Thursday, May 19, 2022

ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം

 ഇന്നത്തെ സാഹചര്യത്തിൽ മാറ്റം അവിഭാജ്യമായ ഘടകം തന്നെ.  

ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം അല്ലെ?  

തിൻമയ്‌ക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കാൻ സാധിച്ചാൽ അതിനെ പിന്തുണയ്ക്കാൻ മറ്റൊരാൾക്ക് ധൈര്യം വന്നേക്കാം.  മാറ്റത്തിന്റെ പുൽക്കൊടി പോലെ.  ഓരോ മനസിലും സ്നേഹത്തിന്റെ വിത്തുകൾ പാകുന്നത് വഴി നല്ല ചിന്തകൾക്ക് സാധ്യതയുണ്ട്.  എന്നെങ്കിലും ഒരിക്കൽ, അല്ല എന്നും നന്മയുണ്ടാവും.

വായനയ്ക്കും വാക്കുകൾക്കും നന്ദി.  സ്നേഹപൂർവ്വം.

Tuesday, March 22, 2022

Religion and Politics ~ A Glorified slavery [മതവും രാഷ്ട്രീയവും ~ ഒരു മഹത്വവത്കരിക്കപ്പെട്ട അടിമത്തം]

മതവും രാഷ്ട്രീയവും ~ ഒരു മഹത്വവത്കരിക്കപ്പെട്ട അടിമത്തം

ആദ്യത്തെ സഞ്ചാരി അയാളുടെ യാത്രകളിൽ  ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചെലവുകുറഞ്ഞ തൊഴിലാളികളെ ലഭിക്കുന്ന കാര്യം നിരീക്ഷിച്ചിരിക്കാം.   അങ്ങനെ ലഭിക്കുന്ന തോളഴിലാളികളെ സ്വന്തം രാജ്യത്തേക്ക് അയാള് കൊണ്ട് പോയിട്ടും ഉണ്ടാവണം.  പക്ഷേ അങ്ങനെ  സൗജന്യ തൊഴിൽ  (തൊഴിലാളികളെയും) ലഭിക്കുന്നതിന്, വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയോ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക എന്നതാണ് സഞ്ചാരികൾ കണ്ട എളുപ്പവഴി. 

ഇങ്ങനെ മിശ്ര സംസ്കാരം ഉടലെടുക്കുകയും പ്രവാസികളുടെ ആവിർഭാവം തുടങ്ങുകയും ചെയ്തിരിക്കണം.  വർഷങ്ങളായി സ്വത്വം നഷ്ടപ്പെട്ടു പലർക്കോ വേണ്ടി ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്ന ജന്മങ്ങൾ.  

"മതങ്ങൾ" എന്നാൽ  "മഹത്വവത്കരിക്കപ്പെട്ട അടിമത്തം" ആണെന്ന് ആരാണ് സമ്മതിക്കുക! 

അങ്ങനെ ഞാൻ  പറഞ്ഞാൽ എന്നെ സമൂഹത്തിൽ നിന്ന് പുറത്താക്കും.

ഏതെങ്കിലും സഞ്ചാരി അയാളുടെ താല്പര്യങ്ങൾക്കു വേണ്ടി പല രീതിയിൽ സ്വാധീനിച്ചു പിന്നോക്ക സമൂഹത്തിനെ തിരിച്ചുപോക്കില്ലാത്ത അവസ്ഥയിലേക്ക് കൊണ്ട് ചെന്നു.   ഇങ്ങനെ സ്വന്തം അഭിപ്രായത്തിലേക്ക് (മതം = അഭിപ്രായം]  ചേർത്തു നിർത്തുവാൻ വൈകാരികമായും ശാക്തീകമായും പലേ രീതികൾ  അവലമ്പിച്ചിരിക്കണം.   ഇതിനെല്ലാം  അടിമപ്പെട്ടു എന്നു മാലോകർ  തിരിച്ചറിയുന്നത് തന്നെ വളരെ വൈകിയത് കൊണ്ട് അവരെല്ലാം  പ്രതികരണ ശേഷി നഷ്ടപ്പെട്ട ആൾക്കൂട്ടം മാത്രം.   

ഒരു തരത്തിൽ ഈ അന്ധതയുടെ വീക്ഷണത്തിൽ നിലവിലെ ഭരണകക്ഷികൾ (സംസ്ഥാനത്തും കേന്ദ്രത്തിലും) ഉന്നത അടിമത്തത്തിന്റെ മറ്റൊരു രൂപമാണ്.

[ഇത് എന്റെ മാത്രം അഭിപ്രായം.  ആരെയും നിർബന്ധിക്കുകയില്ല. ]

Thursday, March 10, 2022

ഇരുപത്തിമൂന്ന് ~ 23 years backward

ഇരുപത്തിമൂന്ന് : 23 = (2+3) = 5 [uni digit number per numerology]


ഒക്ടോബർ മാസം മാറ്റങ്ങളുടേതാണോ ? എന്റെ കാര്യത്തിലെങ്കിലും അത് ശരിയായിരിക്കണം.

സൗദിയിൽ ജോലി ചെയ്യുന്ന സമയം സഹപ്രവർത്തകരായ ചില സൗഹൃദങ്ങൾ (മലയാളികളടക്കം) ജീവിതത്തിലെ വ്യക്തമായ മാറ്റങ്ങൾക്കു കാരണമായി എന്ന് പറയാതെ വയ്യ.  

ഓരോ തൊഴിൽ മാറ്റവും പുതിയ പാഠങ്ങൾ നൽകിയിരുന്നു.  കലാലയ പഠനത്തെ തുടർന്ന് ആദ്യം ലഭിച്ച തൊഴിലിൽ തന്നെ ചുവടുറപ്പിച്ച് അതെ സ്ഥാപനത്തിൽ നിന്ന് തന്നെ വിരമിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.   പക്ഷെ ഉന്നത കുല ജാതനായതിന്റെ കാരണത്താൽ സംവരണങ്ങളുടെ ആധിക്യം സർക്കാർ ജോലി ലഭിക്കുന്നത് വെറുമൊരു സ്വപ്നവും,  ആ സ്വപ്നങ്ങളുടെ അസാധ്യതയെ ചൂഷണം ചെയ്തിരുന്ന സ്വകാര്യ സ്ഥാപനങ്ങളും "തൊഴിൽ"  എന്ന മാന്യ പദത്തിന് "അവസരോചിതമായ വെറുമൊരു കരാർ" എന്ന വിശാലമായ അർഥം മനസിലാക്കാൻ സഹായിച്ചു.  പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ അവസരവാദികളാവുന്നതു ഇങ്ങനെയായിരിക്കാം.

മനുഷ്യ ജീവിതത്തിൽ എല്ലാർക്കും ലഭ്യമായ അവസരങ്ങൾ തിരിച്ചറിയാനോ സംയമനത്തോടെ അവയെ സ്വീകരിക്കാനോ പലപ്പോഴും സാധിക്കാറില്ല.  അങ്ങനെയൊരുള്ള സാഹചര്യങ്ങളിൽ  നമുക്ക് മുന്നിൽ പ്രത്യക്ഷരാവുന്ന ചില നിസ്വാർത്ഥ ജന്മങ്ങൾ ഉണ്ടാവും.  അങ്ങനെയുള്ള ഒരുപാട് പേരുടെ ദയ നമ്മളോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. 

മധുരക്കരിമ്പിലെ അവസാനത്തെ നീർതുള്ളിയും ചതച്ചു പിഴിഞ്ഞ് എടുത്ത ശേഷം വലിച്ചെറിയപ്പെടുന്ന ചണ്ടിയുടെ  അനുഭവങ്ങൾ പല തൊഴിലിടങ്ങളിൽ നിന്നും ഉണ്ടാക്കിയ വിരക്തിയിൽ നിന്നും മോചനത്തിനായി  എട്ടു മണിക്കൂറിന്റെ തുടർച്ചയായുള്ള രണ്ട് ഷിഫ്റ്റുകളിലായി ചിലവഴിച്ചിരുന്നപ്പോൾ പുറം ലോകവുമായി തീർത്തും അകൽച്ചയിലായി.   ഉറക്കവും കിടപ്പു മുറി വൃത്തിയാക്കലും അലക്കു ജോലികളും അടുക്കലപ്പണികളും തീർത്തു ജോലിസ്ഥലത്തേക്കുള്ള യാത്രകളടക്കം എല്ലാം യന്ത്രികമായിരുന്ന രണ്ടരക്കൊല്ലത്തിലേറെ സമയം.  സ്ഥാപനത്തിലെ പല വകുപ്പ് മേധാവികളും ശ്രദ്ധിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത്  വീണ്ടുമൊരു ജോലി മാറ്റത്തിലേക്കു കാരണമാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സ്ഥാപനത്തിലെ ഉപകരണ പരിപാലന വകുപ്പ് മേധാവി വടക്കേ ഇന്ത്യൻ മാർവാഡി ഒരു ദിവസം എന്റെ മേശയ്ക്കരികെ വന്നിരുന്നു.   

"डुबाई जाएगा ?   [ദുബായിലേക്ക് പോകുന്നോ ?] "  എന്ന് ചോദിക്കുന്നു.  

ഒരു കടലാസു കൈയിലേക്ക് നീട്ടി.  

ഇപ്പോൾ ലഭിക്കുന്ന മാസ ശമ്പളത്തിന്റെ ഇരട്ടിയും വാഹന ആനുകൂല്യങ്ങളും.  കൂടുതലൊന്നും ആലോചിക്കാതെ തലയാട്ടി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.  അത്യാസന്ന അവസ്ഥാ സന്ദേശം (സൗദിയിൽ - emergency exit re-entry) fax ലഭിച്ചുവെന്ന് വകുപ്പ് സെക്രട്ടറിയും,  വിമാന യാത്രയ്ക്കുള്ള നിർദേശം നൽകുന്ന നടപടികൾ വേഗത്തിലാക്കുവാൻ സൗദി പൗരനും ഇടപെട്ടു.  താമസ സ്ഥലത്തു നിന്നും സാധനങ്ങൾ  പൊതിഞ്ഞു കെട്ടി  തയ്യാറാക്കുവാൻ നിന്ന പല ഭാഷക്കാരായ സഹപ്രവർത്തകർ.  ചിലർ അവരുടെ ദുബായിലുള്ള ബന്ധുക്കൾക്ക് കൊടുക്കുവാനുള്ള കത്തുകൾ കയ്യിലേൽപിച്ചു,  വിമാനമിറങ്ങുമ്പോൾ  നിന്റെ പേരെഴുതിയ ബോർഡും കൊണ്ട് ആൾക്കാരുണ്ടാവും നേരിട്ട് കൊടുത്താൽ മതി എന്ന് പറഞ്ഞിരുന്നു.  

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നെ യാത്രയാക്കി മടങ്ങിയ ഒരു കൂട്ടം മാലാഖമാർ!

വിമാനത്തിലേക്ക് കയറുന്ന സമയം ഒരുപാട് മലയാളികളുടെ സ്വപ്ന ഭൂവിലേക്കാണ് യാത്ര എന്നതു പോലും തിരിച്ചറിയാനാവാത്ത വിഭ്രമത്തിലായിരുന്നു.  

കഴിഞ്ഞ വർഷം (2021) ഒക്ടോബർ ഇരുപത്തി മൂന്നാം തിയതി  == (23 വർഷങ്ങൾ), പലരുടെയും ജീവിതത്തിൽ ചെറിയൊരു സന്തോഷമെങ്കിലും ഉണ്ടാകുവാൻ ഞാൻ കാരണമായിട്ടെങ്കിൽ അത് മേൽ പറഞ്ഞ മാലാഖമാരുടെയും അനുഗ്രഹം.

Tuesday, February 15, 2022

the real happiness is in the glory of giving!

 പലപ്പോഴും നമ്മൾക്ക് എതിരെ വരുന്നയാളോട് ഒന്ന് ചിരിച്ചു നോക്കിയിട്ടുണ്ടോ? 

ഒരു പ്രഭാത വന്ദനം പറഞ്ഞു നോക്കിയിട്ടുണ്ടോ ?

മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആളാണെങ്കിൽ കൂടി അവരുടെ മുഖത്തുണ്ടാവുന്ന തിളക്കം എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്.  പിന്നീടൊരിക്കൽ അതെ വ്യക്തി നമ്മളെ കാണുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് കുശലാന്വേഷണം (അല്ലെങ്കിൽ കൈ വീശി ഒരു ഹായ് ) നടത്താറുള്ളതും കൂടുതൽ സന്തോഷം.  

വണ്ടിയുടെ ബാറ്ററി ഡൌൺ ആയി, പിന്നെ വണ്ടി  തള്ളി സ്റ്റാർട്ടക്കേണ്ടി വരുന്നയാൾക്കു ഒരു കൈ കൊണ്ട് ഉന്തി കൊടുക്കുമ്പോളും, ഭാരം കയറ്റിയ സൈക്കിളിനെ സ്റ്റാന്റിൽ കയറ്റാൻ കഷ്ടപ്പെടുന്നവനെ സഹായിക്കുമ്പോഴും ഇതേ രീതിയിൽ അവരുടെ മുഖത്തെ ചിരി കാണാറുണ്ട്.  

പല സർക്കാർ ഓഫീസുകളിലും (ഇവിടെ കണ്ടതാണ് ) ചായ കൊടുക്കുന്നവരും തൂപ്പുകാരും (ജാനിറ്റോറിയൽ സർവീസ് ) മേലധികാരികളെ കാണുമ്പോൾ ഭയ ഭക്തി ബഹുമാനത്തോടെ ഒതുങ്ങാറുണ്ട്.  തിരിഞ്ഞു നടക്കുന്ന അവരെ  പലപ്പോഴും ലിഫ്റ്റിനരുകിലോ ഗോവണിയുടെ അരുകിലോ  വച്ച് കാണുമ്പോൾ "കൈസാ ഹേ ?" എന്നൊരു ചോദ്യം അവർക്കു നൽകുന്ന ഉത്സാഹം ഒന്ന് വേറെ തന്നെയാണ്.  ഒന്നും പ്രതീക്ഷിക്കാതെ തന്നെ നൽകുന്നവരാണ് എന്നും സന്തോഷവാന്മാരായി ഇരിക്കുന്നത്.  

as it says "the real happiness is in the glory of giving!"

Monday, February 14, 2022

വിഷാദം

വിഷാദം : രാജീവിന്റെ എഴുത്ത് 

https://www.facebook.com/photo/?fbid=1883022951884470&set=gm.1360241114416283 

f b യിൽ ഇട്ട comment :

നമ്മളോരോരുത്തരും മറ്റൊരാൾ ചെയ്യുന്ന  "ശരികൾ"യ്ക്കും "തെറ്റുകൾ"ക്കും അതിര് നിശ്ചയിക്കുമ്പോളും ആരും ആലോചിക്കാത്ത കാര്യം അവ ചെയ്യുന്നവർക്കു എന്തെങ്കിലും സങ്കടം ഉണ്ടായിരുന്നോ എന്നാണ്.  ചിലപ്പൊ ഒരു സാന്ത്വനം കൊണ്ട് കടക്കാവുന്ന സങ്കടക്കടലുകൾ മാത്രമായിരുന്നിരിക്കാം ഓരോ ആത്മഹത്യ ചെയ്തവർക്കും മുന്നിൽ ഉണ്ടായിരുന്നത്. 

നല്ല ആശയം, സുന്ദരമായ അവതരണം.  

Thursday, January 13, 2022

New Year 2022 - A crashing START!

New Year 2022 - A crashing START!

രണ്ടായിരത്തി ഇരുപത്തിരണ്ടു തകർപ്പനായി തന്നെ തുടങ്ങി !


ഇടതു കാലിന്റെ ചെറുവിരൽ 

ഇടനാഴിയിൽ വച്ചിരുന്ന പെട്ടിയുടെ മൂലയിൽ കാര്യമായി തന്നെ തട്ടി.  

നല്ല തകർപ്പൻ  ഇടി.    

എണ്ണിയ നക്ഷത്രങ്ങളെത്രയായിരുന്നു എന്നു ഇപ്പോഴും നിശ്ചയമില്ല. 

ഒന്നാം തീയതി തന്നെ ആശുപത്രിയിലേക്ക് പോവണ്ടാ എന്നു വിചാരിച്ചു വച്ചു  കൊണ്ടിരുന്നു. 


പുലരെ തന്നെ നല്ല രീതിയിൽ മഴ പെയ്തിരുന്നത് കൊണ്ട് രാവിലത്തെ നടപ്പും മുടങ്ങി.  വൈകുന്നേരമാകുമ്പോളെക്ക്  കാലിന്റെ വേദന കുറയും എന്നു വിചാരിച്ചിരുന്നു.  പക്ഷേ രാത്രിയായപ്പോഴേക്കും  ഇടതു കാലിന്നു നീര് വന്നു. 

പിറ്റേന്ന് ജോലിക്ക് പോകേണ്ടതും ആണ്.  സോക്സ്, ഷൂ ഒക്കെ  ധരിച്ചു ഒരു മാതിരി ഞൊണ്ടി വണ്ടിയിലേക്ക് കയറി.  മാനുവൽ ഗിയർ അല്ലാതിരുന്നത് ഭാഗ്യം.  അല്ലെങ്കിൽ കഷ്ടപ്പെട്ട് പോയേനെ.  ജോലി കഴിഞ്ഞു തരികെ വന്നപ്പോഴേക്കും നീര് കൂടിയിരുന്നു. 

നാനൂറു ദിവസങ്ങളോളമായി  മുടങ്ങാതെ തുടർന്നിരുന്ന രാവിലത്തെ നടപ്പിന് താൽകാലികമായി അവധി. 

എന്തായാലും ആശുപത്രിയില് പോകാതെ തന്നെ ജനുവരി ഒമ്പതാം തീയതി രാവിലെ വീണ്ടും നടത്തം പുനരാരംഭിച്ചു. 

എല്ലാർക്കും പുതുവൽസരാശംസകൾകൊപ്പം  നന്ദിയോടെ,



Saturday, October 23, 2021

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.

 

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.


സാമൂഹ്യ പുരോഗതിക്കു ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു ഏറ്റവും ഉപയോഗ്യമായ "യുവത" നേതൃത്വത്തിന്  എപ്പോഴും ബാധ്യതയാണ്.    ബാധ്യതകളെ ആസ്തികളായി മാറുമ്പോഴാണ് നേതൃത്വത്തിന്റെ ദിശാബോധം വ്യക്തമാകുന്നത്.  ഇത് സമൂഹത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ ചവിട്ടുപടി ആവുകയും ചെയ്യുന്നു.


മാനുഷിക മൂല്യങ്ങളെ ആധാരമാക്കിയുള്ള വിദ്യാഭ്യാസവും പൗര ബോധവും ഉൾക്കാഴ്ചയുമുള്ള തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരിൽ മാതാ പിതാക്കളുടെ സ്ഥാനം പ്രാധാന്യമർഹിക്കുന്നു.  വരും തലമുറയ്ക്ക് മാതൃകയായി പ്രവർത്തിക്കുന്ന സമൂഹത്തിനു ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നില്ക്കാൻ  (ഒളിച്ചോടുവാൻ ) സാധിക്കില്ല.


മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉത്സാഹവും ഊർജ സ്വലവുമായ സമയം കൗമാരവും യൗവനവും തന്നെയാണ്.  കൗമാരകാലത്തു സ്വായത്തമാക്കുന്ന കഴിവുകളെ രൂഢ മൂലമാക്കാൻ സാധിച്ചാൽ ഒരു വ്യക്തിയുടെ യൗവന കാലം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും.  അതിനു വേണ്ട പ്രധാന നടപടി ശരിയായ വിദ്യാഭ്യാസം നൽകുക എന്നതു തന്നെയാണ്.


നവ മാധ്യമങ്ങളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം  പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാണ്.   അധ്യാപനം എന്ന ചുമതല "വിവരണം" എന്ന രീതിയിലേക്ക് വഴി മാറിയത് ഇക്കാലത്താണ്.   വിദ്യാർത്ഥികൾക്ക് താല്പര്യാനുസരണം പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നു.  എന്നാൽ ഇത് മൂലം യഥാർത്ഥത്തിൽ മൂല്യ ശോഷണമാണോ അതോ മൂല്യ വര്ധനവാണോ ഉണ്ടാവുന്നത് എന്ന് ആശങ്ക വർധിക്കുകയാണ്.  


വിരൽത്തുമ്പുകളിൽ  അവശ്യവും അനാവശ്യവും ആയ സൗകര്യങ്ങൾ ലഭിക്കുന്നതു വഴി  വ്യക്തികൾ പ്രവർത്തന രഹിതമായ നിലയിലേക്ക് പോവുന്നു.   തലച്ചോറിന്റെ പ്രവർത്തനങ്ങളെ  പലപ്പോഴും ഈ വക യന്ത്രങ്ങളും നിർമ്മിത ബുദ്ധിയും ചേർന്ന് നിയന്ത്രിക്കുന്ന അവസ്ഥ  സംജാതമാവുന്നു. 


പല വിധം സമൂഹ മാധ്യമങ്ങൾ ഇങ്ങനെ മനുഷ്യ സ്വഭാവ സവിശേഷതകൾ പഠന വിധേയമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കൈവശമാക്കുന്നതോടൊപ്പം അവരുടെ സഞ്ചാര ശീലങ്ങളും ഉപഭോഗ വ്യവഹാരങ്ങളുടെ സമയക്രമമായ ശേഖരം സൃഷ്ടിക്കുന്നു.  


മുന്കാലങ്ങളിൽ ചിട്ടയായ ശീലങ്ങൾ അനുവർത്തിക്കാൻ ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു.   ഇങ്ങനെയുള്ള ഉപദേശങ്ങൾ സ്വാംശീകരിച്ചവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ വിജയിച്ചതായി കാണാം.  ഇതേ രീതിയിൽ ജീവിതം ചിട്ടയായി ക്രമീകരിക്കുന്നതിന് നിന്നും ഗുരുക്കന്മാരോട് മുൻപ് വിസമ്മതിച്ച പലരും ഇന്ന് തങ്ങളുടെ വിരൽതുമ്പുകളിലെ യന്ത്രങ്ങൾക്കു കീഴടങ്ങി നിർമ്മിത ബുദ്ധിയുടെ അടിമയായി മാറിയിരിക്കുകയാണ്.


ഇതിലെന്താണ് പ്രതിവിധി ?


വായിച്ചു മനസിലായവർക്കു ചോദ്യങ്ങൾ കമന്റ് ചെ യ്യാം.