Sunday, September 13, 2015

സ്കൂളില്‍ നിന്നും കോളെജിലേക്ക് - ബസില്‍ ..


സ്കൂളില്‍ നിന്നും കോളെജിലേക്ക് - ബസില്‍.

സ്കൂൾ പഠനം തീരുന്ന പത്താം ക്ലാസ് പരീക്ഷ ഒരു പീഡനം ആയിരുന്ന കാലം.
എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഒരു പരിഭ്രമം പരീക്ഷ എഴുതുമ്പോള്‍ ഉണ്ടായിരുന്നു.  വല്യ മോശമല്ലാത്ത പരീക്ഷാഫലം വരുകയും ചെയ്തു. അത് കൊണ്ടു തന്നെ പട്ടണത്തിലെ സര്‍ക്കാര്‍ വക കലാലയത്തില്‍ പ്രവേശനം ഉറപ്പായിരുന്നു.
സര്‍ക്കാര്‍വകയായത് കൊണ്ടു പഠനത്തിലുപരിയായി കലാ സാംസ്കാരിക മേഖലകളില്‍ പങ്കെടുക്കാന്‍ സാഹചര്യം കിട്ടുമായിരുന്നു എന്നൊരു സന്തോഷം.

പക്ഷെ വീട്ടുകാര്‍ക്ക് (മാതാ പിതാക്കള്‍ക്ക് ) അലോസരം ഉണ്ടാക്കിയത്  വേറൊന്നാണ്.  പട്ടണത്തിലെ സാഹചര്യങ്ങള്‍ കൊണ്ടു സാമൂഹ്യവിരുദ്ധരുടെ വിഹാരം കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയ പല വിവരങ്ങളും നിത്യേന കേള്‍ക്കുന്നത് അതേ കലാശാലയില്‍ നിന്നു തന്നെ !..
അങ്ങനെയുള്ള കോളെജിലേക്ക് ചെക്കനെ അയക്കണ്ടാ....
ക്രൈസ്തവ സഭയുടെ കീഴിലുള്ള മറ്റു കലാലയങ്ങളില്‍ പോകാമല്ലോ ...
പ്രവേശന അപേക്ഷ വാങ്ങി വരാന്‍ അയലത്തെ പയ്യനോട് പറഞ്ഞിട്ടുണ്ട്...
ഉപദേശങ്ങളുടെ ഘോഷയാത്ര !

സ്കൂള്‍ പരീക്ഷ എഴുതിയ സുഹൃത്തുക്കള്‍ ഒന്ന് രണ്ടു പേരുമായി ചേര്‍ന്ന്  പട്ടണത്തിലെ കോളെജിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.  അപേക്ഷ വാങ്ങി വരാം എന്ന്  പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്‌.  അങ്ങനെ നാലഞ്ചു പയ്യന്മാര്‍ ഒന്നിച്ചു ബസ്  സ്റ്റോപ്പില്‍ തന്നെഒത്തു കൂടി.  കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിന്റെ ചേട്ടന്‍ ഇതേ കോളേജില്‍ ബിരുദാനന്തര പഠനത്തില്‍ ചേര്‍ന്നിരുന്നു.  ഞങ്ങളുടെ സ്കൂളിനടുത്ത് ബസുകള്‍ നിര്‍ത്തി പട്ടണത്തിലേക്ക് തിരികെ പോകുന്നുണ്ട്.  അത് കൊണ്ടു എല്ലാ ബസുകളിലും ഇഷ്ടം പോലെ സീറ്റുകള്‍ ഉണ്ടാവും.  ഞങ്ങള്‍ അഞ്ചു പേരും കൂടി ഏറ്റവും പിന്നിലെ സീറ്റില്‍ തന്നെ ഇരിപ്പ് പിടിച്ചു.  കണ്ടക്ടര്‍ ഒരു വശത്ത് നിന്നും  ടിക്കറ്റ്‌ നല്‍കാന്‍ തുടങ്ങി.  കോളേജിന്റെ പേര് ചോദിച്ചപ്പോ തന്നെ കൊടുക്കേണ്ട ചില്ലറ എടുത്തു പിടിച്ചിരുന്നു.  കൂടുതല്‍ ചോദ്യങ്ങള്‍  ഒന്നുമില്ലാതെ കണ്ടക്ടര്‍ അദ്ദേഹം ടിക്കറ്റ്‌ നല്‍കി.  "എസ്. ടി." ആനുകൂല്യം ആദ്യമായി ലഭിച്ച ബസ് യാത്ര!...

ഓരോ സ്റ്റോപ്പ്‌ കഴിയുമ്പോഴും യാത്രക്കാരുടെ തിരക്ക് കൂടി വന്നു. ചിലര്‍ അവരുടെ കയ്യിലെ ബാഗുകള്‍ പിടിക്കാമോ എന്ന് ചോദിച്ചു.  സീറ്റില്‍ ഇരിക്കുന്നതു കൊണ്ടു കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നിയില്ല.  അവരില്‍ ചിലര്‍ പട്ടണത്തിലെ പ്രധാന സ്ഥലമായ കപ്പല്‍ നിര്‍മ്മാണ ശാലയുടെ സ്റ്റോപ്പ്‌ ആയപ്പോള്‍ തന്നെ ഇറങ്ങി.  മറ്റു ചിലര്‍ അതിനു ശേഷമുള്ള സ്റൊപ്പിലും.
ഇനിയുള്ള സ്റൊപ്പ് ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ച കോളേജില്‍ പോകാനുള്ളതാണ്.  ഞങ്ങളെ പോലെ ഒരുപാട് കുട്ടികള്‍ അപേക്ഷ വാങ്ങാന്‍ എത്തിയിട്ടുണ്ട്.  എല്ലാ വര്‍ഷവും സ്ഥിരമായ കാര്യമായത് കൊണ്ടു തന്നെ കോളേജില്‍ പ്രത്യേകിച്ചൊന്നും അന്വേഷിക്കേണ്ടി വന്നില്ല.  അപേക്ഷാ ഫോം ലഭിക്കുന്ന  ആഫീസിലെ ക്യൂ-വിനു പിന്നില്‍ ഞങ്ങള്‍ നിന്നു.  ഏതാണ്ട് പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൌണ്ടര്‍ -നു മുന്നിലായി.  അഞ്ചു പേരും അപേക്ഷാ ഫോമും പ്രോസ്പെക്ടസും വാങ്ങി.  അത് പൂരിപ്പിച്ചു തിരികെ കൊടുക്കേണ്ട ദിവസം എല്ലാം നോക്കി വച്ചു.  
 ഈ കലാലയത്തില്‍ പഠിച്ചിട്ടുള്ള ഒരുപാടു പ്രമുഖരുടെ പേരുകള്‍ മനസ്സില്‍ ഓടിയെത്തി.  ഞങ്ങളുടെ സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ ഉള്‍പ്പെടെ ഒത്തിരി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പഠിച്ചിറങ്ങിയ പ്രശസ്തി ഈ കോളെജിനു ഉണ്ട് എന്നതൊരു അഭിമാനം.  ഇവിടെ പ്രവേശനം ലഭിചെചങ്കില്‍ എന്ന് മനസ്സില്‍ ശരിക്കും പ്രാര്‍ത്‌ഥിച്ചു.

ഇനി അടുത്ത കൊളെജിലെക്കും പോവാം എന്ന് കൂട്ടത്തിലൊരുവന്‍.  എന്നാല്‍ പോയേക്കാം എന്ന് ബാക്കി എല്ലാരും.  അവിടന്നു നടപ്പ് തുടങ്ങി.  രണ്ടു കിലോമീറ്ററോളം നടന്നപ്പോ രണ്ടാമത്തെ കൊളെജിനടുത്ത്  എത്തി.  അവിടന്നും ഇതേ പോലെ തന്നെ ക്യൂ നിന്ന് അപേക്ഷ വാങ്ങി.  പിന്നെയുള്ളോരു കൊളേജിലേക്ക് നടപ്പ് ഇത്തിരി കൂടുതലാണ്.  അത് കൊണ്ടു ബസില്‍ കയറാം എന്ന് തീരുമാനിച്ചു.   ചുവന്ന ബസുകള്‍ (സിറ്റി സര്‍വീസ്) ഒരുപാടു ഉണ്ട്.  കോളേജിന്റെ സ്റ്റോപ്പില്‍ എല്ലാം നിര്‍ത്തുന്നുമുണ്ട്.  ഇറങ്ങേണ്ട സ്റ്റോപ്പ്‌ ഒന്നും പറയാതെ ചില്ലറ കൊടുത്തപ്പോ തന്നെ ടിക്കറ്റ്‌ കീറി തന്ന നല്ല കണ്ടക്ടര്‍!  ബസില്‍ കുറച്ചു സീറ്റുകള്‍ കാലിയായിരുന്നെങ്കിലും ഇരിക്കാതെ കമ്പിയില്‍ തൂങ്ങി നിന്നു.  ബസിന്റെ ക്ലീനര്‍ (പിന്‍ വാതിലില്‍ നില്‍ക്കുന്ന കിളി)  വിളിച്ചു സീറ്റിലിരിക്കാന്‍ പറഞ്ഞു.  ആദ്യമായി പട്ടണം കാണുന്നതിന്റെ സന്തോഷം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.  രണ്ടാമത്തെ കോളേജ് ആയപ്പോ ക്ലീനര്‍ വിളിച്ചു.  ഞങ്ങള്‍ അവിടെ ഇറങ്ങി കോളെജിലേക്ക്  നടന്നു.  ആ കോളേജില്‍ ആഫീസിന് മുന്നിലെ വരാന്തയില്‍ കൂടെ ഒരു പള്ളീലച്ചന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.  അങ്ങേരെ ഭയന്നിട്ടാവണം ആ വരാന്തയിലോ സമീപത്തോ വിദ്യാര്‍ഥികളെ എങ്ങും കണ്ടില്ല.  ഞങ്ങള്‍  ചെറിയൊരു പേടിയോടെ അദ്ദേഹത്തിന്  മുന്നിലൂടെ അപേക്ഷ ഫോം നല്‍കുന്ന ഓഫീസിനു മുന്നിലെ കൌന്ടരിലേക്ക് നീങ്ങി. അത് കണ്ടിട്ടാവണം അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. 
"നിങ്ങള്‍ഏതു സ്കൂളില്‍ നിന്നും വരുന്നു ? " ഘനമുള്ള ശബ്ദത്തില്‍ ഒരു ചോദ്യം.
 സ്കൂളിന്റെ പേര് പറഞ്ഞപ്പോ അദ്ദേഹം ചിരിച്ചു,  അപേക്ഷ നല്‍കുന്ന കൌണ്ടര്‍ ചൂണ്ടി കാണിച്ചു "അവിടന്നു ഫോം വാങ്ങിച്ചോളൂ " എന്ന് പറഞ്ഞു.

അപേക്ഷാ ഫോം ഒക്കെ കിട്ടി കഴിഞ്ഞപ്പോ ഏതാണ്ട് ഒരു മണി ആയി.  വിശപ്പ്‌ കയറി ത്തുടങ്ങി.  ചോറ്റുപാത്രം എടുക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ ഇത്രയും കരുതിയില്ല. 
എല്ലാവരും കയ്യിലൊരു ബുക്ക് മാത്രമേ എടുത്തിട്ടുള്ളൂ.  ഇനിയെന്തായാലും തിരിച്ചു പോകാം എന്ന് തീരുമാനിച്ചു.  വീണ്ടും വേറൊരു ബസില്‍ കേറി പട്ടണത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിനടുത്ത് ഇറങ്ങി.  രാവിലെ വന്ന ബസു തന്നെ അതിന്റെ അടുത്ത ട്രിപ്പ്‌ കഴിഞ്ഞു തിരികെ പോകുന്നത് ഞങ്ങള്‍ ആദ്യം ഇറങ്ങിയ സര്‍കാര്‍ കലാലയത്തിന്റെ മുന്നില്‍ കൂടി വന്നു ഇതേ വ്യാപാര കേന്ദ്രത്തിനു മുന്നിലൂടെ ആണ്.  റോഡ്‌ ക്രോസ് ചെയ്തു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ഒരു ബസു പോയി കഴിഞ്ഞിരുന്നു.  കുറച്ചു നേരം നിന്നപ്പോ ഞങ്ങള്‍ രാവിലെ കയറിയ ബസും എത്തി.  എല്ലാറം കൂടി ബസില്‍ കയറി.  ഉച്ച സമയം ആയതു കൊണ്ടു ബസില്‍ തിരക്ക് കുറവാണ്.  ഞങ്ങള്‍ അഞ്ചു പേരും ബസിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിപ്പ് പിടിച്ചു.  ഏതാണ്ട് ഒരു മണിക്കൂര്‍ ആവുമ്പോഴേക്കും ഞങ്ങളുടെ ഗ്രാമം അടുക്കാറായി.  ബസിലുള്ള യാത്രക്കാര്‍ ഒക്കെ ഇറങ്ങി.  ഇനി ഞങ്ങള്‍ അഞ്ചു കുട്ടികള്‍ മാത്രം.  ബസ് വീണ്ടും യാത്ര തുടര്‍ന്നു.  പത്തു മിനിട്ടുകള്‍ കൂടി കഴിഞ്ഞപ്പോ ഞങ്ങളുടെ സ്കൂളിനടുത്ത സ്റ്റോപ്പില്‍ ബസു നിര്‍ത്തി.  ഇനി അടുത്ത കവലയില്‍ പോയി തിരിച്ചു സ്റൊപ്പിലേക്ക് വരുകയാണ് സാധാരണ പതിവ്. 

ഞാനും എന്റെ വീട്ടിനടുത്തുള്ള ചങ്ങാതിയും പതുക്കെ ക്ലീനര്‍ ചെട്ടനോടു ചോദിച്ചു,
"ചേട്ടാ, ഞങ്ങള്‍ ബസ് തിരിക്കുന്ന കവലയില്‍ ഇറങ്ങിക്കോട്ടേ ? " ഒരു ചിരിയോടെ ക്ലീനര്‍ വീണ്ടും ഡബിള്‍ ബെല്‍ അടിച്ചു.  ബസ് തിരിച്ചു പോരുന്ന സമയം ഞങ്ങള്‍ക്ക് ഇറങ്ങാന്‍ കുറച്ചു നേരം നിര്‍ത്തി തന്നു. ഞങ്ങള്‍  രണ്ടാളും ചാടിയിറങ്ങി.
കയ്യില്‍ നിറയെ അപേക്ഷാ ഫോമുമായി വീട്ടിലേക്കു.
   
വീട്ടിനടുത്ത് എത്താറായപ്പഴെ ഞാന്‍ ഗേറ്റിനരുകില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.  വിചാരിച്ചത് പോലെ തന്നെ അമ്മ വഴിയിലേക്ക് നോക്കി തന്നെ നില്കുന്നുണ്ടായിരുന്നു. 
"എന്തെ ഇത്രേം വൈകും എന്ന് പറയാഞ്ഞേ ? ചോറ് തന്നു വിടുമാരുന്നല്ലോ"
ഊണ് വിളമ്പി വയ്ക്കാന്‍ അകത്തേയ്ക്ക് പോകുമ്പോ അമ്മ പറയുന്നുണ്ടായിരുന്നു.


 

3 comments:

nilaav said...

വരയിലെന്ന പോലെ തന്നെ എഴുത്തിലും പ്രദീപിനു കൈയ്യടക്കമുണ്ട്.

nilaav said...

വരയിലെന്ന പോലെ തന്നെ എഴുത്തിലും പ്രദീപിനു കൈയ്യടക്കമുണ്ട്.

Pradeep said...

നന്ദി ചന്ദ്രാ, വായനയ്ക്കും അഭിപ്രായത്തിനും :)