഞ്ഞു.
കടക്കാരന്‍ ഒരു ബേസിനില്‍ ഉള്ള വെള്ളത്തില്‍ ഓടികൊണ്ടിരിക്കുന്ന ഒരു ബോട്ട്
കാണിച്ചിട്ട് “അത് മതിയോ” എന്നു ചോദിക്കുന്നു.
ഉടനെ തന്നെ തീരുമാനവുമായി. അത്
തന്നെ മതി, ഹാവൂ.
ഇനി തിരികെ വീട്ടിലെത്താന്‍ തിരക്കായി. എന്നിട്ട് വേണമല്ലോ മേടിച്ച ബോട്ടിനെ വെള്ളത്തിലിറക്കാന്‍!
വട്ടത്തിലുള്ള ഒരു ബേസിന്‍ നോക്കിയെടുത്തു.
അതില്‍ തൂവെ വെള്ളം നിറച്ചു.
ബോട്ടിന്റെ ഒരു ഭാഗത്ത് ഒരു പാട്ട കഷണം - “ബോട്ടിന്റെ എഞ്ചിന്‍”- എണ്ണ
ഒഴിക്കുന്നതിനും അതില്‍ തിരി വയ്കുന്നതിനും ആയിട്ടുണ്ട്. വിലക്ക് കത്തിക്കുന്ന തിരിനൂല്‍ ഇത്തിരി
എടുത്തു അതില്‍ പിരിച്ചു വച്ചു. പിന്നെ
ഇത്തിരി എണ്ണ ഒഴിച്ചു. നിലവിളക്ക്
കത്തിക്കുന്ന സ്ഥലത്ത് നിന്നും തീപ്പെട്ടി എടുത്തിട്ടുണ്ടായിരുന്നു. ആദ്യം ബോട്ടിനെ വെള്ളത്തില്‍ ഇറക്കി. പിന്നെ എഞ്ചിന്‍ തിരി കത്തിച്ചു അതിന്റെ സ്ഥാനത്ത്
വച്ചു. അല്‍പ നേരം കൊണ്ടു ബോട്ട് പതുക്കെ
വട്ടം വയ്കാന്‍ ത്ടങ്ങി!. കുട്ടികള്‍ എല്ലാരും
ചുറ്റും ആര്‍മാദം.
എണ്ണ തീര്‍ന്നു ആ തിരി കെടുന്നത് വരെ അന്ന് ആ ബോട്ട് ഓടികൊണ്ടിരുന്നു.
-
ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന
പൂജ അവധിക്കാലം; ഓടികൊണ്ടിരിക്കുന്ന ആ ബോട്ടും -