Monday, May 8, 2023

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

അദ്ധ്യായം ഒന്ന്.

ആഴ്ച പതിപ്പിലെ ഫലിത ബിന്ദുക്കൾ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആയ പദ പ്രശ്നങ്ങൾ നോക്കി തുടങ്ങിയപ്പോളേക്കും ഒരു വിളി കേട്ടു.  "ഡാ,  ഇന്ന് നീ പാലിന്റെ പൈസ വാങ്ങിച്ചാരുന്നോ?"

സാധാരണ സ്കൂളിൽ നിന്നും വരുന്ന വഴി പാല് കൊടുക്കുന്ന പാത്രവും അന്നത്തെ പാലിന്റെ പൈസയും വാങ്ങിയാണ്  വരാറുള്ളത്.  ഇന്ന് ആഴ്ചപ്പതിപ്പ് വന്നത് രാവിലെ പത്രങ്ങളുടെ കൂടെ തന്നെ കണ്ടത് ഓർത്തു ഓടി വരികയായിരുന്നു.  കടയിൽ നിന്നും പാൽ പാത്രവും പൈസയും വാങ്ങാൻ മറന്നു.
"ഇപ്പൊ മേടിച്ചോണ്ടു വരാം" എന്നു പറഞ്ഞു ഒറ്റ ഓട്ടം.  ഗേറ്റു കടന്നു മണ്  റോഡ് വഴി കയറ്റം കയറി ബസ് സ്റ്റോപ്പിനടുത്ത ചായക്കടയിൽ എത്തി.
കണ്ടയുടനെ അവിടെ ചായ അടിച്ചു കൊണ്ടിരുന്ന ചേട്ടൻ ചോദിച്ചു.
"ഇന്നെന്തു പറ്റി ?  സാധാരണ നീ മറക്കുന്നതല്ലല്ലോ ?"

ഒന്ന് പല്ലിളിച്ചു കാണിച്ച്‌, പാലിന്റെ പൈസയും പാത്രവും വാങ്ങി തിരികെ വീട്ടിലേക്കു ഓടി.  വീട്ടിലെത്തി പാത്രം അടുക്കളവശത്തു അരകല്ലിൻതറയിൽ വച്ച് പൈസ അമ്മയെ ഏൽപിച്ചു.  വൈകുന്നേര പലഹാരവുമെടുത്ത് ഉമ്മറത്തേക്ക് ചെന്നു.  ടീപ്പോയിൽ പത്രം കിടപ്പുണ്ടായിരുന്നു.  പത്രത്തിലെ കാർട്ടൂണൊക്കെ നോക്കി.  ആഴ്ചപ്പതിപ്പ് കണ്ടില്ല.  അകത്തെ മുറിയിൽ പോയി നോക്കിയപ്പോൾ കട്ടിലിനടുത്ത വട്ട മേശമേൽ അത് നടുവേ മടക്കി ഇട്ടിരിക്കുന്നതു കണ്ടു.  രാവിലെ മുതൽ ചികഞ്ഞാലോചിച്ചിട്ടും സംശയം മാറാതിരുന്ന ചോദ്യത്തിനുത്തരം ആഴ്ചപതിപ്പിലുണ്ടാവും. 
താളുകൾ പെട്ടന്നു മറിച്ചു നോക്കി.  കഴിഞ്ഞ ആഴ്ചയിലെ പദപ്രശ്ന മൽസരത്തിന്റെ ഉത്തരങ്ങൾ കൊടുത്തിട്ടുണ്ട്.  സംശയം തോന്നിയിരുന്ന ചോദ്യത്തിന്റെ അതിൽ കൊടുത്തിരിക്കുന്ന  ഉത്തരവും എഴുതി അയച്ചിരുന്ന ഉത്തരവും ഒന്നു തന്നെയെന്നു കണ്ടപ്പോൾ വളരെ സന്തോഷം.  ബാക്കി ഉത്തരങ്ങളും ശരിയായിരുന്നു, പക്ഷെ മൽസര വിജയികളുടെ പേരുകളെല്ലാം വേറെ ആൾക്കാരുടെത്. ഇതിനു മുമ്പൊക്കെ ഏതെങ്കിലും ഒന്നോ രണ്ടോ ഉത്തരങ്ങൾ തെറ്റിയതു കൊണ്ട് വിജയിച്ചില്ല എന്ന് സമാശ്വസിച്ചിരുന്നു.  ആരൊക്കെയാണ് വിജയികൾ എന്ന് വിശദമായിത്തന്നെ നോക്കി.  ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ആൾക്കാരുടെ പേരും മേൽവിലാസവുമടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സമ്മാനങ്ങൾ അവരുടെ മേൽവിലാസങ്ങളിൽ അയച്ചിട്ടുണ്ട് എന്നും വായിച്ചു.  ഇവിടെയും കിട്ടേണ്ട സമ്മാനങ്ങൾ നേടിയ ഭാഗ്യവാൻമാരുടെ പേരും വിലാസവും എഴുതി വയ്കുകയും ചെയ്തു.
ഇതിനു മുൻപത്തെ ആഴ്ചയിലെ മൽസരവിജയിയുടെ കത്ത് ആയിരുന്നു പിന്നെ കണ്ണിലുടക്കിയത്.  ആഴ്ച പതിപ്പില്‍ നിന്നും മറുപടി കിട്ടിയതും സമ്മാനം കൈപ്പറ്റിയതും ഒക്കെ ഒരു ചെറിയ ചതുരത്തിനുള്ളില്‍ കൊടുത്തിട്ടുണ്ട്.  ഓരോ ആഴ്ചയും സമ്മാനാര്‍ഹരുടെ  പേരും മുന്നാഴ്ച്ചകളിലെതില്‍ നിന്നും വ്യത്യസ്തമായിരുന്നു.  അതായത് ഒരു തവണ വിജയിച്ചവരുടെ പേരുകള്‍ പിന്നീട് വരാറില്ല.   പ്രസാധകർ  മനപൂര്‍വം ചെയ്യുന്നതായിരിക്കും. എന്തായാലും ഉത്തരങ്ങള്‍ എല്ലാം ശരിയായിട്ടും സമ്മാനം കിട്ടാത്തതില്‍ ചെറിയൊരു വിഷമം തോന്നി.  
അങ്ങനെ ഇരിക്കുമ്പോള്‍ ഈ സമ്മാനര്‍ഹര്‍ക്ക് ഒരു അനുമോദന കത്ത് എഴുതിയാലോ എന്ന് ഒരു വെളിപാട്.  പിന്നെ അകത്തു പോയി "ഇന്‍ലന്‍റ് " ഉണ്ടോ എന്ന് നോക്കി.  സാധാരണ അച്ഛന്‍ "ഇന്‍ലന്റ് " ഒരു  കെട്ട് ആയി വാങ്ങിച്ചു വയ്കുകയാണ്  പതിവ്.  അതില്‍ എത്ര എണ്ണം ഉണ്ട് എന്ന് പോലും ഇത് വരെ നോക്കിയിട്ടില്ല.  വല്ലപ്പോഴും അമ്മ വീട്ടിലേക്കു എഴുതുന്ന കൂട്ടത്തില്‍ ഒന്നോ രണ്ടോ വരികള്‍ എഴുതും  എന്നല്ലാതെ നമ്മള്‍ക്ക് അങ്ങനത്തെ ശീലങ്ങള്‍ ഒന്നും ഇല്ലാ.  അച്ഛന്റെ ഇന്‍ലന്‍റ്   കെട്ടില്‍ നിന്നും ഒരെണ്ണം എടുത്ത് വീണ്ടും  ഇറയത്തേക്ക്  പോയി.  "മൽസരിച്ചതിൽ ഒപ്പമെത്തിയെങ്കിലും  സമ്മാനത്തിളക്കമില്ലാതെ പോയത്തിലെ അസാധാരണത്വം"  കത്തിലെ വരികളിൽ ചേർന്നു.  കത്തിന് മറുപടി കിട്ടുമോ എന്നു നിശ്ചയമില്ലായിരുന്നു എങ്കിലും ഇന്‍ലണ്ടിന് പിൻവശം റോഡരുകിലെ ചായക്കടയുടെ വിലാസം  
എഴുതി ചേർത്തു.  അടുത്ത ദിവസം സ്കൂളില് പോകുന്ന വഴി പോസ്റ്റ് ഓഫീസ് ബോക്സില് അത് ഇടുകയും ചെയ്തു. 
പിന്നെയും സ്ഥിരം പരിപാടികൾ, പദ പ്രശ്നങ്ങള് പൂരിപ്പിക്കലും കിട്ടു മുയലിന് വഴി കാണിക്കുകയും കുത്തുകൾ യോജിപ്പിക്കലും ഒക്കെയായി ആഴ്ചകൾ കടന്നുപോയി.No comments: