യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.
സാമൂഹ്യ പുരോഗതിക്കു ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു ഏറ്റവും ഉപയോഗ്യമായ "യുവത" നേതൃത്വത്തിന് എപ്പോഴും ബാധ്യതയാണ്. ബാധ്യതകളെ ആസ്തികളായി മാറുമ്പോഴാണ് നേതൃത്വത്തിന്റെ ദിശാബോധം വ്യക്തമാകുന്നത്. ഇത് സമൂഹത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ ചവിട്ടുപടി ആവുകയും ചെയ്യുന്നു.
മാനുഷിക മൂല്യങ്ങളെ ആധാരമാക്കിയുള്ള വിദ്യാഭ്യാസവും പൗര ബോധവും ഉൾക്കാഴ്ചയുമുള്ള തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരിൽ മാതാ പിതാക്കളുടെ സ്ഥാനം പ്രാധാന്യമർഹിക്കുന്നു. വരും തലമുറയ്ക്ക് മാതൃകയായി പ്രവർത്തിക്കുന്ന സമൂഹത്തിനു ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നില്ക്കാൻ (ഒളിച്ചോടുവാൻ ) സാധിക്കില്ല.
മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉത്സാഹവും ഊർജ സ്വലവുമായ സമയം കൗമാരവും യൗവനവും തന്നെയാണ്. കൗമാരകാലത്തു സ്വായത്തമാക്കുന്ന കഴിവുകളെ രൂഢ മൂലമാക്കാൻ സാധിച്ചാൽ ഒരു വ്യക്തിയുടെ യൗവന കാലം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. അതിനു വേണ്ട പ്രധാന നടപടി ശരിയായ വിദ്യാഭ്യാസം നൽകുക എന്നതു തന്നെയാണ്.
നവ മാധ്യമങ്ങളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാണ്. അധ്യാപനം എന്ന ചുമതല "വിവരണം" എന്ന രീതിയിലേക്ക് വഴി മാറിയത് ഇക്കാലത്താണ്. വിദ്യാർത്ഥികൾക്ക് താല്പര്യാനുസരണം പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നു. എന്നാൽ ഇത് മൂലം യഥാർത്ഥത്തിൽ മൂല്യ ശോഷണമാണോ അതോ മൂല്യ വര്ധനവാണോ ഉണ്ടാവുന്നത് എന്ന് ആശങ്ക വർധിക്കുകയാണ്.
വിരൽത്തുമ്പുകളിൽ അവശ്യവും അനാവശ്യവും ആയ സൗകര്യങ്ങൾ ലഭിക്കുന്നതു വഴി വ്യക്തികൾ പ്രവർത്തന രഹിതമായ നിലയിലേക്ക് പോവുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും ഈ വക യന്ത്രങ്ങളും നിർമ്മിത ബുദ്ധിയും ചേർന്ന് നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാവുന്നു.
പല വിധം സമൂഹ മാധ്യമങ്ങൾ ഇങ്ങനെ മനുഷ്യ സ്വഭാവ സവിശേഷതകൾ പഠന വിധേയമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കൈവശമാക്കുന്നതോടൊപ്പം അവരുടെ സഞ്ചാര ശീലങ്ങളും ഉപഭോഗ വ്യവഹാരങ്ങളുടെ സമയക്രമമായ ശേഖരം സൃഷ്ടിക്കുന്നു.
മുന്കാലങ്ങളിൽ ചിട്ടയായ ശീലങ്ങൾ അനുവർത്തിക്കാൻ ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു. ഇങ്ങനെയുള്ള ഉപദേശങ്ങൾ സ്വാംശീകരിച്ചവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ വിജയിച്ചതായി കാണാം. ഇതേ രീതിയിൽ ജീവിതം ചിട്ടയായി ക്രമീകരിക്കുന്നതിന് നിന്നും ഗുരുക്കന്മാരോട് മുൻപ് വിസമ്മതിച്ച പലരും ഇന്ന് തങ്ങളുടെ വിരൽതുമ്പുകളിലെ യന്ത്രങ്ങൾക്കു കീഴടങ്ങി നിർമ്മിത ബുദ്ധിയുടെ അടിമയായി മാറിയിരിക്കുകയാണ്.
ഇതിലെന്താണ് പ്രതിവിധി ?
വായിച്ചു മനസിലായവർക്കു ചോദ്യങ്ങൾ കമന്റ് ചെ യ്യാം.