Tuesday, September 13, 2016

ഓണം (Onam - a myth for years which kept every expatriate nostalgic).

ഓണം - ഭൂരിഭാഗം പ്രവാസികളുടെയും ഗൃഹാതുരത്വം നില നിർത്തിയ ഒരു പ്രതിഭാസം.

ഐതീഹ്യങ്ങൾ പഠിപ്പിച്ച കാര്യങ്ങളെ തിരുത്തുവാൻ ധൈര്യം വേണം. 
അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസത്തിനെയാണ് ചോദ്യം ചെയ്യാൻ പോകുന്നത്.
ഹീന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ ഒട്ടും മടിയില്ലാത്തവരെ അസുര ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്.  അങ്ങനെയുള്ള ഒരു അസുര കുലത്തില്‍ നിന്നും ധര്‍മ്മിഷ്ഠനായ രാജാവ് എന്ന് സങ്കല്പിക്കാന്‍ പോലും മറ്റുള്ളവര്‍ക്ക് സാദ്ധ്യമായിരുന്നില്ല.  സവര്‍ണ്ണ സമൂഹം (പ്രധാനമായും ബ്രാഹ്മണരും അവരുടെ ഉപാസനാ മൂര്‍ത്തികളും) അന്ന് ഭയപ്പെട്ടിരുന്നത് അവരുടെ മേല്‍ക്കോയ്മ നഷ്ടപ്പെടുമോ എന്ന് തന്നെ ആയിരിക്കണം.

സമത്വം, സാഹോദര്യം, നിറം ധനം ഭേദമില്ലാതെ ജീവിക്കാന്‍ സാധിച്ചിരുന്ന ജനത ന്യായമായും അവരെ നയിച്ചിരുന്ന രാജാവിനോട് സ്നേഹവും കൂറും കാണിച്ചിരുന്നെങ്കില്‍ തെറ്റ് പറയാന്‍ പറ്റില്ല.   ഒരു ദേശത്തിന്റെ പ്രതിദിന കാര്യങ്ങളിലും വളര്‍ച്ചയിലും സര്‍വ്വോപരി സമാധാനത്തിനും പ്രാധാന്യം നലികിയ രാജാവിനു ഒരു ഉപാസനാ മൂര്‍ത്തിയുടെ രൂപം ലഭിക്കുന്നത് കാലാന്തരത്തില്‍ മറ്റു ദേവതകള്‍ക്കു ഒരു ബാധ്യതയാവും.  ദേവന്മാരുടെ നേതാവായ ഇന്ദ്രന്‍ ബ്രഹ്മാവിനോടു കൂടിയാലോചന നടത്തിയെങ്കിലും സ്വന്തം ഭക്തന്മാരെ ശിക്ഷിക്കാന്‍ ബ്രഹ്മാവ്‌ വിമുഖത കാണിച്ചു.  അശാന്തി ഇല്ലാത്ത (തൊട്ടു കാണിക്കുവാന്‍ പോലും ഒരു കുറ്റം ഇല്ല - എള്ളോളം ഇല്ല പൊളി വചനം) ഒരു സന്ദര്‍ഭത്തില്‍ ഇടപെടുക എന്നത് ശ്രീ പരമേശ്വരന്‍ (ശിവ ദേവത) വിസമ്മതിക്കുകയും ആയപ്പോള്‍ ദേവ ഗണങ്ങള്‍ ആവലാതിപ്പെട്ടു.
ധർമ്മിഷ്ഠനായ അസുര രാജാവിനെ നേർക്കു നേർ പോരാടി ജയിക്കുക സാദ്ധ്യമല്ല എന്നറിയാമായിരുന്ന ഈ ശത്രുക്കൾ ഗൂഢാലോചന നടത്തിയ ശേഷമാണ് ഒരു കുതന്ത്രം ചമയ്ക്കുവാൻ വിഷ്ണു ഭഗവാനോട് സഹായം അഭ്യർത്ഥിച്ചത്.

ഒരു സമൂഹത്തിന്റെ ഏകത തകര്‍ക്കാന്‍ ആദ്യം അടിച്ച്ചമര്‍ത്തേണ്ടത്  അവരുടെ നേതൃത്വത്തിനെ ആണെന്ന സൂത്രവാക്യം പ്രാവര്‍ത്തികമാകാന്‍ പദ്ധതികള്‍ തയ്യാറാക്കി.
ദാന ധര്‍മ്മിഷ്ഠനായ രാജാവിനോട് ഭിക്ഷ ചോദിക്കാന്‍ വടു (ബ്രാഹ്മണന്‍) ബാലനായി  വേഷം തിരഞ്ഞെടുത്തത് സവര്‍ണ്ണ മേല്‍ക്കോയ്മ പുനസ്ഥാപിക്കാന്‍ ആയിരുന്നില്ലേ എന്നതു  ചിന്തനീയം.
സാധാരണ ഭിക്ഷ ചോദിക്കന്നത് ധാന്യങ്ങളോ, ധനമോ ഒക്കെയാണെങ്കിലും "മൂന്നടി മണ്ണ്" ചോദിച്ചപ്പോള്‍ തന്നെ രാജാവിന് കാര്യങ്ങള്‍ ഏതാണ്ട് മനസിലായിക്കാണും.  
രാജാവ് അനുവാദം നല്കിയപ്പോഴേക്കും വടു ബാലന്‍ ഒരു "വിരാടന്‍" പോലെ ഭീമാകാര രൂപം സ്വീകരിച്ചു.  (ഇതിനെ ചതി എന്നാണു പറയണ്ടത്).  കാണുന്നതെല്ലാം കൂടെ രണ്ടു ചുവടുകള്‍ കൊണ്ട് അളന്നെടുത്ത് മൂന്നാമത്തെ പാദം വയ്കാന്‍ സ്ഥലം തരിക എന്ന്‍ ആവശ്യപ്പെട്ട്  രാജാവിനെ നോക്കി.  വാക്കിനു വില നല്‍കുക വഴി സത്യം എന്നും ജയിക്കും എന്ന ആശയം ശക്തമായി പാലിച്ചിരുന്ന രാജാവിന് വീണ്ടും ഒന്നാലോചിക്കെണ്ട ആവശ്യം ഇല്ലായിരുന്നു.
സ്വന്തം ശിരസു കുനിച്ച മഹാ ബാലശാലിയെ പാതാളത്തിനു താഴെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ അവിടേക്കും താഴ്ത്തുവാന്‍ തയ്യാറെടുത്തു വാമന വേഷം കെട്ടിയ മഹാ വിഷ്ണു തന്റെ അവതാര ലക്‌ഷ്യം നിറവേറ്റി.  പാതാളത്തില്‍ നിന്നും തന്റെ പ്രജകളെ കാണുവാന്‍ അനുവാദം ചോദിച്ച രാജാവിനു കിട്ടിയ അവസരം "ഓണം" എന്ന ആഘോഷം ആയി മാറി.

സവര്‍ണ്ണ സമൂഹത്തിന്റെ കുടില തന്ത്രങ്ങളില്‍ പെട്ട് കഷ്ടപ്പെടാതെ രാജാവിനെ ബലി നല്‍കിയ മഹാ വിഷ്ണു  ഇഹ - പര ലോകങ്ങളുടെ സന്തുലനം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചതാവണം.   കാലാ കാലങ്ങളായി ഒന്നിനെ ചവിട്ടി മറ്റൊന്ന് വാണരുളിയ ലോകം ആണ് നമ്മുടേത്‌.

ആര്‍ത്തി മൂത്ത മനുഷ്യരുടെ കൂട്ടത്തില്‍ ഇങ്ങനെ ഒരു ഓര്‍മ്മ എപ്പോഴും  നന്മയുടെ നാമ്പുകള്‍ സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കാം.  കൃഷിയും, വിളവെടുപ്പും, കൊയ്ത്തും, മെതിയും, നാനാ വിധ വര്‍ണ്ണങ്ങളില്‍ തീര്‍ക്കുന്ന പൂക്കളങ്ങളും നല്‍കുന്ന സന്ദേശം സമാധാനത്തിന്റെയും സമൃധിയുടെയും തന്നെ!..   
കാ(കോ)ണം വിറ്റും ഓണം ഉണ്ണണം എന്ന് ശീലിപ്പിച്ച ബാല്യം. 
ഉള്ളവനും ഇല്ലാത്തവനും ഇടയിലെ അകലം കുറയുമെന്ന സ്വപ്നം.

നല്ല മനസ്സുകളിൽ എന്നും ഓണം.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!

3 comments:

Bipin said...

ഏതായാലും പുതിയ വീട്ടു സാധനങ്ങൾ വാങ്ങി കൂട്ടുന്നതാണ് കേരളത്തിൽ ഇന്ന് ഓണം. കേരളം വിട്ട മലയാളികൾക്ക് മധുരമായ ഓർമകളും

PrAThI said...

അങ്ങനെയും ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും. :)

സുധി അറയ്ക്കൽ said...

(ഓണാശംസകൾ!!!(ഇത്തിരി വൈകി അല്ലേ???)