Saturday, March 4, 2017

അച്ഛനും അമ്മയുടെ(മുത്ത)അച്ഛനും....

    



എല്ലാ വർഷവും വിഷു നാളിൽ കൃത്യമായി വന്നിരുന്ന മുത്തച്ച്ഛൻ (അമ്മയുടെ അച്ഛൻ). ഓണത്തിനു പുത്തനുടുപ്പുകളും സദ്യവട്ടത്തിനു മുൻനിരയിലുമായി ഉൽസാഹത്തോടെ എല്ലാർക്കും നിർദ്ദേശങ്ങൾ നൽകുമ്പോൾ ആഘോഷത്തിനു പകിട്ട് കൂടിയിരിക്കും.
കുടുംബത്തെ ഇളയ സഹോദരി ആയതു കൊണ്ട് അമ്മയോടു മുത്തച്ഛന് അധിക വാൽസല്യം ഉണ്ടായിരുന്നു.  അമ്മാവന്റെ വീട്ടിലാണ് മുത്തശ്ശിയോടൊപ്പം മുത്തച്ച്ഛൻ താമസിച്ചിരുന്നത്. എല്ലാ വിശേഷാവസരങ്ങളിലും മറ്റു മക്കളെയും ചെറുമക്കളെയും കാണുന്നത് മുത്തച്ഛന് ഒരു ചിട്ടയായ ശീലമായിരുന്നു.  
അവധിക്കാലത്ത് മുത്തച്ച്ഛൻ  വരുന്നു എന്ന് അമ്മ പറയുന്നത് കേട്ട് അത്യാഹ്ളാദത്തിലായിരുന്നു ഞങ്ങൾ.  വാരാന്ത്യ അവധിയായിരുന്നതിനാൽ രാവിലെ മുതൽ വഴിക്കണ്ണുകളുമായുള്ള കാത്തിരുപ്പിന് ദൈർഘ്യമേറി.  ചെലപ്പോ അടുത്ത രണ്ടു ദിവസം ഞങ്ങളുടെ കൂടെ താമസിച്ചിട്ടേ മുത്തച്ച്ഛൻ മടങ്ങൂ എന്നതാണ് കൂടുതൽ സന്തോഷം. മുത്തച്ച്ഛൻ വന്നാല്‍ സ്ഥിരം തങ്ങുന്ന മുറിയും അതിലെ വസ്തു വകകളും ചെറുപ്പം മുതല്‍ കണ്ടിരുന്നത്‌ കൊണ്ടു എനിക്ക് നല്ല നിശ്ചയം ആയിരുന്നു.  കിടക്കയും തലയിണയും അതില്‍ വിരിക്കുന്നതും  മുത്തച്ച്ഛൻ വീട്ടില്‍ ധരിക്കുന്നതും ആയ തുണികള്‍ മുതല്‍ മേല്‍ മുണ്ട്, കുളിക്കുവാനുള്ള എണ്ണ, സോപ്പ് തോര്‍ത്ത്‌ എന്നിവ യഥാ സ്ഥാനത്ത് വയ്ക്കുന്നത് എന്റെ ജോലിയായിരുന്നു.
മുത്തച്ച്ഛൻ ഒരു വടിയും (കാലന്‍ കുട)   കുത്തി നടന്നു വരുന്നത് ദൂരെ നിന്നെ കണ്ടപ്പോള്‍ തന്നെ ഞാന്‍ മുറിക്കകത്തേക്ക്  ഓടി.  എല്ലാ സാധനങ്ങളും എടുത്ത് വച്ച ശേഷം വീടിനു മുന്‍ വശത്ത് എത്തിയപ്പോഴേക്കും മുത്തച്ച്ഛൻ പടിവാതില്‍ക്കല്‍ എത്തിയിരുന്നു.  അനിയത്തി വിളിച്ചു പറയുന്നത് കേട്ട് അമ്മയും ഇറയത്തേക്ക് വന്നു.  
മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ഇറയത്ത്‌ കിടന്ന ബഞ്ചിലേക്ക് ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹം അനിയത്തിയെ അടുത്ത് വിളിച്ചു.  മുണ്ടിന്റെ മടിശീലയില്‍ നിന്നും ഒരു ചെറിയ പൊതി പുറത്തെടുത്തു.  എല്ലായ്പോഴും ഉള്ള പോലെ ഒരു കൈ നിറയെ നാരങ്ങ മുട്ടായികള്‍!...  വായില്‍ വെള്ളമൂറി ഞങ്ങ രണ്ടാളും.  കിട്ടിയതത്രയും കൊണ്ടു ഓടിയ അനിയത്തി.  അന്തം വിട്ട ഞാന്‍.  "അവള് കൊച്ചല്ലേ, കൊണ്ടു പോട്ടെ.  നിനക്ക്  അടുത്ത തവണ വേറെ കൊണ്ടു തരാം ട്ടോ" എന്ന് എന്റെ തോളില്‍ തട്ടി മുത്തശ്ശന്‍.  നാരങ്ങ മുട്ടായി കിട്ടാത്തത്തിലെ സങ്കടം അത് കേട്ടപ്പോള്‍ ഇത്തിരി കുറഞ്ഞു.
പിന്നെ മുത്തശ്ശന്‍ വസ്ത്രം മാറുന്നതിനായി അദ്ദേഹത്തിന്റെ സ്ഥിരം മുറിയിലേക്ക് പോയി.  പിന്നാലെ പോയ എന്നെ വിളിക്കുന്ന അമ്മ.  
"എടാ,  നീയീ അടുക്കലയിലെക്കൊന്നു വാ, ഈ വെള്ളം ഇങ്ങെടുത്തോ..." മുത്തശ്ശന് കാപ്പിയും പലഹാരങ്ങളും എടുക്കുന്നതിന്റെ തുടക്കം.  അമ്മയുടെ പിറകെ ഓരോന്നെടുത്തു കൊണ്ടു തീന്‍ മേശയിലേക്ക്‌ കൊണ്ടു വന്നു.  അപ്പോഴേക്കും മുത്തശ്ശന്‍ വസ്ത്രം മാറ്റി (വീട്ടില്‍ വെള്ള മുണ്ടും, തോളില്‍ ഒരു തോര്‍ത്തും വേഷം) അടുക്കള ഭാഗത്തേക്ക് എത്തി.  പിന്നെ കൃഷി കാര്യങ്ങളെ കുറിച്ചു ഓരോന്ന് പറയുന്നതിനിടെ മുത്തശ്ശന്‍ പറഞ്ഞു, "ഞാന്‍ നമ്മുടെ കുളം തേകാന്‍ രണ്ടു പണിക്കരോടു വരാന്‍ പറഞ്ഞിട്ടുണ്ട്.  ഉച്ച കഴിയുമ്പോഴേക്കും തിരിക്കണം."  
അമ്മയുടെ മുഖം ഇത്തിരി വാടിയെങ്കിലും "ഇനി ഊണ് കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി അച്ഛാ.." എന്ന് പറഞ്ഞു.  മുത്തശ്ശന്‍ തല കുലുക്കി.  ഇന്നത്തെ ദിവസം രാത്രി മുത്തശ്ശന്റെ കൂടെ കഥയും ഒക്കെ കേട്ട് ഉറങ്ങാന്‍ കിടക്കാം എന്നാ പദ്ധതിയെല്ലാം തകര്‍ന്ന സങ്കടം എനിക്കും. 
അത് കണ്ടിട്ടാകണം മുത്തശ്ശന്‍ പറഞ്ഞു "സ്കൂള്‍ വേനല്‍ അവധി തുടങ്ങിയില്ലേ. പിള്ളേരെ രണ്ടാഴ്ച അങ്ങോട്ട്‌ കോണ്ടു വിട്ടേരെ".  
അമ്മ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു, "കുറെയായി കാവിലൊന്ന് തൊഴുതിട്ട്, എന്തായാലും വരുന്ന ശനിയാഴ്ച ആവട്ടെ."  
വീണ്ടും ഒരവധിക്കാലം മുത്തശ്ശന്റെ കൂടെ എന്നാ ആഹ്ലാദത്തില്‍ ഞാനും. 
[----]