Thursday, May 19, 2022

അർദ്ധ ശതകത്തിന്റെ സമ്മാനം.

 അർദ്ധ ശതകത്തിന്റെ സമ്മാനം (9 April 2022).

ആഗ്രഹങ്ങൾക്ക് അന്തമില്ല.  പ്രവർത്തന മേഖലയുടെ മാറ്റങ്ങൾ കൊണ്ടും, എത്തിപ്പെട്ട ലാവണങ്ങളിലെ മത്സരങ്ങളും മൂലം ഇഷ്ടങ്ങൾ പലതും മറന്നിട്ടു വർഷങ്ങൾ ഒരുപാടായി.  പഠനകാലത്തു ചെയ്യാൻ മറന്നിരുന്നതും (ചെയ്യാൻ സാവകാശം കിട്ടാതിരുന്ന) ഒത്തിരി ആഗ്രഹിച്ചിരുന്നതുമായ സ്വപ്‌നങ്ങൾ തന്നെയാവണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന  പ്രയത്നത്തിന് ആധാരം. 

സൗഹൃദ (സഹപാഠികളുടെ) കൂട്ടായ്മകളിലെല്ലാം സർവ്വ സാധാരണമായ "താൻ പോരിമ" പ്രദര്ശനങ്ങളിലെ മിഥ്യ തിരിച്ചറിയുമ്പോൾ അത്തരം കാര്യങ്ങളോട് വിരക്തി തോന്നുകയാണ് പതിവ്.  അത് കൊണ്ട് തന്നെ പ്രവാസം തുടങ്ങിയ കാലം മുതൽ സ്വയം ക്രമീകരിച്ച പുറം തോടിനുള്ളിൽ തന്നെ കഴിയാൻ ഇഷ്ടപ്പെട്ടിരുന്നു. 

പത്തു മിനിറ്റിൽ കൂടുതൽ ചിലവാക്കാൻ തോന്നുന്ന കാര്യങ്ങൾ തുലോം കുറവാണ്.  വരയായാലും വായനയായാലും ഇപ്പറഞ്ഞ സമയം അധികരിച്ചാൽ പിന്നീട് പൂർത്തീകരിച്ചതായി ഓർമയില്ല.  

ഇക്കാരണം കൊണ്ട് വായന എന്നത് ശ്രവ്യ മാധ്യമങ്ങൾക്കു വഴി മാറി.  ഔദ്യോഗിക യാത്രകളിൽ സൗകര്യപൂർവം സമയം കൊല്ലിയാവുന്നതും ഇങ്ങനെ പല എഴുത്തുകാരുടെ പുസ്തക വായനയുടെ റെക്കോർഡിങ് (ഓഡിയോ ബുക്) ആണ്.

രണ്ടായിരത്തി ഇരുപതാമാണ്ട് ലോകത്തിനു സമ്മാനിച്ച നേത്രങ്ങൾക്കു ഗോചരമല്ലാത്തൊരു രോഗാണു മൂലം രാജ്യങ്ങൾ തന്നെ അടച്ചിടേണ്ട അവസ്ഥയിൽ സർവ്വ ജങ്ങളും നിയന്ത്രിത ബുദ്ധിയാൽ നിർമ്മിതമായ സാങ്കേതിക ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായി മാറി.

മനുഷ്യരുടെ വരുമാന മാര്ഗങ്ങള് പലതും മുടങ്ങി.  ചുരുക്കം ചിലർ തങ്ങളുടെ പ്രവർത്തന മേഖലകൾ വിപുലീകരിച്ചു.  

"കോവിഡ്"  മൂലം മുടങ്ങിയ യാത്രകൾ പലതും പുനരാരംഭിച്ചത് രണ്ടായിരത്തി ഇരുപത്തി ഒന്ന് ഡിസംബർ മാസത്തോട് കൂടിയാണ്.

പ്രവാസികൾ പൊതുവെ ഗൃഹാതുരത്വത്തിന്റെ സ്വപ്ന ജീവികളായതു കൊണ്ടു തന്നെ ചിലവുകളെ പറ്റി ആലോചിക്കാതെ ഗാർഹിക കാര്യങ്ങൾ സ്വദേശത്തിലേതാണെങ്കിൽ കൂടുതൽ താല്പര്യത്തോടെ ഇടപെട്ടു തുടങ്ങി.   

അങ്ങനെ ഒരു അവശ്യ അവധി മുൻ തീരുമാന പ്രകാരമല്ലെങ്കിൽ കൂടി വീട്ടിൽ മാതാപിതാക്കളോടൊപ്പം ചെലവഴിച്ചു തിരികെ പ്രവാസത്തിൽ വന്നത് ജനുവരി ആദ്യ വാരം ആണ്.  അവധിക്കാല ചെലവുകളുടെ ഭാരത്തിനോടൊപ്പം പുതിയ വർഷത്തിലെ ബാധ്യതകളും എണ്ണം കൂടുകയും ചെയ്യുന്നു.  ആവേശം ആക്രാന്തമായ ഏതോ അവസരത്തിൽ കാലിന്റെ ചെറു വിരൽ തകർക്കുന്ന രീതിയിലെ ഒരു തട്ട് മുട്ടലിൽ തന്നെ പുതു വർഷം ആരംഭിച്ചു.  അവധിക്കാലത്തു പോലും മുടങ്ങാതെ നോക്കിയിരുന്ന ദിവസേനയുള്ള പുലർകാല നടത്തം (വ്യായാമം)  അങ്ങനെ മുടങ്ങി.  കോവിഡ് ഭീതി കൊണ്ട് ആശുപത്രി സന്ദർശനം പോലും ഒഴിവാക്കി. 

എല്ലാ പ്രവാസികളെയും പോലെ വരവിനും ചെലവിനും ഇടയിൽ ഞെരുങ്ങുന്നതിനിടെയിലെ പരിമിതമായ സൗഭാഗ്യങ്ങൾ പുറമെ നിന്ന് നോക്കുന്നവർക്ക് ആർഭാടമായി തോന്നിയാൽ തെറ്റ് പറയാനാവില്ല.  അങ്ങനെയുള്ള സൗകര്യങ്ങളിലൊന്നായ വാഹനം നിരത്തിലിറക്കുന്നതിനു വേണ്ട പരിശോധന ചെലവുകളും, ഇൻഷുറൻസ് പരിപാലന ചെലവുകളും ഒപ്പം കുട്ടികളുടെ പുതിയ അധ്യയന വർഷത്തെ ഫീസും കൂടി (എല്ലാം ഒന്നിച്ചു) വരുന്നത് വലിയൊരു കീറാമുട്ടിയാണ്.  നയപരവും സാങ്കേതിക മികവോടും കൂടി സമീപിച്ചാൽ മാത്രമേ ഇപ്പറഞ്ഞ ചെലവുകൾ വർദ്ധിക്കാതിരിക്കാൻ സാധിക്കൂ.  ക്രെഡിറ് കാർഡിന്റെ ബില്ലിംഗ് തീയതികളുടെ ഇടയിലൂടെ ഒരു കരണം മറിച്ചിലാണ് മിക്കവാറും തവണ ചെയ്യുന്നത്.   

ഇങ്ങനെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് "1987-SSC ചോറ്റാനിക്കര സ്‌കൂൾ ഗ്രൂപ്പിന്റെ"  മീറ്റ് 2022 ഏപ്രിൽ ഒമ്പതിന്  എന്ന  അറിയിപ്പ് വന്നത്.     ചെലവുകളുടെ ആധിക്യം ഓർത്തു ഇത് ഒഴിവാക്കാം എന്നാണ് ആദ്യം വിചാരിച്ചത്.  ദിവസേന കാണുന്ന അപ്‌ഡേറ്റുകളും തുടർന്നുള്ള ചർച്ചകളും ശ്രദ്ധിക്കുമ്പോൾ ഇങ്ങനൊരു അവസരം നഷ്ടപ്പെടുത്തുന്നതിലെ കുറ്റബോധം ജീവിത കാലം മുഴുവനും നിന്നേക്കാം എന്ന് ബോധ്യപ്പെട്ടു.    അതോടെ ഏപ്രിൽ ഒമ്പതിനെ പറ്റി ഒരു പുനർ ചിന്തനം വേണമെന്ന് തോന്നി.  അപ്പോൾ തന്നെ  കലണ്ടറിലെ  ഏപ്രിൽ മാസത്തിൽ ചുവന്ന മഷി കൊണ്ട് മൂന്ന് നാല് വരകൾ വരച്ചു  ചേർത്തു.

ഓഫീസിൽ നിന്നും ഒരാഴ്ച മാറി നിൽക്കാൻ സാധ്യമല്ലാത്ത രീതിയിൽ തിരക്കുകൾ ഉണ്ട്.  ചില സാമഗ്രികൾ എത്താതെ ജോലികൾ മുടങ്ങിയേക്കും.  ആ വക സാധങ്ങൾ അയച്ചു തരുന്ന കമ്പനികൾ എല്ലാം തന്നെ പുറം രാജ്യങ്ങളിൽ ആണ്.  ഏറ്റവും കുറഞ്ഞ പ്രവർത്തി ദിവസങ്ങൾ കണക്കാക്കി അവധിക്കു അപേക്ഷ നൽകി.  സ്ഥാപന ഉടമയുടെ നിർദേശം പെട്ടെന്ന് തന്നെ ലഭിച്ചു.  

"വാരാന്ത്യ ദിവസങ്ങൾ കണക്കിലെടുത്തു യാത്ര പോയില്ലെങ്കിൽ ആ ദിവസങ്ങൾ കൂടി വാർഷിക അവധിയിൽ നിന്നും കുറയും" എന്ന്.

എങ്കിലും സാരമില്ല എന്ന് കരുതി.  പക്ഷെ നോം ഓഫീസിലില്ലാതെ വരുന്ന ദിവസങ്ങളിൽ ഏതെങ്കിലും പ്രശ്നങ്ങൾ കസ്റ്റമർ സർവീസിന് ഉണ്ടായാൽ ഉത്തരവാദിത്വം എടുത്തോളണം എന്ന് കൂടി സമ്മതിക്കാതെ തരമില്ലായിരുന്നു.   അല്ലെങ്കിലും കസ്റ്റമറുടെ പ്രശ്നങ്ങൾ കേൾക്കുന്നത് ഒരു പുതിയ കാര്യമല്ല.  രണ്ട് കൂട്ടർക്കും കുഴപ്പങ്ങളില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ കുറെ *ശിങ്കിടികളുമായി നോം ഇവിടെ തുടരുന്നത്. 

അങ്ങനെ അവധിക്കു അനുവാദം കിട്ടി.  ഇനി വിമാന ടിക്കറ്റ്.  ക്രെഡിറ് കാർഡ് ബില്ലിംഗ് തിയതി രാവിലെ തന്നെ കഴിഞ്ഞ മാസത്തെ ബിൽ തുക അറിയിച്ചു കൊണ്ടുള്ള  SMS മൊബൈലിൽ  വന്നു.  ഉടനെ തന്നെ ടിക്കറ്റിന് വേണ്ടി തിരയാൻ തുടങ്ങി.  പാതി രാത്രിയുള്ള ടിക്കറ്റിന് ഒരു ഭാഗത്തേക്ക് ചെലവ്  അല്പം കുറവും തിരികെയുള്ള യാത്രയ്ക്ക് ചെലവ് കൂടുതലും.   ടിക്കറ്റ് ബുക്ക് ചെയ്തു കണ്ടപ്പോൾ തന്നെ അത്യാവശ്യം വേണ്ട ചില സാധനങ്ങൾ വാങ്ങി സൂട്ട് കേസും  തയ്യാറായി.  

ഇതിനിടെയാണ് മൂത്ത മകന്റെ വിസ പുതുക്കുന്നതിന് തിയതി നോക്കുന്നത്.  ഇത് വരെയുണ്ടായിരുന്ന തിരക്കിനിടയിൽ അക്കാര്യം വിട്ടു പോയി.  URGENT ആയി തന്നെ മെഡിക്കൽ നടത്തുന്നു.  മെഡിക്കൽ ഫിറ്റ്നസ് റിസൾട്ട് വന്ന ദിവസം തന്നെ ആമിർ സെന്ററിൽ  (വിസ ടൈപ്പിംഗ് ചെയ്യുന്ന സ്ഥലം)  പോവുന്നു.  അത്യാവശ്യം എന്ന രീതിയിൽ തന്നെ അധിക തുക നൽകി ആനി ദിവസം തന്നെ വിസ പുതുക്കി കിട്ടി.

ഇനിയും രണ്ട് മൂന്നു ചടങ്ങുകൾ ബാക്കി.  കമ്പനിയിലേക്ക് വേണ്ട ചില സാധന സാമഗ്രികൾ DHL വഴി വരുന്നുണ്ട് എന്ന സന്ദേശം ലഭിച്ചു.   അത് എത്തി ചേർന്ന് കഴിഞ്ഞാൽ പാതി തലവേദന തീർന്നു ഇത്തിരി  സമാധാനം ലഭിക്കും.    ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സംഗതി കയ്യിൽ എത്തി.

ഔപചാരികമായിൽ എല്ലാ കടമ്പയും മറികടന്നു എന്നുറപ്പായപ്പോൾ സഹപാഠികൾ രണ്ട് പേരോട് മാത്രം വിവരം അറിയിച്ചു.

അടുത്ത ദിവസം ശിങ്കിടിമാരിൽ ഒരാൾ എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്തു.  മൂന്ന് പ്രവർത്തി ദിവസങ്ങൾക്കു ശേഷം കാണാം എന്ന് അയാളോട് പറഞ്ഞു, കക്ഷി തിരികെ ഓഫീസിലേക്കും പോയി.  അത്യാവശ്യം എല്ലാ യാത്രാ രേഖകളും  (കോവിഡ് കാലത്തെ യാത്രകൾ ഒരു യജ്‌ഞം തന്നെ) കയ്യിലുണ്ടായിരുന്ന കൊണ്ട് വിമാന കമ്പനി വക ചെക്കിങ് മാത്രം ഉണ്ടായിരുന്നു.  ഇമിഗ്രേഷനും പെട്ടെന്ന് തന്നെ നടന്നു.  

ഇനിയും രണ്ട് മൂന്ന് മണിക്കൂർ സമയം ഉണ്ട്.

എന്നത്തേയും പോലെ തന്നെ മനസമാധാനം നഷ്ടപ്പെടുത്തുക എന്നത് കസ്റ്റമറുടെ ബാധ്യതയും അവകാശവും ആയ ഒരു കാലത്തു മൊബൈൽ ഫോൺ നിര്ധടാതെ ചെയേൽക്കുന്നു.  കമ്പനി കരാറെടുത്തിട്ടിരിക്കുന്ന ഒരു സ്ഥാപനത്തിലെ ഒരു യന്ത്രം പണി മുടക്കിയിരിക്കുന്നു.   ഇനി ഇതിന്റെ തുടർ നടപടികൾ എടുക്കാതിരുന്നാൽ തൊഴിലുടമ ഇരിക്കപ്പൊറുതി തരില്ല.   ഉടനെ തന്നെ എയർ പോർട്ടിലെ ഫുഡ് കോർട്ടിലേക്ക് പോയി ലാപ്ടോപ്പ് നിവർത്തി മെയിലുകളുടെ ഒരു ശൃംഖല തയ്യാറാക്കി.  ശിങ്കിടിമാരിൽ ഒന്ന് രണ്ട് പേരെ വിളിച്ചു സ്റ്റാൻഡ്-ബൈ ആക്കി നിൽകാൻ നിർദേശിച്ചു.  അടുത്ത ദിവസം തന്നെ കസ്റ്റമറുടെ സ്ഥാപനത്തിൽ ചെല്ലാനുള്ള നടപടികൾ തുടങ്ങി.  ഫ്രീ സോണും പെട്രോ കെമിക്കൽ കോമ്പ്ലെക്സ് ഒക്കെ ആയതു കൊണ്ട് ഗേറ്റ് പാസ്സ് എടുക്കുന്നത് ദീർഘമായൊരു ചടങ്ങു ആണ് എന്ന് എല്ലാവര്ക്കും (കസ്റ്റമറിനും) അറിയാം.   പോകേണ്ടവർ വിളിച്ചു അവരുടെ ഒക്കെ ഐഡന്റിറ്റി കാർഡ് കോപ്പികൾ കസ്റ്റമറൈന് ഇ മെയിൽ അയച്ചു കൊടുത്തു.   ഇത്രയും ചെയ്തപ്പോൾ തന്നെ ഒന്നര മണിക്കൂർ ആയി.  പിന്നെയും ചില മെയിലുകൾക്കു മറുപടി നല്കാനുണ്ടായിരുന്നു.  ശേഷം ലാപ്ടോപ്പ് മടക്കി ബാഗിൽ വച്ചു.

വിമാനത്തിലേക്ക് കയറേണ്ട സമയം ആയതു കൊണ്ട് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.   വിമാനത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.  എമർജൻസി എക്സിറ്റിനു സമീപമുള്ള സീറ്റാണ് ലഭിച്ചത്.  അത് കൊണ്ട് ബാക്ക്-പാക്ക് സീറ്റിനടിയിൽ വയ്ക്കാൻ അനുവാദമില്ല.  പക്ഷെ കാൽക്കൽ നിവർത്തി വയ്ക്കാൻ വേണ്ടതിലധികം സ്ഥലമുണ്ട്.  അൽപ സമയത്തിന് ശേഷം വിമാനം പറന്നുയർന്നു.  രാത്രിയായപ്പോഴേക്കും കൊച്ചിയിലെത്തി.  പ്രീപെയ്ഡ് ടാക്സിയിൽ കയറി.  ഏതാണ്ട് എട്ടു മണിയോടെ വീട്ടിൽ എത്തി.  

ഷാർജയിലെ വീട്ടിൽ നിന്നും മെസ്സേജുകൾ വന്നു.  വീട്ടിൽ അമ്മയുടെ മുഖത്ത് ചെറിയൊരു സന്തോഷം കണ്ട്.  മുൻപ് പറഞ്ഞ സൗഭാഗ്യങ്ങളിലൊന്ന്.   കുടുംബത്തിലെ അടുത്ത തലമുറയിലെ ഏറ്റവും മുതിർന്ന കുട്ടി പതിവ് പോലെ അവളുടെ പഠനത്തിന്റെ തിരക്കിലായിരുന്നു.  ബിരുദാനന്തര ബിരുദ പഠനത്തിലാണ്.  മൊബൈൽ റീചാർജ് ചെയ്യുന്നതിന് വേണ്ടി WiFi കണക്ട് ചെയ്യാൻ അവളുടെ സഹായം വേണം.  WiFi പാസ്‌വേഡ് എല്ലാം നൽകിയ ശേഷം അവൾ തിരികെ അവളുടെ മുറിയിലേക്കും പോയി.  കൂടുതൽ വൈകാതെ എല്ലാവരും ഒന്നിച്ചു  ഭക്ഷണം കഴിച്ചു.  ഇന്ന് രാത്രീ ഞാൻ എത്തും എന്ന് അറിഞ്ഞു കൊണ്ട് അത്താഴം ഒന്നിച്ചു കഴിക്കാൻ കാത്തിരിക്കുകയായിരുന്നു അമ്മ.  "രാവിലെ അമ്പലത്തിൽ പോണം ട്ടോ " എന്ന് പറഞ്ഞു അമ്മ ഉറങ്ങുവാൻ പോയി.

പിന്നെ ഇത്തിരി നേരം ലാപ്ടോപ്പ് തുറന്നു വച്ച് രാവിലെ കണ്ട കസ്റ്റമർ വിഷയത്തിന്റെ സ്ഥിതി പരിശോധിച്ച്.  ശിങ്കിടികൾ നല്ല ഞെരിപ്പായിട്ടു കാര്യങ്ങൾ നീക്കിയിട്ടുണ്ട്.  ഭയം  ആണോ ഭവ്യതയാണോ  അതോ ആത്മാർഥത തന്നെയാണോ എന്ന് അതിശയം തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറുന്ന സഹപ്രവർത്തകരും.  എന്തായാലും കാര്യങ്ങൾ ശരിയായ വഴിക്കാണല്ലോ എന്ന് ആശ്വാസം.

പിന്നെ ഷാർജയിലെ വീട്ടിലേക്കു വീഡിയോ കോൾ വിളിക്കുന്നു.   

അടുത്ത ദിവസം രണ്ട് മൂന്ന് കാര്യങ്ങൾ ആണ് ചെയ്യാനുള്ളത്.

  • ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള  കണ്ണ് പരിശോധന നടത്തണം.
  • ചില ബാങ്ക് ഇടപാടുകൾ.
  • തുടർ വിദ്യാഭ്യാസ സംബന്ധമായ രേഖകൾ തപാലിൽ അയക്കണം.

രാവിലെ നടത്തം മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചു.  പിന്നെ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക്.  ഇത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും അനുഗ്രഹമെന്നു വിശ്വസിക്കുന്ന ശക്തി കേന്ദ്രം.  അദ്വൈതം എന്നോ, നിരീശ്വരവാദമെന്നോ, കമ്യൂണിസമെന്നോ എന്തൊക്കെ പ്രസംഗിച്ചാലും നമ്മുടേതല്ലാത്തൊരു ശക്തി പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണല്ലോ നാം ഇവിടെ ഈ നിമിഷം വരെ നിൽക്കുന്നത്  എന്ന് തിരിച്ചറിയുന്നത് ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ മാത്രമാണോ? 

അമ്മയുടെ പേരിൽ ചില വഴിപാടുകൾ നടത്തി പ്രസാദവും വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴേക്കും നമ്മുടെ സാരഥി രഥവും തയ്യാറാക്കി നിൽക്കുന്നുണ്ടായിരുന്നു.  പതിവിനു വിപരീതമായി അദ്ദേഹം പത്തു മിനിട്ടു നേരത്തെ തന്നെ എത്തിയിരുന്നു. 

ക്ഷണ നേരം കൊണ്ട് പ്രാതൽ കഴിച്ചു അടുത്ത നടപടികളിലേക്കു നീങ്ങി.

ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിൽ കണ്ണുകൾ പരിശോധിപ്പിക്കാൻ കയറി.  തരുണീമണികൾക്കു ഞാൻ കണ്ണട ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം.  വായിക്കുന്നതിനു ഇത് വരെ കണ്ണട  വേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞത് വിശ്വാസമായിട്ടില്ല.  അമ്പത് വയസാവുന്നതിനു മുൻപേ കണ്ണടകൾ സ്ഥിരമാക്കിയ ആൾക്കാർ കൂടുതലുള്ളപ്പോൾ എന്നെ പോലൊരുത്തൻ നുണ പറയുന്നതാണെങ്കിലോ ? 

തിരിച്ചും മറിച്ചും മലയാളവും ഇംഗ്ലീഷും ഒക്കെയായ ബോർഡുകൾ വായിപ്പിച്ചു ഒരു മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം സർട്ടിഫിക്കറ്റു തന്നു.  കൂടെ വേറൊരു ഉപദേശവും.  കൂടെ തന്നിരിക്കുന്ന കുറിപ്പും കൊണ്ട് താഴത്തെ നിലയിലുള്ള ഓപ്ടിക്കൽസിൽ ചെന്നാൽ കണ്ണട തിരഞ്ഞെടുക്കാം, 20% ഡിസ്‌കൗണ്ട് ഉണ്ട് എന്ന്!.  

പിന്നെ തിരികെ പോരുന്ന വഴി ബാങ്കിലേക്ക് കയറി.  അത്യാവശ്യം വേണ്ട പണം പിൻവലിച്ചു അവിടെ നിന്നും ഇറങ്ങി.  

പോസ്റ്റ് ഓഫീസ് തുറന്നിരിക്കുന്നത് കണ്ടപ്പോൾ അവിടേക്കു കയറി.  കയ്യിൽ കരുതിയിരുന്ന രേഖകൾ അടങ്ങിയ കവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി അയക്കണമായിരുന്നു.  അതിന്റെ പണം നൽകുമ്പോൾ അവിടത്തെ മേശമേൽ bottle-art ചെയ്ത കുപ്പികൾ കണ്ട്.  ആരാണ് അത് ചെയ്തത് എന്നറിയാൻ ഒരു കൗതുകം.  അവിടത്തെ ഒരു ഉദ്യോഗസ്ഥന്റെ മകൾ ആണ് കലാകാരി എന്ന് പറഞ്ഞു.

ഇത്രയും കൊണ്ട് ഒന്നാം ദിവസം പൂർണമാവുന്നു.  ഇനി കൂട്ടായ്മയുടെ ദിവസം ആണ് അടുത്തത്.  ആരുടെ കൂടെയാണ് പോകേണ്ടത്, ഏതു വാഹനത്തിലാണ് സെറ്റ് ഉള്ളത് എന്നൊക്കെ കൂട്ടുകാരുമായി സംസാരിച്ചു ഉറപ്പാക്കി.

പിറ്റേന്ന് രാവിലെ തന്നെ സൗഹൃദങ്ങൾ പുതുക്കുന്നതിന് ഊഷ്മളത നിറഞ്ഞ ഒരു ദിവസം.

എല്ലില്ലാതെ പത്താം ക്ലാസ് പാസ്സായ അമ്പതോളം പേരുടെ കൂട്ടായ്മ  കായലിനു നടുവിൽ വച്ച് അവരുടെ അമ്പതാം പിറന്നാൾ ആഘോഷിക്കുന്നു. 

അമ്പതാം വയസിലേക്കു കടക്കുന്നത് ഇനിയൊരിക്കലും ഉണ്ടാവുകയില്ലെന്നതും ഈ അസുലഭ മുഹൂർത്തങ്ങൾ ഇനി ആവർത്തിക്കില്ല എന്നും തിരിച്ചറിഞ്ഞ നിമിഷം ആലോചിച്ചത് ഒരേ ഒരു കാര്യം ആയിരുന്നു.  അവധി എടുക്കാൻ തീരുമാനിച്ചത് ഒരിക്കലും ഒരു നഷ്ടമേയല്ല എന്ന്

കഷ്ട നഷ്ടങ്ങൾക്കിടയിലൂടെ അതി സുന്ദരമായ മൂന്ന് നാല് ദിവസങ്ങൾ സമ്മാനിക്കാൻ ഈ സൗഹൃദ കൂട്ടായ്മയ്ക്ക് സാധിച്ചതിൽ അത്യധികം കൃതാർത്ഥനാണ്.

ഇതിലും ഭേദപ്പെട്ട പിറന്നാൾ സമ്മാനം വേറെ എന്ത്?.

ഔദ്യോഗിക രേഖകളിൽ അർദ്ധ ശതകം തികയ്ക്കുമ്പോൾ, 

എല്ലാവരോടും നന്ദിയോടെ, 

ഒത്തിരി സ്നേഹത്തോടെ.

---- പ്രതി ----

PrAThI --aka-- Pradeep


















*ശിങ്കിടി = വിശ്വസ്തനായ സഹ പ്രവർത്തകൻ

കഴിയുന്നതും വ്യക്തികളുടെ പേരുകൾ പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആരോടെങ്കിലും സാമ്യം തോന്നിയാൽ അത് യാദൃശ്ചികമല്ല!



ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം

 ഇന്നത്തെ സാഹചര്യത്തിൽ മാറ്റം അവിഭാജ്യമായ ഘടകം തന്നെ.  

ചരിത്രം നമ്മിലൂടെ ആവർത്തിച്ചേക്കാം അല്ലെ?  

തിൻമയ്‌ക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കാൻ സാധിച്ചാൽ അതിനെ പിന്തുണയ്ക്കാൻ മറ്റൊരാൾക്ക് ധൈര്യം വന്നേക്കാം.  മാറ്റത്തിന്റെ പുൽക്കൊടി പോലെ.  ഓരോ മനസിലും സ്നേഹത്തിന്റെ വിത്തുകൾ പാകുന്നത് വഴി നല്ല ചിന്തകൾക്ക് സാധ്യതയുണ്ട്.  എന്നെങ്കിലും ഒരിക്കൽ, അല്ല എന്നും നന്മയുണ്ടാവും.

വായനയ്ക്കും വാക്കുകൾക്കും നന്ദി.  സ്നേഹപൂർവ്വം.